ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠക്കായി രാജ്യം ഒരുങ്ങുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ പ്രഖ്യാപനം ജനശ്രദ്ധ നേടുകയാണ്.
രാമക്ഷേത്രത്തിനായുള്ള പോരാട്ടത്തില്‍ ബലിദാനികളായ രാമഭക്തരുടെ സ്മരണയ്‌ക്കായി അയോധ്യയില്‍ സ്മാരകം നിര്‍മിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇവിടെ കോത്താരി സഹോദരന്മാര്‍ മുതല്‍ രാമക്ഷേത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഓരോ രാമഭക്തനും ആദരവ് നല്‍കുമെന്നും അദേഹം വ്യക്തമാക്കി.
1990ല്‍ അന്നത്തെ സമാജ്‌വാദി സര്‍ക്കാരിന്റെ കാലത്ത് രാമ ക്ഷേത്ര സമരത്തില്‍ കോത്താരി സഹോദരന്മാരായ ശ്രീറാം കോത്താരിയും ശരദ് കോത്താരിയും കൊല്ലപ്പെട്ടു. ഈ രണ്ട് യുവാക്കള്ളും പോലീസിന്റെ വെടിയേറ്റാണ് മരിച്ചത്. സര്‍ക്കാരിന്റെ അജന്‍ഡയില്‍ ലക്ഷക്കണക്കിന് രാമഭക്തര്‍ അയോധ്യയില്‍ ബലിദാനികളായി. ഇന്ന് ആ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കുന്ന അവസരമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ആ ദിവ്യാത്മാക്കള്‍ എവിടെയായിരുന്നാലും ഇന്ന് സന്തോഷിക്കുകയാകും. അവര്‍ ജീവന്‍ നല്‍കി നടത്തിയ പോരാട്ടത്തിന് ഇന്ന് ഫലം കാണുകയാണ്. രാമക്ഷേത്രം ഉയരുകയാണ്. അവരുടെ ദൃഢനിശ്ചയമാണ് രാമ ക്ഷേത്രം എന്ന സ്വപ്‌നം നടത്താന്‍ കാരണമായതെന്നും അദേഹം പറഞ്ഞു. അയോധ്യയിലെ ശ്രീറാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനൊപ്പം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
നഗരത്തിലേക്ക് പ്രവേശിക്കുന്നതിനായി നിര്‍മ്മിച്ച ആറ് പ്രവേശന കേന്ദ്രങ്ങളില്‍ ഗേറ്റ് സമുച്ചയങ്ങളും നിര്‍മ്മിക്കുന്നു. ഭക്തര്‍ക്ക് പലവിധ സൗകര്യങ്ങളും ഇവിടെ ലഭിക്കും. രാമനഗരമായ അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിലെ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ആയിരക്കണക്കിന് അതിഥികളുടെ സാന്നിധ്യത്തില്‍ 2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അത് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക