ലോകത്തിനാകെ പ്രത്യാശ നല്കുന്ന ക്രിസ്മസ് രാവില്‍ കേരളത്തെ സങ്കടപ്പെടുത്തിക്കൊണ്ടാണ് ടി.എ. ജാഫര്‍ എന്ന മുന്‍കാല ഫുട്ബോളറും പരിശീലകനും കാല്പന്ത് കളിയിലെ മാര്‍ഗ്ഗ ദര്ശിയുമായ ടി.എ. ജാഫര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. ഇന്നേക്ക് അമ്പത് വര്‍ഷം മുമ്പ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോള്‍ വിജയഗോളിന് വഴിയൊരുക്കിയ ചരിത്രം തിളങ്ങി നിന്ന കാലുകളുടെ ഉടമയാണ് ആ ദിവസത്തിന്റെ സുവര്‍ണ ജൂബിലി തികയുന്നതിന് മൂന്ന് ദിവസം മുമ്പ് ഏവരുടെയും കണ്മുന്നില് നിന്ന് മാഞ്ഞുപോയിരിക്കുന്നത്.
1973 ഡിസംബര്‍ 27ന് കരുത്തരായ റെയില്‍വേസ് നേടിയ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തം വയ്ക്കാനായത്. കേരള നായകന് മണി നേടിയ ഹാട്രിക് ഗോളുകളില്‍ ചരിത്ര കിരീടം ഉറപ്പിച്ച മൂന്നാം ഗോളിന് വഴിയൊരുക്കിയത് ടി.എ. ജാഫര്‍ എന്ന മധ്യനിരക്കാരനായിരുന്നു. ജാഫറിന്റെ കാലില്‍ നിന്നും നല്കിയ പാസിനെ മണി എതിര് വല ലക്ഷ്യമാക്കി തൊടുക്കുകയായിരുന്നു. കേരള കാല്പന്ത് പ്രേമികളുടെ മനസ്സ് നിറച്ച ഈ ഗോളിന്റെ ഉടമ കാലങ്ങള്‍ക്ക് മുമ്പേ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ ടി.എ. ജാഫറും. ഇവര്‍ രണ്ട് പേരെയും കൂടാതെ അന്നത്തെ ടീമിലെ ഒമ്പത് താരങ്ങള്‍ ഇക്കാലത്തിനുള്ളില്‍ മരണപ്പെട്ടു. ഇക്കഴിഞ്ഞ പത്തിന് അന്നത്തെ ഫൈനല്‍ നടന്ന മഹാരാജാസ് കോളേജ് മൈതാനത്ത് ആ ടീമില്‍ ജീവിച്ചിരിക്കുന്നവര്‍ക്കായി ഒരുക്കിയ സ്വീകരണത്തിനെത്തിയവര് നൊമ്പരപ്പെട്ടതും തങ്ങള്‍ക്കിടയില്‍ നിന്നും വിട്ടുപോയവരെ ഓര്‍ത്തായിരുന്നു. ആദ്യ സന്തോഷ് ട്രോഫിയുടെ സുവര്‍ണ ജൂബിലിയായി ഡിസംബര്‍ 27 വന്നെത്തും മുമ്പേ കൂട്ടത്തില്‍ ഒരാള്‍ കൂടി ഓര്‍മ്മയാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
ഒരു സന്തോഷ് ട്രോഫി കൊണ്ട് തീരുന്നതല്ല. ടി.എ. ജാഫര്‍ എന്ന കൊച്ചിക്കാരന് ഫുട്ബോളറുടെ മഹിമ. കളിക്കാരനായി മികവ് കാട്ടിയ അദ്ദേഹം പില്ക്കാലത്ത് കേരള ടീമിന്റെ പരിശീലകനായി. രണ്ട് വട്ടം കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്തു. കളിക്കാരനും പരിശീലകനും അപ്പുറം ജാഫറിന് ജീവതം ഫുട്ബോള്‍ മാത്രമായിരുന്നു. ഫുട്ബോള്‍ സംബന്ധിച്ച് എന്തിനും ഏതിനും എക്കാലവും തയ്യാറായി നില്ക്കുന്ന ഓരാളായിരുന്നു ടി.എ. ജാഫര്‍. വരും കാലത്ത് കേരളത്തിന്റെ ഫുട്ബോളിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാകുമെന്ന് ഉറപ്പ്. പക്ഷെ ഇക്കഴിഞ്ഞ കാലഘട്ടങ്ങളില്‍ പരാധീനതകളും ബുദ്ധിമുട്ടുകളും നിറഞ്ഞ കേരള സാഹചര്യത്തെ മറികടന്ന് ഫുട്ബോള്‍ സംസ്കാരം പകര്ന്നുനല്കുന്നതില് ശുഭാബ്ദി വിശ്വാസത്തോടെ ജീവിതത്തില്‍ അടിമുടി നിലകൊണ്ട ടി.എ. ജാഫറിനെ പൊലൊരാള്‍, അത് ചൂണ്ടിക്കാട്ടാന്‍ ഏറെ പ്രയാസമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: