കോട്ടയം: എരുമേലിയില്‍ ഇന്നലെയും അയ്യപ്പഭക്തരെയും അവരത്തിയ വാഹനങ്ങളും മണിക്കൂറുകളോളം പോലീസ് തടഞ്ഞു. അകാരണമായി തങ്ങളെ പിടിച്ചിട്ടതില്‍ അക്ഷമരായ അയ്യപ്പഭക്തര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയതോടെ അവരെ നേരിടാന്‍ ബലപ്രയോഗവുമായി പോലീസ്.
സന്നിധാനത്തേക്ക് പോകാനെത്തിയ അയ്യപ്പഭക്തര്‍ക്ക് വൈകുന്നേരമായിട്ടും പോകാന്‍ കഴിയാതെ വന്നതോടെയാണ് ശരണം വിളികളുമായി റോഡില്‍ പ്രതിഷേധം അറിയിച്ചത്. ഇതോടെ പോലീസ് അയ്യപ്പഭക്തരെ പിടിച്ച് തള്ളുകയും മറ്റും ചെയ്തത് പ്രതിഷേധത്തിന് കാരണമായി. കഴിഞ്ഞ ദിവസത്തെ അതേ നയമാണ് പോലീസ് ഇന്നലെയും കൈക്കൊണ്ടത്. ഇത് കണ്ട കൂടുതല്‍ അയ്യപ്പന്മാര് പോലീസിനെതിരെ എത്തുകയായിരുന്നു.
തിരക്കിന്റെ പേരില്‍ നടുറോഡില്‍ പിടിച്ചിടുന്ന വാഹനങ്ങളിലെ അയ്യപ്പന്മാര് കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ പെരുവഴിയില്‍ കഴിയുകയാണ്. രാത്രി വൈകി എരുമേലിയിലേക്ക് കൂടുതല്‍ പോലീസിനെ എത്തിച്ചിട്ടുണ്ട്. അയ്യപ്പന്മരുടെ പ്രതിഷേധം തുടരുകയാണ്. അയ്യപ്പ സേവാ സമാജത്തിന്റെയും മറ്റും ഇടപെടലും ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടെ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് എരുമേലി ക്ഷേത്ര പരിസരത്ത് ഒരുക്കിയ വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് സംവിധാനം നിര്‍ത്തി.തീര്‍ഥാടകരുടെ തിരക്കേറിയതോടെ പൊന്‍കുന്നം ഗവ. ഹൈസ്കൂള്‍ മൈതാനത്ത് വാഹനങ്ങള്‍ പിടിച്ചിട്ടു. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള സ്വാമിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ച് ശരണംവിളിയുമായി റോഡില്‍ തടിച്ചുകൂടി. പോലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
തിരക്ക് പരിഗണിച്ച് ഞായറാഴ്ച രാത്രി ഏഴരയോടെയാണ് വാഹനങ്ങള്‍ തടഞ്ഞ് സ്കൂള്‍ മൈതാനത്തേക്ക് കയറ്റിയത്. ഇളങ്ങുളം ക്ഷേത്ര മൈതാനത്തും പോലീസ്, അയ്യപ്പന്മാരുടെ വാഹനങ്ങള്‍ പിടിച്ചിട്ടു. പൊന്‍കുന്നത്ത് തീര്‍ഥാടക വാഹനങ്ങള്‍ പോലീസ് തടഞ്ഞിട്ടതോടെ ഗത്യന്തരമില്ലാതെ സ്വാമിമാര്‍ ദേശീയപാത ഉപരോധിച്ചു. ഇതോടെ ഗതാഗതവും സ്തംഭിച്ചു. എരുമേലിയില്‍ സെ. തോമസ് സ്കൂള്‍ ജങ്ഷന്, വാവര് പാര്‍ക്കിങ്, ദേവസ്വം ബോര്‍ഡിന്റെ മൂന്ന് പാര്‍ക്കിങ് സ്ഥലങ്ങള്‍, പോലീസ് സ്റ്റേഷന് സമീപമുള്ള അഞ്ച് പാര്‍ക്കിങ്, കെഎസ്ആര് ടിസിക്ക് സമീപമുള്ള പാര്‍ക്കിങ്, കണ്ണങ്കര, ഇതിന് സമീപമുള്ള മറ്റൊരു പാര്‍ക്കിങ്, എംഇഎസ്, ചരള അടക്കം 21 സ്ഥലങ്ങളിലാണ് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: