മുംബൈ: വിഖ്യാതമായ വാംഖഡെയിലെ പിച്ചില്‍ ഓസ്ട്രേലിയയുടെ അഞ്ച് വിക്കറ്റ് 28 റണ്‍സില്‍ എറിഞ്ഞിട്ട് ഭാരതം ക്രിക്കറ്റില്‍ പുതു ചരിത്രം കുറിച്ചു. ഭാരത വനിതകള്‍ ഓസ്ട്രേലിയയെ ആദ്യമായി ടെസ്റ്റില്‍ തോല്‍പ്പിച്ചത് എട്ട് വിക്കറ്റിന്. ഭാരത പര്യടനത്തിനെത്തിയ ഓസ്ട്രേലിയയ്ക്കെതിരായ ഏകടെസ്റ്റ് മത്സരജയത്തിലൂടെ ഹര്‍മന്‍പ്രീത് കൗറും കൂട്ടരും കിരീടം സ്വന്തമാക്കി.
സ്കോര്‍: ഓസ്ട്രേലിയ- 219, 261/10(105.4); ഭാരതം- 406, 75/2(18.4)
ഇന്നലെ വാംഖഡെയിലെ ക്രീസിലെത്തുമ്പോള്‍ ഓസ്ട്രേലിയന്‍ വനിതളുടെ ലക്ഷ്യം ഭാരതത്തിനെതിരെ തലേന്ന് നേടിയ 46 റണ്‍സ് ലീഡ് 200ന് മുകളിലേക്ക് ഉയര്‍ത്തുക എന്നതായിരുന്നു. പക്ഷെ ഹര്‍മന്‍പ്രീത് കൗറും കൂട്ടരും അതിനേക്കാള്‍ വിദഗ്ധമായ പദ്ധതികളുമായാണ് ക്രീസിന് ചുറ്റും അണനിനിരന്നത്. വെറും മൂന്ന് മണിക്കൂര്‍ 15 മിനിറ്റില്‍ ഭാരത ക്യാമ്പ് ആസുത്രണം കൃത്യമായി നടപ്പിലാക്കി.
അഞ്ച് വിക്കറ്റിന് 233 റണ്‍സുമായി ഓസീസ് ഇന്നലെ ബാറ്റ് ചെയ്യാന്‍ തുടങ്ങി. ഒരുവശത്ത് തരക്കേടില്ലാത്ത നിലയില്‍ അന്നാബെല്‍ സതര്‍ലാന്‍ഡ് മറുവശത്ത് ഓസീസ് നിരയിലെ ബൗളിങ് ഹീറോ ആഷ്ലീ ഗാര്‍ഡ്നര്‍. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ പൂജ വസ്ത്രാകാറിലൂടെ ഭാരതത്തിന്റെ ആസുത്രണം ഫലിച്ചുതുടങ്ങി. പൂജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി ഗാര്‍ഡ്നര്‍ ഒമ്പത് റണ്ണുമായി പുറത്തേക്ക് നടന്നു. എട്ടാം നമ്പര്‍ താരമായി ക്രീസിലെത്തിയ ജെസ് ജോനാസെനിനെ കൂട്ടുപിടിച്ച് സതര്‍ലാന്‍ഡ് പൊരുതിനോക്കി. സ്നേഹ് റാണയുടെ പന്തില്‍ ഓസീസിന്റെ പ്രതീക്ഷാജനകമായ വിക്കറ്റും വീണു. യാസ്തിക ഭാട്ടിയയ്ക്ക് ക്യാച്ച് നല്കി സതര്‍ലാന്‍ഡ്(28) പുറത്തേക്ക്. സ്നേഹിന്റെ ബ്രേക്ക് ത്രൂവില്‍ ഭാരതത്തിന് ചരിത്രത്തിലെക്കുള്ള വഴിയാണ് തെളിഞ്ഞുകിട്ടിയത്. സതര്‍ലന്‍ഡിന് പിന്നാലെ എത്തിയ അലാനാ കിങ്ങിനെ തൊട്ടടുത്ത പന്തില്‍ തന്നെ നിലംതൊടീക്കാതെ സ്നേഹ് റാണ ക്ലീന്‍ ബൗള്‍ഡാക്കി. ഭാരതം വിജയം മുന്നില്‍ കണ്ടു. പിന്നെ ശേഷിച്ച രണ്ട് വിക്കറ്റുകളുടെ ചടങ്ങുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സമയം ഓസീസ് എത്തിനിന്നത് 251 റണ്‍സില്‍. അടുത്ത രണ്ട് വിക്കറ്റ് സ്വന്തമാക്കി രാജേശ്വരി ഗെയ്ക്ക്വാദ് ഓസ്ട്രേലിയന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. നാലാം ദിനം 15.4 ഓവറില്‍ ദിവസത്തെ മൊത്തം സ്കോര്‍ 28 റണ്സെത്തുമ്പോഴേക്കു ഓസീസ് ഭാരതത്തിന് മുന്നില്‍ ഒടുങ്ങി. ആതിഥേയര്‍ക്ക് മുന്നില്‍ വെറും 75 റണ്‍സിന്റെ ലക്ഷ്യം.
കുറഞ്ഞ സ്കോറിലേക്ക് ബാറ്റെടുത്ത ഭാരതത്തിന് ഷഫാലി വര്‍മയെയും(നാല്) റിച്ച ഘോഷിനെ(13)യും നഷ്ടപ്പെട്ടു. സ്മൃതി മന്ദാന ആറ് ഫോറുകളുടെ അകമ്പടിയില്‍ പുറത്താകാതെ 38 റണ്‍സുമായി ടീമിനെ ചരിത്രത്തിലേക്ക് നയിച്ചു. നാലാമതായി ക്രിസിലെത്തിയ ജെമീമ റോഡ്രിഗസ് 12 റണ്‍സ് സംഭാവന ചെയ്ത് കൂടെ നിന്നു. 18.4-ാം ഓവറില്‍ ജെസ്സ് ജോനാസെനിന്റെ തലയ്ക്ക് മുകളിലൂടെ സ്മൃതി ഉയര്ത്തിയടിച്ചുവിട്ട പന്ത് അതിര്ത്തിവരയിലെത്തി, ഭാരത വിജയം സ്ഥിരീകരിക്കപ്പെട്ടു.
വമ്പന്‍ ടീമിനെതിരെ രണ്ടാഴ്ച്ചയ്ക്കിടെ ഭാരതം നേടുന്ന രണ്ടാമത്തെ വിജയമാണിത്. ആദ്യം ഇംഗ്ലണ്ടിനെതിരെ മത്സരത്തിന്റെ മൂന്നാം ദിനം നേടിയത് 347 റണ്‍സ്. ഇപ്പോള്‍ ഓസീസിനെതിരെ. വര്‍ഷങ്ങളുടെ അദ്ധ്വാനയും കൃത്യമായ പരിശീലനവും കൊണ്ട് നേടിയെടുത്തതാണ് ഈ മിന്നും വിജയങ്ങളെന്ന് ഭാരത നായിക ഹര്‍മന്‍പ്രീത് കൗര്‍ മത്സരശേഷം പ്രതികരിച്ചു. നാലാം ദിനം നിര്‍ണായക വിക്കറ്റെടുത്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയും ഭാരതത്തിന്റെ ആദ്യ ഇന്നിങ്സില്‍ അവിചാരിതമായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ തന്റെ റോള്‍ ഗംഭീരമാക്കുകയും ചെയ്ത സ്നേഹ് റാണ കളിയിലെ താരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: