ന്യൂദല്‍ഹി: ഐടി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവുമായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം. ഡീപ്ഫേക്കുകളുടെ വ്യാപനവുമായി ബന്ധപ്പെട്ട് വര്‍ധിച്ചുവരുന്ന ആശങ്കകളാണ് എല്ലാ ഡിജിറ്റല്‍ ഇടനിലക്കാര്‍ക്കും ഇത്തരമൊരു നിര്‍ദേശം നല്കാന് കാരണം. ഇന്റര്‍നെറ്റ് ഇടനിലക്കാരുമായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ നിര്‍ദേശം.
ഐടി നിയമങ്ങളിലെ അനുവദനീയമല്ലാത്ത ഉള്ളടക്കം, പ്രത്യേകിച്ചും റൂള്‍ 3(1)(ബി) പ്രകാരം വ്യക്തമാക്കിയിട്ടുള്ളവ, അതിന്റെ സേവന നിബന്ധനകളും ഉപയോക്തൃ കരാറുകളും ഉള്‍പ്പെടെ സംബന്ധിച്ച് വ്യക്തവും കൃത്യവുമായി ഉപയോക്താക്കളോട് ഇടനിലക്കാര്‍ ആശയവിനിമയം നടത്തിയിരിക്കണമെന്ന് നിര്‍ദേശത്തിലുണ്ട്. ആദ്യ രജിസ്ട്രേഷന് സമയത്തും പതിവ് ഓര്‍മ്മപ്പെടുത്തലുകളായി, പ്രത്യേകിച്ചും, ലോഗിന്‍ ചെയ്യുന്ന ഓരോ സന്ദര്‍ഭത്തിലും പ്ലാറ്റ്ഫോമിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോഴും അവ പങ്കിടുമ്പോഴും ഇത് ഉപയോക്താവിനെ വ്യക്തമായി അറിയിച്ചിക്കണം എന്നതാണ് നിര്‍ദ്ദേശത്തിന്റെ കാതല്‍. റൂള്‍ 3(1)(ബി) യുടെ ലംഘനങ്ങള്‍ ഉണ്ടായാല്‍ ഐപിസി, ഐടി ആക്ട് 2000 എന്നിവയുള്‍പ്പെടെയുള്ള ശിക്ഷാ വ്യവസ്ഥകളെക്കുറിച്ച് ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ടെന്ന് ഡിജിറ്റല്‍ ഇടനിലക്കാര്‍ ഉറപ്പാക്കണം.
ഐപിസി 1860, ഐടി ആകട്, 2000, ചട്ടം 3(1)(ബി) ലംഘനം ഉണ്ടായാല്‍ ബാധകമാവുന്ന മറ്റ് നിയമങ്ങള്‍ എന്നിവയുടെ വിവിധ ശിക്ഷാ വ്യവസ്ഥകളെക്കുറിച്ചും ഉപയോക്താക്കളെ ബോധവാന്മാരാക്കണം. കൂടാതെ, സേവന നിബന്ധനകളും ഉപയോക്തൃ കരാറുകളും സന്ദര്‍ഭത്തിന് ബാധകമായ പ്രസക്തമായ നിയമങ്ങള്‍ക്ക് കീഴിലുള്ള നിയമ ലംഘനങ്ങള്‍ നിയമ നിര്‍വഹണ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടനിലക്കാരും പ്ലാറ്റ്ഫോമുകളും ബാധ്യസ്ഥരാണ്. തെറ്റായ വിവരങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം, ഡീപ്ഫേക്കുകള്‍ ഉള്‍പ്പെടെയുള്ള ആള്‍മാറാട്ട വസ്തുക്കള്‍ എന്നിവ പ്ലാറ്റ്ഫോമുകള് തിരിച്ചറിയുകയും ഉടനടി നീക്കം ചെയ്യുകയും വേണം.
നിലവിലെ ഐടി നിയമങ്ങള്‍ ഡീപ്ഫേക്കുകളുടെ ഭീഷണിയെ സമഗ്രമായി നേരിടുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ആഴത്തിലുള്ള ഭീഷണിയാണ്. ഡീപ് ഫേക്കുകള്‍ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണി ഉയര്‍ത്തുന്നു. ഇന്റര്‍നെറ്റില്‍ നിരോധിക്കപ്പെട്ട 11 തരം തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച അവബോധം എല്ലാ സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ക്കും പ്ലാറ്റ്ഫോമുകള്‍ക്കും നല്‍കിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ചട്ടം 3(1)(ബി)(അഞ്ച്) വ്യക്തമായി വിലക്കുന്നു.
എല്ലാ ഇടനിലക്കാരും അവരുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് അത്തരം ഉള്ളടക്കം ഉടനടി നീക്കം ചെയ്യാന്‍ ജാഗ്രതപാലിക്കണം. റൂള്‍ 3(1)(ബി) യിലെ നിരോധിത ഉള്ളടക്കം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിക്കുകയോ അത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയോ റിപ്പോര്‍ട്ടുചെയ്യുകയോ ചെയ്താല്‍ നിയമപ്രകാരം നടപടിയുണ്ടാകും. ഇതുസംബന്ധിച്ച നിയമങ്ങള്‍ ഇന്റര്‍നെറ്റ് ഇടനിലക്കാര്‍ പാലിക്കുന്നുണ്ടോയെന്ന് ഐ ടി മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കും. ആവശ്യമെങ്കില്‍ ഐടി നിയമങ്ങളില്‍ കൂടുതല്‍ ഭേദഗതികള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: