തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ബിരിയാണി വേണമെന്ന് വാദിച്ച മൊട്ട അരുണ്‍ എന്ന അരുണ്‍കുമാറിനെ തള്ളി പിണറായി സര്‍ക്കാര്‍. ഇക്കുറിയും സംസ്ഥാന യുവജനോത്സവത്തില്‍ വെജിറ്റേറിയന്‍ സദ്യയൊരുക്കാന്‍ പഴയിടം മോഹനൻ നമ്പൂതിരി എത്തുന്നു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന കലോത്സവത്തോടനുബന്ധിച്ച് നോൺവെജ് വിവാദമുണ്ടായതോടെ വരും വർഷങ്ങളിൽ കലോത്സവ വേദിയിൽ ഭക്ഷണമൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം നമ്പൂതിരി വ്യക്തമാക്കിയിരുന്നതാണ്. അന്ന് ഏറ്റവുമധികം നോണ്‍വെജിന് വേണ്ടി വാദിച്ചത് 24ന്യൂസ് റിപ്പോര്‍ട്ടറായിരുന്ന മൊട്ട അരുണ്‍ എന്ന ഡോ. അരുണ്‍കുമാറാണ് (ഇപ്പോള്‍ ഇദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിലാണ്). ഈ ചര്‍ച്ച പിന്നീട് പഴയിടത്തെ വ്യക്തിഹത്യ ചെയ്യുന്നതിലേക്ക് വരെ എത്തി. സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളും പഴയിടത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി. എന്നാല്‍ ഈ വര്‍ഷം പഴയിടത്തിന് സദ്യയൊരുക്കാന്‍ കരാര്‍ നല്‍കിയ പിണറായി സര്‍ക്കാരിന്റെ തീരുമാനത്തോട് ഇതുവരെ അരുണ്‍കുമാര്‍ പ്രതികരിച്ചിട്ടില്ല.
അന്ന് 24ന്യൂസിന്റെ ചീഫായ ശ്രീകണ്ഠന്‍ നായര്‍ പക്ഷെ കലോത്സവവേദികളില്‍ നോണ്‍-വെജ് ഭക്ഷണം വിളമ്പണമെന്ന അരുണ്‍കുമാറിന്റെ അഭിപ്രായത്തോട് വിയോജിച്ചിരുന്നു. ഈ വിവാദത്തെ തുടര്‍ന്ന് അരുണ്‍കുമാര്‍ ചാനല്‍ വിട്ട് പോവുകയും ചെയ്തു.
ഇത്തവണയും കലോത്സവവേദിയില്‍ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. കലോത്സവ സംഘാടക സമിതിയുടെ ആദ്യയോഗത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കലോത്സവത്തിൽ വിതരണം ചെയ്യൂ എന്ന് മന്ത്രി വി ശിവൻകുട്ടി നിലപാട് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പാചകത്തിനുള്ള ടെൻഡറിൽ പഴയിടം പങ്കെടുത്തുവെന്ന് മാത്രമല്ല, കുറഞ്ഞ തുക വാഗ്ദാനം ചെയ്ത അദ്ദേഹത്തിന് തന്നെ കരാര്‍ ലഭിക്കുകയും ചെയ്തു. കലോത്സവത്തിന് ഭക്ഷണമൊരുക്കാൻ മൂന്നു പേരാണ് ടെൻഡർ നൽകിയത്.
“താൻ ഉയര്‍ത്തിയിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. ജനുവരി 3ന് കൊല്ലത്ത് ആരംഭിക്കുന്ന കലോത്സവ കലവറയിൽ താൻ ഉണ്ടാകും.”- പഴയിടം മോഹനന്‍ നമ്പൂതിരി പ്രതികരിച്ചു. കഴിഞ്ഞ 16 വർഷമായി പഴയിടമാണ് സ്‌കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: