ശബരിമല: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വരുമാനത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ തീര്ത്ഥാടനകാലത്തേക്കാള് 18.67 കോടിയുടെ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിച്ച് 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 222.98 കോടി ആയിരുന്നു. ശബരിമലയില്‍ 31,43,163 പേരാണു ദര്‍ശനം നടത്തിയത്. കഴിഞ്ഞവര്‍ഷം 30 ലക്ഷം പേരാണ് ഇക്കാലയളവില്‍ ദര്‍ശനത്തിനെത്തിയത്.
കാണിക്കയിനത്തില്‍ 63.89 കോടിയും അരവണ വില്പനയില് 96.32 കോടിയും അപ്പം വില്പനയില് 12.38 കോടിയും ലഭിച്ചു. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്പോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.
തീര്‍ത്ഥാടകരെ വഴിയില്‍ അടക്കം തടഞ്ഞിട്ടുള്ള നിയന്ത്രണം വരുമാനം കുറയ്ക്കാന്‍ ഇടയാക്കിയെന്നുള്ള സംസാരവും ദേവസ്വം ബോര്‍ഡിലുണ്ട്. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാല്‍ പ്രശ്നങ്ങള്‍ പകുതി ഒഴിവാകുമെന്നും ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ പറയുന്നു. അതേസമയം പോലീസിന്റെ സഹായം ഇല്ലാതെ സുഖകരമായ തീര്‍ത്ഥാടനം സാധ്യമാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. മകരവിളക്ക് ഉത്സവകാലത്ത് തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: