ഇടതുമുന്നണിയുടെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ സമ്പൂര്‍ണമായ തകര്‍ച്ചയെ നേരിടുകയാണെന്ന യാഥാര്‍ത്ഥ്യത്തിനു തെളിവാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രം അവശേഷിക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയും, പലതവണ ടെണ്ടര്‍ വിളിച്ചിട്ടും പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ വിമുഖത കാട്ടുകയും ചെയ്യുകയാണ്. പണമില്ലാത്തതിനാല്‍ ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ബില്ലുകള്‍ മാറിക്കിട്ടാന്‍ കാലതാമസം നേരിടുന്നതും കരാറുകാരെ പിന്തിരിപ്പിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ ബില്ലുകളാണത്രേ പിടിച്ചുവച്ചിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികളെങ്കിലും നടത്താത്തതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ക്കു മുന്നില്‍ നാട്ടുകാരുടെ പരാതി പ്രളയമാണ്. നിലവിലെ ഭരണസമിതിയുടെ കാലാവധി രണ്ട് വര്‍ഷത്തിനകം അവസാനിക്കുമെന്നതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ ജനങ്ങളുമായി നേരിട്ടുബന്ധമുള്ള വാര്‍ഡ് മെമ്പര്‍മാരും മറ്റും ആശങ്കയിലാണ്. കൊവിഡ് പ്രതിസന്ധി തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കിയതോടെ തുടര്‍ച്ചയായി മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലും ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും കടലാസ്സിലൊതുങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് പണമില്ലാത്തതിന്റെ പ്രശ്നം തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷ നേതാക്കളും ചൂണ്ടിക്കാട്ടുമ്പോള്‍ അതൊക്കെ കണ്ണടച്ചു നിഷേധിക്കുന്ന രീതിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതേസമയം ക്ഷേമപെന്‍ഷനും മറ്റും മുടങ്ങി കോടതി കയറേണ്ടിവരുമ്പോള്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാരിനു തന്നെ ഒന്നിലധികം തവണ സമ്മതിക്കേണ്ടിയും വന്നു. ഇത് എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് എത്തുംപിടിയുമില്ല. കേന്ദ്രസര്‍ക്കാരിന്റെ ഉദാരമനോഭാവത്തെ ചൂഷണം ചെയ്തും, പരിധിലംഘിച്ച് കടമെടുക്കാനുള്ള അനുമതി സംഘടിപ്പിച്ചും ഭരണകാലാവധി തീരുന്നതുവരെ ഓരോ ദിനവും ഉന്തിനീക്കുകയെന്നതാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ തന്ത്രം. നികുതി പിരിച്ചും ചെലവു ചുരുക്കിയും ധൂര്‍ത്ത് ഒഴിവാക്കിയും റവന്യൂ വരുമാനം വര്‍ധിപ്പിക്കാനുള്ള യാതൊരുചിന്തയും സര്‍ക്കാരിനില്ല. ഇതിന് തെളിവായിരുന്നു മുപ്പത്തിയാറ് ദിവസം നീണ്ട നവകേരള സദസ്സുകള്‍. തീര്‍ത്തും അനാവശ്യവും പ്രചാരണമൂല്യം മാത്രമുള്ളതുമായ നവകേരള സദസ്സിനായി കോടികള്‍ ചെലവഴിച്ചതിനു പുറമെ, യാത്രയ്ക്ക് അകമ്പടി സേവിച്ച് ജനങ്ങളെ തല്ലിയൊതുക്കിയ പോലീസുകാര്‍ക്ക് പാരിതോഷികം നല്കാന് പോവുകയാണത്രേ. ഇതിനു ചെലവാക്കുന്നതും നികുതിപ്പണമായിരിക്കും. അധികാരമുള്ളതുകൊണ്ട് എന്തു ചെയ്താലും ആരും ചോദിക്കാനില്ലെന്ന ധാര്‍ഷ്ട്യമാണ് ഇത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. അധികാരത്തിലേറി ഏഴ് വര്‍ഷമായി തുടരുന്ന ഈ ധാര്‍ഷ്ട്യം അതിന്റെ പരമാവധിയിലെത്തിയിരിക്കുകയാണ്.
ഭരണനേട്ടങ്ങളെക്കുറിച്ച് നവകേരള സദസ്സുകളില്‍ മുഖ്യമന്ത്രിയും കൂട്ടാളികളും പറഞ്ഞുകൊണ്ടുനടന്നതൊക്കെ പച്ചക്കള്ളമാണ്. സമ്പദ്വ്യവസ്ഥ താറുമാറായതിനാല്‍ ജനജീവിതം അനുദിനം ദുഃസഹമായിക്കൊണ്ടിരിക്കുന്നു. പണമില്ലാത്തതിനാല്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍നിന്ന് ലഭ്യമായിരുന്ന നിത്യോപയോഗ സാധനങ്ങളെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. സാധനങ്ങള്‍ എത്തിക്കുന്നവര്‍ക്ക് നല്‍കാനുള്ളത് കോടിക്കണക്കിന് രൂപയാണ്. ഇതുമൂലം ക്രിസ്മസ് ചന്തയുടെ പ്രവര്‍ത്തനം ആകെ അലങ്കോലപ്പെട്ടു. സബ്സിഡി നിരക്കില്‍ നല്‍കുമെന്ന് പറഞ്ഞ സാധനങ്ങളില്‍ പകുതിപോലും ഉപഭോക്താക്കള്‍ക്ക് കിട്ടിയില്ല. ഭൂരിപക്ഷം ജില്ലകളിലും ക്രിസ്മസ്-പുതുവര്‍ഷ ചന്തകള്‍ക്ക് തുടക്കം കുറിക്കാന്‍പോലും കഴിയുന്നില്ല എന്നുവരുമ്പോള്‍ പ്രതിസന്ധിയുടെ ആഴം വ്യക്തമാണല്ലോ. ജനരോഷം ഭയന്ന് ചിലയിടങ്ങളില്‍നിന്ന് മേയറും എംഎല്‍എയുമൊക്കെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ മുങ്ങിയ സ്ഥിതിവരെയുണ്ടായി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നിടത്തോളം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍ പോകുന്നില്ല. ഭരണാധികാരികള്‍ക്ക് ഒന്നും നേരെയാക്കണമെന്ന ഉദ്ദേശ്യവുമില്ല. സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് പരസ്പരം മത്സരിച്ച് കള്ളം പറയുകയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ചെയ്യുന്നത്. സത്യാവസ്ഥയെക്കുറിച്ച് ആരായുന്ന കോടതിയുടെ നേര്‍ക്കുപോലും മുഖ്യമന്ത്രി കുതിരകേറുകയാണ്. പ്രശ്നപരിഹാരത്തിന് ഇനിയും രണ്ട് വര്‍ഷം കാത്തിരിക്കുകയെന്നത് അചിന്ത്യമാണ്. അപ്പോഴേക്കും സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിയും സാമ്പത്തിക തകര്‍ച്ചയും സമ്പൂര്‍ണമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: