പൂജയിലെ മറ്റൊരു ഘട്ടം ആത്മാരാധനയും അഭിഷേകവുമാണ്. ആത്മാരാധന എന്നാല്‍ തന്റെ ഉള്ളിലുള്ള ആത്മാവിനെയും അന്തരാത്മാവിനെയും അവയുടെ സമഷ്ടിരൂപമായ പരമാത്മാവിനെയും മുമ്മൂന്നു പ്രാവശ്യം ജലം (തീര്‍ത്ഥജലം), ഗന്ധം (ചന്ദനം), പൂവ് ഇവകൊണ്ട് അര്‍ച്ചിക്കുകയാണ്. തുടര്‍ന്ന് വിഗ്രഹ ത്തിലെ നിര്‍മ്മാല്യം എടുത്തുമാറ്റി ബിംബത്തെ സ്നാനം ചെയ്യിച്ച് ശംഖുപൂരണം കഴിച്ചുവച്ചിട്ടുള്ള ശംഖിലെ ജലത്തെ കുറെ വല ത്തുകിണ്ടിയിലേക്കും ജലദ്രോണിയിലേക്കും (വലിയ ജലപാത്ര ത്തിലേക്കും) പകര്‍ന്നു തീര്ത്ഥമയമാക്കി ചലബിംബമാണെങ്കില് വലിയ അഭിഷേകതട്ടത്തില് എടുത്തുവച്ച് (അചലബിംബമാണെങ്കില് അവിടെത്തന്നെ) പൂജകന് അഭിഷേകം തുടങ്ങുന്നു. ദിവ്യമ ന്ത്രങ്ങളായ ‘ആപോഹിഷ്ഠാദി’യെ തുടര്‍ന്ന് പുണ്യാഹ (പവമാന) മന്ത്രങ്ങളും ‘സപ്തശുദ്ധി’ മന്ത്രങ്ങളും പുരുഷസൂക്തം, ഭാഗ്യ സൂക്തം, സംവാദസൂക്തം, സ്വസ്തിസൂക്തം, ശ്രീരുദ്രം തുടങ്ങിയവയും അഭിഷേകം ചെയ്യുന്നു. (ഇവയെല്ലാം വേദമന്ത്രങ്ങളാണ്. ആഗമപൂജയില് നിഗമമന്ത്രങ്ങള് ചേര്‍ത്ത് ഏകോപനം സാധിക്കുന്ന പ്രക്രിയയുടെ ഭാഗമാണ് ഇങ്ങനെയുള്ള അഭിഷേകം) അനന്തരം ശുദ്ധമായ തുണി (അലക്കിയ തുണി) ശംഖുതീര്‍ത്ഥം പ്രോക്ഷണം ചെയ്ത് (തളിച്ച്) ശുദ്ധിവരുത്തി ബിംബം തോര്‍ത്തി യഥാസ്ഥാനത്ത് എടുത്തുവച്ച് ചന്ദനവും പൂവും ചാര്‍ത്തി ഉടയാട ചാര്‍ത്തി മാനസപൂജ ചെയ്യുന്നു. (കൈമുദ്രകള്‍ കൊണ്ട് ജലഗന്ധപുഷ്പ ധൂപദീപ നിവേദ്യങ്ങള്‍ മാനസികമായി ദേവന് അര്‍പ്പിക്കുന്ന രീതിക്കാണ് മാനസപൂജ എന്നു പറയുന്നത്. പൂജാക്രമത്തില്‍ പല ഘട്ടങ്ങളിലും മാനസപൂജയും തദ്പ്രദര്ശകമായ അംഗുലീമുദ്രകളും ഉപാസ്യവിഗ്രഹത്തിനു മുമ്പില്‍ കാണിക്കേണ്ടതാവശ്യമാണ്.) തുടര്‍ന്ന് ഏതെങ്കിലും ലഘുവായ നിവേദ്യദ്രവ്യം ദേവന് നിവേദിക്കുന്നു. (സാധാരണ അല്പം മലരാണ് പതിവ്) ഇതിന് മലരു നിവേദ്യം എന്നു പറയുന്നു. ഇത്രയും ചടങ്ങുകള്‍ (മൂര്‍ത്തിയെ കുളിപ്പിച്ച് അഭിഷേകം നടത്തി മലരുനിവേദ്യം വരെയുള്ള ചടങ്ങുകള്‍) പ്രഭാതത്തിലെ ബിംബാരാധനയ്ക്കു മാത്രം കര്‍ത്തവ്യമാണ്. പത്മമിട്ട് വിളക്കുവെച്ചുള്ള പൂജകള്‍ക്ക് ഇവകള്‍ ആവശ്യമില്ല) അവിടെ ആത്മാരാധന കഴിഞ്ഞ് നേരിട്ട് പീഠപൂജ തുടങ്ങുന്നു.
പീഠപൂജ
മൂര്‍ത്തിക്ക് മാനസപൂജ ചെയ്ത് കൊട്ടി രക്ഷിച്ച് (അതാതു മൂര്‍ത്തികള്‍ക്ക് വിഹിതമായ അസ്ത്രമന്ത്രം ഉപയോഗിച്ച് രണ്ടു കൈത്തലങ്ങള്‍ കൊണ്ടും മൂര്‍ത്തിക്ക് മുന്പില് താളത്രയവും വലതുകയ്യിലെ അംഗുഷ്ഠാംഗുലിയുടെയും തര്ജനിയുടെയും അഗ്ര ഭാഗങ്ങള്‍ ചേര്‍ത്ത് ഞൊടിച്ചുകൊണ്ട് പത്തു ദിശകളിലും ചെയ്യപ്പെടുന്ന ദശദിക് ബന്ധനവും അതേ കയ്യിലെ തര്‍ജനിയെ വൃത്താകാരത്തില്‍ മൂന്നുപ്രാവശ്യം മുകളിലേക്കു ചുഴറ്റി കാണിക്കുന്ന അഗ്നി പ്രാകാരത്തിനും ചേര്‍ത്തുള്ള സാങ്കേതിക സംജ്ഞയാണ് ‘കൊട്ടി രക്ഷിക്കുക’ അഥവാ കേവലം ‘രക്ഷിക്കുക’ എന്നുള്ളത്.) ഗുരുവിനെയും ഗണപതിയെയും പൂജിക്കുന്നു.
പത്മമിട്ടുള്ള പൂജയാണെങ്കില് പത്മത്തിന്റെ വലതും ഇടതുമായി (പൂജകന്റെ ഇടതും വലതും ആയി) ഗുരുവിനും ഗണപതിക്കുമായി ഓരോ ചെറിയനിലവിളക്ക് കത്തിച്ചുവയ്ക്കുകയോ ബിംബം വച്ചുള്ള പൂജയാണെങ്കില് മൂര്‍ത്തി പീഠത്തിന്റെ മുന്‍പറഞ്ഞ സ്ഥാനങ്ങളില്‍ ചെറിയ വൃത്താകാരത്തില്‍ തളിച്ചുമെഴുകി ഗുരുവിനും ഗണപതിക്കുമായി സങ്കല്പിച്ച് യഥാക്രമം പൂവിട്ട് വന്ദിക്കുകയോ ചെയ്യുന്നു. തുടര്‍ന്ന് രണ്ടുപേര്‍ക്കും വേറെ വേറെ മാനസപൂജ ചെയ്ത് കൊട്ടി രക്ഷിക്കുന്നു. ഗണപതിക്ക് പ്രത്യേകമായി അല്പം നിവേദ്യദ്രവ്യം മുമ്പില്‍ വച്ച് ഉപസ്തരിച്ച് (നിവേദ്യത്തില്‍ അല്പം നെയ്യ് വീഴ്ത്തി ദേവഭോജ്യമാക്കി) ചുരുക്കത്തില്‍ ജലഗന്ധപുഷ്പങ്ങള്‍ അര്‍ച്ചിച്ച് കുടിക്കുനീര്‍ കൊടുത്ത് പഞ്ചപ്രാണാഹുതിയും കഴിച്ചുവെയ്ക്കുന്നു. ഇത്രയും കഴിഞ്ഞ് ആരംഭത്തില്‍ ഗുരു ഗണപതികളെയും ആധാരശക്തിയെയും മൂലപ്രകൃതിയെയും ആദികൂര്മ്മത്തെയും അനന്തനെയും പൃഥിവിയെയും പാദ പീഠത്തിലുള്ള സാങ്കല്പിക പത്മത്തെയും (പത്മമിട്ട പൂജയില്‍ അഷ്ടകോണങ്ങളില് അഗ്ന്യാദി അഷ്ടശക്തികളെയും (പൂര്വ്വാദികളായി സങ്കല്പിച്ച്) ത്രിസൂത്രങ്ങളില് സത്ത്വരജസ്തമോഗുണങ്ങളെയും വീഥികളില്‍ മായാവിദ്യകളെയും പദ്മത്തിന്റെ ദലങ്ങ ളിലും കര്ണ്ണികയിലുമായി സര്‍വ ശക്തികളെയും ഷഡ്കോണത്തില് സൂര്യസോമവഹ്നിമണ്ഡലങ്ങളെയും ആത്മഅന്തരാത്മ പരമാത്മശക്തികളെയും പാദപീഠത്തില്‍ ജ്ഞാനശക്തികളെയും) പീഠസമഷ്ടിയെയും ജലാദിജലാന്തം (ജലം, ചന്ദനം, പൂവ് ഇവകളെക്കൊണ്ടും ഇടത്തുകയ്യില്‍ മണി എടുത്തു മുഴക്കിക്കൊണ്ട് ധൂപവും ദീപവും കാട്ടി മണി തിരികെവച്ച് വീണ്ടും ജലം കൊണ്ടും) പൂജിക്കുന്നതാണ് പീഠപൂജ. ഓങ്കാരാങ്കിതങ്ങളും ചതുര്ത്ഥ്യന്തങ്ങളുമായ അതാതുകളുടെ നാമങ്ങളോടു നമഃ ശബ്ദം ചേര്‍ത്താണ് അര്‍ച്ചിക്കുന്നത്. വിളക്കുവെച്ച പൂജയില്‍ അഞ്ചുതിരിയിട്ട് (വൈഷ്ണവമായ പൂജയ്ക്ക് എട്ടു തിരിയിട്ട്) കൊളുത്തി പീഠശക്തിയെ പൂജിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: