ന്യൂദല്‍ഹി: ദല്‍ഹിയിലെ ആപ്പ് സര്‍ക്കാരിനെ കുരുക്കി മദ്യകുംഭകോണത്തിന് പിന്നാലെ മരുന്ന് കുംഭകോണവും. ദല്‍ഹി സര്‍ക്കാര്‍ ആശുപത്രികളിലും പ്രാദേശിക ക്ലിനിക്കുകളിലും വിതരണം ചെയ്തത് വ്യാജമരുന്നുകളാണെന്നാണ് ആക്ഷേപം. വിഷയത്തില്‍ സിബിഐ അന്വേഷണം നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി നരേഷ് കുമാറിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന കത്ത് അയച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം.
രോഗികള്‍ക്ക് ഈ മരുന്നുകള്‍ നല്‍കുന്നത് ആശങ്കാജനകമാണ്. ഉത്കണ്ഠയോടെയാണ് വിഷയത്തെ കാണുന്നത്. അശരണരായ രോഗികള്‍ക്കാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്തിരിക്കുന്നത്. ഇവ ക്ലിനിക്കുകളില്‍ നിന്നും ഉടന്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ 43 സാമ്പിളുകളാണ് ശേഖരിച്ചത്. ഇവയില്‍ അഞ്ചെണ്ണം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സയിലുള്ള ആയിരക്കണക്കിന്
ആള്‍ക്കാര്‍ക്ക് ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഗവര്‍ണറുടേത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ദല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായിയുടെ വാദം. വിഷയത്തില്‍ സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കുമെന്നും റായി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: