ദേശീയ ഗുസ്തി ഫെഡറേഷനിലെ രാഷ്ട്രീയ കിടമത്സരം കായിക മത്സരത്തിന്റെ എല്ലാ അന്തസ്സും മാന്യതയും കളഞ്ഞുകുളിച്ച് വീണ്ടും തെരുവിലേക്ക് എത്തുമ്പോള്‍ അവിടെ എന്തു നടക്കുന്നു, എന്തു നടന്നു എന്ന് ഇനിയും പറയാതിരിക്കാന്‍ ആവില്ല. കാരണം കേരളത്തിലെ ചില ബിജെപി വിരുദ്ധ മാധ്യമങ്ങളും ഇടതുപക്ഷ അടിമകളായ മാധ്യമപ്രവര്‍ത്തകരും ഇതിനു നല്കുന്ന പ്രാധാന്യം കാണുമ്പോള്‍ സത്യം ഒരിക്കലും പുറത്തു വരില്ല എന്നതുകൊണ്ട് തന്നെയാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് വെക്കുന്നത്.
ഗുസ്തി ഫെഡറേഷനില്‍ പ്രശ്നം തുടങ്ങിയിട്ട് കാലം കുറച്ചായി. ഫെഡറേഷന്റെ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണെ തന്റെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്നാണ് നേരത്തെ സാക്ഷി മാലിക്, പീഡന ആരോപണം ഉന്നയിക്കും മുമ്പ് പറഞ്ഞിരുന്നത്. 2021ല്‍ സാക്ഷി മാലിക്കിന്റെ കല്യാണത്തിന് താലി എടുത്തു കൊടുത്തത് ബ്രിജ്ഭൂഷണായിരുന്നു. അദ്ദേഹം തന്റെ അച്ഛനെ പോലെയും ദൈവത്തെപ്പോലെയും ആണെന്നാണ് അന്ന് സാക്ഷിമാലിക് ആവര്‍ത്തിച്ചു പറഞ്ഞത്. 2023വരെ ഈ നിലപാട് അതേപടി തുടര്‍ന്നു. ഈവര്‍ഷം ആദ്യമാണ് ഈ നിലപാടില്‍ മാറ്റം വന്നതും ബ്രിജ്ഭൂഷണ് പീഡിപ്പിച്ചു എന്ന ആരോപണം ഉയര്‍ത്തിയതും. 2016 മുതല്‍ ബ്രിജ്ഭൂഷണ് പീഡിപ്പിച്ചു എന്നാണ് പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത്. എവിടെ വച്ചാണ് എന്ന ചോദ്യത്തിന് പലപല രാജ്യങ്ങളുടെ പേര് പറഞ്ഞു. പിന്നെ 2016എന്നത് 2018 ആയി മാറി. നാളിതുവരെ ബ്രിജ്ഭൂഷണെതിരെ പരാതി കൊടുക്കാന്‍ തയ്യാറായില്ല. 2016ലോ 2018ലോ പീഡിപ്പിച്ചയാള്‍ തന്റെ പിതാവും ദൈവവും ആണെന്ന് പറഞ്ഞിട്ട് അയാള്‍ താലി എടുത്തു കൊടുത്തപ്പോള്‍ എങ്ങനെയാണ് സാക്ഷി മാലിക്ക് മിണ്ടാതിരുന്നത്. ഇവിടെയാണ് ലൈംഗിക പീഡന പരാതിയുടെ രാഷ്ട്രീയം വ്യക്തമാകുന്നത്. ആദ്യം ഒരു വനിതാ ഫിസിയോ തെറാപ്പിസ്റ്റിനെ ബലാത്സംഗത്തിന് ഇരയാക്കി എന്ന ആരോപണം ഉയര്‍ത്തി. പക്ഷേ അവര്‍ ആ സംഭവം നിഷേധിച്ചു. 2015ലെ തുര്‍ക്കി സന്ദര്‍ശനത്തിനിടെ ബ്രിജ്ഭൂഷന് ഉപദ്രവിച്ചെന്നായിരുന്നു പിന്നത്തെ പരാതി. അന്വേഷണത്തില്‍ ബ്രിജ്ഭൂഷന് തുര്‍ക്കിയില്‍ പോയിട്ടില്ലെന്ന് കണ്ടെത്തി. അടുത്ത പരാതി 2016ല്‍ മംഗോളിയയില്‍ വെച്ച് ഉപദ്രവിക്കപ്പെട്ടു എന്നായിരുന്നു. മേരി കോമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇക്കാര്യം അന്വേഷിച്ചു. ബ്രിജ്ഭൂഷന് മത്സരം നടക്കുമ്പോഴോ പിന്നീടോ മംഗോളിയ സന്ദര്‍ശിച്ചിട്ടില്ല എന്നും കണ്ടെത്തി.
ഇതിനിടെയാണ് ജി20 യോഗങ്ങള്‍ നടക്കുന്നതിനിടെ ദല്‍ഹിയില്‍ ഗുസ്തി താരങ്ങളുടെ സത്യഗ്രഹവും സമരവും ആരംഭിക്കുന്നത്. ആയിരത്തോളം ഗുസ്തിതാരങ്ങളെ പീഡിപ്പിച്ചു എന്ന ആരോപണമാണ് അവര്‍ ഉയര്‍ത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയിലും എത്തി. കോടതി നിര്‍ദ്ദേശം അനുസരിച്ച് ബ്രിജ്ഭൂഷണ് എതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു. പക്ഷേ പരാതിക്കാര്‍ക്ക് ആര്‍ക്കും രേഖകളോ തെളിവോ മൊഴിയോ നല്കാന് കഴിഞ്ഞില്ല. ഇതിനിടെ പ്രായപൂര്‍ത്തി ആകാത്ത ഒരു പെണ്‍കുട്ടിയെയും പീഡിപ്പിച്ചതായും പരാതിയുണ്ടായിരുന്നു. അവസാനം സാക്ഷി മാലിക്കിനൊപ്പമുള്ളവര് നിര്‍ബന്ധിച്ചതുകൊണ്ട് പരാതി എഴുതിക്കൊടുത്തതാണെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും പുറത്തുവന്നു. ഇതിനിടെ മേരികോമും പി.ടി.ഉഷയും അടങ്ങിയ സമിതി ഇക്കാര്യങ്ങള്‍ അന്വേഷിച്ചു. സമിതി സമരക്കാരുടെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളി. സമരക്കാരെ കാണാന്‍ എത്തിയ പി.ടി .ഉഷയെ കയ്യേറ്റം ചെയ്യാനും ശ്രമം ഉണ്ടായി.
അതേസമയം തുക്കഡേ തുക്കഡേ ഇന്ത്യ മുദ്രാവാക്യക്കാരും പി.കെ.ശ്രീമതി അടക്കമുള്ള ഇടതുപക്ഷക്കാരും ജിഹാദികളും പിന്നെ കോണ്‍ഗ്രസ്സുകാരും സമരത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ഭാരതത്തിലെ മികച്ച കായികതാരമായിട്ടും അവഹേളനത്തിന് പി.ടി. ഉഷ ഇരയായി. കായികതാരങ്ങള്‍ക്കൊപ്പം നിന്നില്ല എന്നായിരുന്നു പ്രചാരണം. ഇന്ന് ഏറ്റവും വിദഗ്ധമായി ആര്‍ക്കെതിരെയും ഉപയോഗിക്കാവുന്ന ആയുധമായി സ്ത്രീപീഡനം മാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിരീക്ഷണം ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഭാഗത്തു നിന്ന് പലതവണ വരികയും ചെയ്തു. ബ്രിജ്ഭൂഷന് പീഡിപ്പിച്ചു എന്ന് ആരോപണമുയര്‍ത്തിയ വനിതാ കായിക താരങ്ങള്‍ എല്ലാവരും ഹരിയാന എന്ന ഒരേ ഒരു സംസ്ഥാനത്തുനിന്നുള്ളവരാണ്. ബ്രിജ്ഭൂഷണ് സ്ത്രീപീഡകന് ആണെങ്കില്‍ അതെന്തുകൊണ്ട് ഹരിയാനയില്‍ മാത്രമായി ഒതുങ്ങി എന്നിടത്താണ് പീഡന ആരോപണത്തിന്റെ രാഷ്ട്രീയം വ്യക്തമാകുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒരു ആരോപണം പോലും ഉയര്‍ന്നില്ല.
ദേശീയ ഗുസ്തി ഫെഡറേഷനില്‍ നേതൃസ്ഥാനത്തേക്കുള്ള ഗുസ്തിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട് ഹരിയാനയിലെ ജാട്ടുകളും ഉത്തരപ്രദേശിലെ യാദവരും രണ്ടു പക്ഷത്തായി നിന്ന് നേതൃസ്ഥാനത്തേക്ക് നടത്തിയ പോരാട്ടത്തിനും ഈ പശ്ചാത്തലം തന്നെയാണുള്ളത്. ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹൂഡയായിരുന്നു ഒരു ഭാഗത്ത്. മറുഭാഗത്ത് ഇപ്പോഴത്തെ ബ്രിജ്ഭൂഷന് തന്നെ. പക്ഷേ അന്ന് അദ്ദേഹം മുലയം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി നേതാവും എംപിയും ആയിരുന്നു. അന്ന് മന്‍മോഹന്‍സിംഗിനെ മുന്‍നിര്‍ത്തി മാഡം സോണിയ ഭരണം നടത്തുന്ന സമയമാണ്. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കിച്ചന് ക്യാബിനറ്റിലെ പ്രമുഖനായ അഹമ്മദ് പട്ടേലിനെ മുലയം സിംഗ് യാദവ് നേരിട്ട് കണ്ടു. അങ്ങനെയാണ് ഹൂഡയെ വെട്ടി ബ്രിജ്ഭൂഷണ് ദേശീയ പ്രസിഡന്റ്ആയത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകും മുമ്പ് ഉത്തര്‍പ്രദേശിന്റെ ചുമതല വഹിച്ചിരുന്ന അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ പല നേതാക്കളെയും ബിജെപിയിലേക്ക് കൊണ്ടുവന്നപ്പോള്‍ എസ്പി എംപി ആയ ബ്രിജ്ഭൂഷന് അവര്‍ക്കൊപ്പം ബിജെപിയിലേക്ക് വന്നു.
മറ്റെല്ലാ കായിക ദിനങ്ങളിലും എന്നപോലെ ഗുസ്തിയിലും കാലാനുസൃതമായ മാറ്റം വന്നു. ശുപാര്‍ശയ്ക്കും ബന്ധുബലത്തിനും പകരം വിജയം മാത്രം മാനദണ്ഡമായി. നേരത്തെ സീനിയര്‍ താരങ്ങള്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാതെ ഒളിമ്പിക്സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു. ഇത് അവസാനിപ്പിച്ചു. സീനിയര്‍ താരങ്ങള്‍ അടക്കം ദേശീയ ഗെയിംസിലും മത്സരങ്ങളിലും പങ്കെടുത്താല്‍ മാത്രമേ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാവൂ എന്ന ഉപാധി വന്നതോടെയാണ് സാക്ഷി മാലിക് അടക്കമുള്ളവര്‍ ബ്രിജ്ഭൂഷണ് എതിരെ തിരിയുന്നതും പ്രക്ഷോഭം ആരംഭിക്കുന്നതും. ബ്രിജ്ഭൂഷണ് ദേശീയ പ്രസിഡന്റ് ആയപ്പോള്‍ ഭൂപീന്ദര്‍ ഹൂഡ ഹരിയാന സംസ്ഥാന പ്രസിഡന്റായി. അസോസിയേഷനില്‍ ഉണ്ടായ അസ്വസ്ഥതകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സും ഹൂഡയുമാണ് എന്ന കാര്യം ദല്‍ഹിയില്‍ പരസ്യമായ രഹസ്യമാണ്.
സ്ത്രീ പീഡന ആരോപണങ്ങളില്‍ നിയമാനുസൃതമുള്ള പരാതി നല്‍കാനും തെളിവ് കൊടുക്കാനും വൈദ്യ പരിശോധനയ്ക്ക് വിധേയരാകാനുമുള്ള നിര്‍ദ്ദേശം സ്വീകരിക്കാതിരിക്കുകയും ഹരിയാനയില്‍ നിന്നു മാത്രമുള്ള താരങ്ങള്‍ പീഡനത്തിന് ഇരയായി എന്ന പരാതിയുടെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയും ചെയ്തതോടെ യോദ്ധ സിനിമയില്‍ ജഗതി പറഞ്ഞതുപോലെ കാവിലെ പാട്ടിന് കാണാമെന്നായിരുന്നു നിലപാട്. പുതിയ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കാണാമെന്ന ഈ നിലപാടിലാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ നിന്ന് ബ്രിജ്ഭൂഷണ് മാറി നിന്നെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയും അനുയായിയുമായ സഞ്ജയ് സിംഗ് ആയിരുന്നു സ്ഥാനാര്‍ത്ഥി. എതിര് സ്ഥാനാര്‍ഥിയായി വന്നത് 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായ അനിത ഷിയോറന് ആയിരുന്നു. അവര്‍ക്ക് 7 വോട്ട് മാത്രമാണ് ലഭിച്ചത്. സഞ്ജയ് സിംഗ് 40 വോട്ട് നേടി വിജയിച്ചു. ഫലം വന്നതിനുശേഷമാണ് സാക്ഷി മാലിക് കണ്ണീരോടെ പത്രസമ്മേളനം നടത്തിയതും ബൂട്ടഴിച്ചതും. ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ മത്സരഫലം അംഗീകരിക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കാനാണ് ഇവര്‍ ശ്രമിച്ചത്. ഒളിമ്പിക് ജേതാവും ദേശീയ ഗുസ്തി താരവുമായ ബജരംഗ് പൂനിയ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള വഴിയില്‍ ഉപേക്ഷിച്ചു ഇദ്ദേഹം കോണ്‍ഗ്രസുകാരനാണ് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. മാത്രമല്ല സാക്ഷി മാലിക്കും പുനിയയും ഈ നാടകീയ സംഭവങ്ങള്‍ക്ക് മുമ്പ് പ്രിയങ്ക ഗാന്ധിയെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു എന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്.
ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കറിനെ ജാട്ട് എന്ന പേരില്‍ ആക്ഷേപിച്ചതിനെ തുടര്‍ന്ന് ജാട്ട് ഭൂരിപക്ഷ മേഖലകളില്‍ കോണ്‍ഗ്രസിനെതിരെ ഉണ്ടായ വികാരം സന്തുലിതമാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന കൂടി ഇതിന്റെ പിന്നിലുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗുസ്തിക്കാരുടെ സമരത്തില്‍ കര്‍ഷക സമരത്തില്പ്പെട്ടവരും ഖാലിസ്ഥാന്‍ വാദികളും ദേശവിരുദ്ധ ആസാദി അര്‍ബന്‍ നക്സലുകളും കടന്നുവന്നതും ഈ ദൃഷ്ടിയില് തന്നെ കാണേണ്ടതാണ്. ഗുസ്തി ഫെഡറേഷനിലെ ഗുസ്തി വെറും ഗുസ്തി അല്ല, അതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും എതിരായ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. ആര്‍ക്കും എവിടെയും എപ്പോഴും ഉപയോഗിക്കാവുന്ന സ്ത്രീപീഡന ആയുധം എങ്ങനെയാണ് രാഷ്ട്രീയത്തില്‍, കായിക മേഖലയില്‍ ഉപയോഗിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തവും ഉണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ സത്യം ഭാരതം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടണം.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ ബൂട്ട് അഴിച്ച് രംഗം വിടുകയാണ് എന്ന് പറയുന്നതിന്റെ പിന്നിലെ സത്യം പുറത്തു കൊണ്ടുവരുന്നതിന് പകരം മൂകസാക്ഷി എന്ന് തലക്കെട്ട് കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അന്തസ്സുള്ള മാധ്യമപ്രവര്‍ത്തനമല്ല. വിദേശ ശക്തികളുടെ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനത്തിനും മതപരിവര്‍ത്തനത്തിനുമുള്ള പണം വരവ് നിന്നതും ഈ സമരക്കാരുമായി ബന്ധമുണ്ട് എന്ന ദേശീയ മാധ്യമങ്ങളിലെ സൂചനയും കാണാതിരിക്കാന്‍ ആവില്ല. എന്തായാലും ചത്രപതി ശിവജിയെ ഗുരു സ്ഥാനത്തുകാണുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം സ്ത്രീകള്‍ക്ക് എതിരെ ഉയരുന്ന ഒരു കൈകളെയും പൊറുക്കില്ല എന്ന കാര്യം ഉറപ്പിക്കാം.
ബ്രിജ് ഭൂഷണ് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷേ കായിക മേഖലയെ ചീഞ്ഞ രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: