ന്യൂദല്‍ഹി: ഹിന്ദിയേയും ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളെയും അവഹേളിച്ച ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരനെ ചൊല്ലി ഇന്‍ഡി സഖ്യത്തിലെ ഭിന്നത കടുത്തു. സഖ്യത്തിലിരുന്ന് ഇത്തരമൊരു നടപടി മോശമായെന്നാണ് ഇതരപാര്‍ട്ടി നേതാക്കളുടെ പ്രതികരണം.
മാരനെതിരെ ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് ചന്ദ്രിക യാദവ് കേസിന് ഒരുങ്ങുകയാണ്. 15 ദിവസത്തിനകം ദയാനിധി മാരന് മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കാണിച്ച് ചന്ദ്രിക നോട്ടീസ് അയച്ചു. ബിഹാറിലും ഉത്തര്‍പ്രദേശിലുമുള്ള ഹിന്ദി മാത്രം സംസാരിക്കുന്ന ആളുകള്‍ തമിഴ്നാട്ടില്‍ വന്ന് കക്കൂസുകള്‍ വൃത്തിയാക്കുന്ന ജോലിയാണ് ചെയ്യുന്നതെന്നായിരുന്നു ദയാനിധി മാരന്റെ പ്രസ്താവന.
മാരന്റെ പരാമര്‍ശം ബിഹാര്‍ സ്വദേശികളുടെ ആത്മാഭിമാനത്തിനും അന്തസിനും എതിരായ ആക്രമണമാണെന്ന് ചന്ദ്രിക യാദവ് പറഞ്ഞു. മാരന്റെ പ്രസ്താവനയെ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിമര്‍ശിച്ചിരുന്നു.
മാരന് കണ്ണുതുറന്ന് ചുറ്റും നോക്കിയാല്‍ തമിഴ്നാട്ടില്‍ തന്നെ അഭിമാനകരമായ പദവികള്‍ വഹിക്കുന്ന ബിഹാറികളെ കാണാനാകുമെന്നും ചന്ദ്രിക യാദവ് പറഞ്ഞു. അടുത്ത കാലം വരെ ബിഹാര്‍ സ്വദേശിയായിരുന്നു തമിഴ്നാട്ടില്‍ ഡിജിപി, ചന്ദ്രിക യാദവ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: