വാരാണസി: രാമക്ഷേത്രത്തിനായുള്ള ആദ്യജനജാഗരണയാത്രയ്ക്കൊപ്പമുണ്ടായിരുന്ന ശ്രീരാമവിഗ്രഹം കാശിയിലെ മണികര്‍ണികാ ഘട്ടില്‍. 1984 ഒക്ടോബര്‍ 14ന് നേപ്പാളിലെ കാഠ്മണ്ഡു പശുപതിനാഥക്ഷേത്രത്തില്‍ നിന്നാണ് അയോധ്യയിലേക്ക് സംന്യാസിമാരുടെ നേതൃത്വത്തില്‍ യാത്ര സംഘടിപ്പിച്ചത്.
രഥത്തില്‍ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങളുമായിട്ടായിരുന്നു ഗ്രാമഗ്രാമങ്ങള്‍ സഞ്ചരിച്ച് യാത്ര അയോധ്യയിലെത്തിയത്. ആ വിഗ്രഹങ്ങളാണ് ഇപ്പോള്‍ കാശി മണികര്‍ണികാഘട്ടിലെ നൃസിംഹ മഠത്തില്‍ ആരാധിക്കുന്നത്. അന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷനായിരുന്ന അശോക് സിംഘാളിന്റെ നിര്‍ദേശപ്രകാരമാണ് നൃസിംഹ മഠത്തില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത്.
വിഎച്ച്പിയുടെ അന്നത്തെ സെക്രട്ടറി സുബേദാര്സിങ്, സംഘടനാ സെക്രട്ടറി സഞ്ജയ് കുമാര്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫസര്‍ ഭക്തിപുത്ര രോഹ്തം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷ്ഠ നടന്നത്. ധര്‍മ്മ ജാഗരണ ന്യാസ് അദ്ധ്യക്ഷന്‍ വിജയ് ചൗധരിയാണ് ഇപ്പോള്‍ നൃസിംഹ മഠത്തിന്റെ ചുമതല വഹിക്കുന്നത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം മണികര്‍ണികാ ഘട്ടില്‍ ശ്രീരാമയജ്ഞം നടക്കുമെന്ന് വിജയ് ചൗധരി പറയുന്നു. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ നിര്‍ദേശപ്രകാരമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: