ശിശുവിന്റെ ജന്മശേഷം ആദ്യത്തെ സംസ്‌കാരം നാമകരണമാണെന്നു പറയുന്നു. കുട്ടി ജനിച്ചുകഴിഞ്ഞ് ഉടന്‍തന്നെ ജാതകര്‍മ്മം വിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇതു പ്രായോഗികമായി കാണുന്നില്ല.
ഈ സംസ്‌കാരം മുഖേന ശിശുവായി അവതരിച്ച ജീവാത്മാവിന് യജ്ഞമയമായ സാഹചര്യത്തിന്റെ ഗുണം ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ആത്മാവിനെ അതിന്റെ പൂര്‍വ്വസഞ്ചിത സംസ്‌കാരങ്ങളിലെ നികൃഷ്ടമായവയില്‍നിന്ന് മോചിപ്പിക്കുകയും അവയിലെ ഉല്‍കൃഷ്ടമായവയെ അനുമോദിക്കുകയുമാണ് ഇതുമുഖേന അഭിലഷിക്കുന്നത്.
നാമകരണസംസ്‌കാരസമയത്ത് കുട്ടിയുടെയുള്ളില്‍ ക്ഷേമപ്രദമായ പ്രവണതകളും ആകാംക്ഷകളും സ്ഥാപിക്കുകയും ഉണര്‍ത്തുകയും ചെയ്യാനുതകുന്ന സാഹചര്യം സൃഷ്ടിക്കണം. കുട്ടി ആണാണോ പെണ്ണാണോ എന്ന വ്യത്യസ്തഭാവത്തിനു സ്ഥാനം നല്‍കരുത്. ഭാരതീയസംസ്‌കാരത്തില്‍ ഇപ്രകാരമുള്ള ഭേദഭാവം ഒരിടത്തും കല്പിച്ചിട്ടില്ല.
സല്‍ഗുണവതിയായ പുത്രി പത്തു പുത്രന്മാര്‍ക്കു തുല്യമാണെന്നാണ് പറഞ്ഞിരിക്കുന്നത് ‘ദശപുത്രസമാ കന്യാ, യസ്യ ശീലവതീ സുതാഃ’. നേരെ മറിച്ച് ആണ്‍കുട്ടിയായാല്‍ത്തന്നെയും കുലധര്‍മ്മത്തെ നശിപ്പിക്കുന്നവനായേക്കാം. അതിനാല്‍ പുത്രനായാലും പുത്രിയായാലും അതിന്റെ ഉള്ളിലെ അനാശാസ്യമായ സംസ്‌കാരങ്ങളെ പരിമാര്‍ജ്ജനം ചെയ്തു ഉല്‍കൃഷ്ടമാര്‍ഗ്ഗം അവലംബിക്കാനുള്ള പ്രേരണയുദിക്കാനായി സംസ്‌കാരവിധി ചെയ്യിക്കേണ്ടത് ആവശ്യമാണ്. ഈ സംസ്‌കാരം ചെയ്യിക്കുന്ന സമയത്ത് കുട്ടിയുടെ രക്ഷകര്‍ത്താക്കളുടേയും സന്നിഹിതരായ വ്യക്തികളുടേയും മനസ്സില്‍ കുട്ടികള്‍ക്കു ജന്മം നല്‍കുന്നതുകൂടാതെ അവരില്‍ ശ്രേഷ്ഠമായ വ്യക്തിത്വം വളര്‍ത്തേണ്ടതിന്റെ മഹത്വത്തെപ്പറ്റി ബോധമുളവാക്കുന്നു. ഭാവാത്മകമായ അന്തരീക്ഷത്തില്‍ ലഭിക്കുന്ന പ്രേരണ പ്രാവര്‍ത്തികമാക്കാന്‍ ഉത്സാഹവും ഉളവാകുന്നു.
സാധാരണയായി ഈ സംസ്‌കാരം കുട്ടി ജനിച്ച് പത്താമത്തെ ദിവസമാണ് ചെയ്യുന്നത്. അന്ന് ജന്മസൂതികാ നിവാരണവും ശുദ്ധീകരണവും നടത്തുന്നു. ശിശുവിനേയും മാതാവിനേയും കുളിപ്പിച്ചു വൃത്തിയുള്ള വസ്ത്രം ധരിപ്പിക്കണം. അതിനോടൊപ്പം യജ്ഞത്തിന്റെയും സംസ്‌കാരകര്‍മ്മത്തിന്റെയും നിര്‍വ്വഹണം അന്തരീക്ഷത്തില്‍ ദിവ്യത്വം പകര്‍ന്ന് അഭീഷ്ടമായ ഉദ്ദിഷ്ടം പൂര്‍ത്തീകരിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ പത്താമത്തെ ദിവസം നാമകരണ സംസ്‌കാരം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍, അതിനുശേഷം മറ്റേതെങ്കിലും ദിവസം ഇതു നടത്തുക.(28 ാം ദിവസത്തെചടങ്ങ് നാമകരണ സംസ്‌കാരമായി ചെയ്യാം). വീട്ടിലോ, പ്രജ്ഞാപീഠങ്ങളിലോ, യജ്ഞസ്ഥലങ്ങളിലോവെച്ച് ഈ സംസ്‌കാരം നടത്തുന്നത് നല്ലതാണ്.
വിശേഷാല്‍ വ്യവസ്ഥ
യജ്ഞപൂജനത്തിന്റെ സാധാരണ വ്യവസ്ഥയോടൊപ്പം നാമകരണസംസ്‌കാരത്തിനായി താഴെ പറയുന്ന വിശേഷാല്‍ വ്യവസ്ഥകള്‍കൂടി ചെയ്തിരിക്കണം:
1.പത്താമത്തെ ദിവസം വീട്ടില്‍വെച്ചാണ് നാമകരണസംസ്‌കാരം നടത്തുന്നതെങ്കില്‍ ശുചിത്വസംബന്ധമായ കാര്യങ്ങളെല്ലാം സമയത്തിനുമുമ്പായി ചെയ്തിരിക്കണം. കുട്ടിയേയും മാതാവിനേയും ഇതിനായി സമയമാകുമ്പോഴേയ്‌ക്കും തയ്യാറാക്കുക.
2. അഭിഷേകം ചെയ്യുന്നതിനായി ഇലകള്‍ (മാവില) വച്ച കലശത്തിന്റെ കഴുത്തില്‍ ചരടുകെട്ടി അതിന്മേല്‍ ഓം, സ്വസ്തിക് മുതലായ ശുഭചിഹ്നങ്ങള്‍ എഴുതി തയ്യാറാക്കിവയ്‌ക്കുക.
3.ശിശുവിന്റെ അരയില്‍ കെട്ടുന്നതിനുവേണ്ടി പരുത്തിനൂലോ, പട്ടുനൂലോ കൊണ്ടുള്ള ചരട് കരുതിവെയ്‌ക്കണം. അതില്ലെങ്കില്‍ പൂജയ്‌ക്കുപയോഗിക്കുന്ന നൂലുകൊണ്ടുള്ള ചരട് ഉണ്ടാക്കിവെക്കുക.
4.മധുപ്രാശനത്തിനുവേണ്ടി തേനും വെള്ളികൊണ്ടുള്ള സ്പൂണും കരുതിവയ്‌ക്കുക. വെള്ളികൊണ്ടുള്ള സ്പൂണ്‍ ഇല്ലെങ്കില്‍ വെള്ളിയുടെ മോതിരമോ സ്റ്റീല്‍സ്പൂണോ ഉപയോഗിക്കാം.
5.സംസ്‌കാരത്തിനായി കുട്ടിയെയുംകൊണ്ട് മാതാവിരിക്കുന്ന സ്ഥലത്ത് വേദിക്കു സമീപമായി അല്പം സ്ഥലം വൃത്തിയാക്കി, അവിടെ സ്വസ്തികചിഹ്നം എഴുതുക. ഈ സ്ഥലത്താണ് കുട്ടിയെ ഭൂമിസ്പര്‍ശനം ചെയ്യിക്കുന്നത്.
6.പേര് പ്രഖ്യാപിക്കുന്നതിനുവേണ്ടി തളികയോ സുന്ദരമായ സ്ലേറ്റോ ഉണ്ടായിരിക്കണം. അതിന്മേല്‍ കുട്ടിക്ക് ഇടാന്‍ പോകുന്ന പേര് ഭംഗിയായി എഴുതിവയ്‌ക്കുക. ചന്ദനംകൊണ്ടോ കുങ്കുമം കൊണ്ടോ പേരെഴുതി അക്ഷരങ്ങളുടെ മേല്‍ അരിയും പുഷ്പങ്ങളുടെ അല്ലികളും ഒട്ടിച്ചും ചവ്വരി അല്പം വേവിച്ചും അതില്‍ നിറങ്ങള്‍ ചേര്‍ത്ത് അക്ഷരങ്ങളുടെ മേല്‍ ഒട്ടിച്ചും, സ്ലേറ്റിലോ പലകയിലോ നിറമുള്ള ചോക്കുകൊണ്ട് പേരെഴുതിയും ഇതു ഭംഗിയായി ചെയ്യാം. പേരെഴുതിയ തളികയോ ട്രേയോ സ്ലേറ്റോ പലകയോ എന്തായാലും അത് പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ച് അതിന്മേല്‍ വൃത്തിയുള്ള തുണിയിട്ട് മൂടിവെയ്‌ക്കുക. പേരു പ്രഖ്യാപിക്കുന്ന സമയത്ത് അത് അനാവരണം ചെയ്യുക.
7.വിശേഷാല്‍ ആഹുതിക്കുവേണ്ടി പായസമോ, മധുരപദാര്‍ത്ഥമോ, ഉണക്കഫലങ്ങളോ (കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരിങ്ങ, ബദാംപരിപ്പ് മുതലായവ) ഹോമദ്രവ്യത്തില്‍ ചേര്‍ത്ത് ആഹുതി നല്‍കാന്‍വേണ്ടി കരുതിവെയ്‌ക്കുക.
8.ശിശുവിനെ മാതാവ് മടിയില്‍ വയ്‌ക്കുക. ഭര്‍ത്താവ് അവരുടെ ഇടതുവശത്ത് ഇരിക്കുക. ശിശു ഉറങ്ങുകയോ ശാന്തമായിരിക്കുകയോ ആണെങ്കില്‍ മാതാവിന്റെ മടിയില്‍ത്തന്നെ ഇരിക്കട്ടെ. അല്ലാത്തപക്ഷം മറ്റാരെങ്കിലും കുഞ്ഞിനെ സംരക്ഷിക്കട്ടെ. വിശേഷാല്‍ കര്‍മ്മകാണ്ഡസമയത്ത് അവിടെ എത്തിച്ചാല്‍ മതി.
നിര്‍ദ്ദിഷ്ടക്രമപ്രകാരം മംഗളാചരണം, ഷട്കര്‍മ്മം, സങ്കല്പം, യജ്ഞോപവീതപരിവര്‍ത്തനം, സൂത്രബന്ധനം, ചന്ദന ധാരണം എന്നിവയും രക്ഷാവിധാനം വരെയുള്ള ക്രിയകളും ചെയ്തശേഷം വിശേഷാല്‍ കര്‍മ്മകാണ്ഡം ആരംഭിക്കുക.
(ഗായത്രി പരിവാറിന്റെ ആത്മീയ പ്രസിദ്ധീകരണങ്ങളില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക