‘ശരണമയ്യപ്പാ സ്വാമി
ശണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമി
ശരണമയ്യപ്പാ…’
ഈ ഗാനം കേള്‍ക്കാതെയും മൂളാതെയും മണ്ഡല മകരവിളക്കുകാലം കടന്നുപോകാറില്ല. ഭക്തിനിര്‍ഭരമായ വരികളും ഉള്ളു പകര്‍ന്നുള്ള ആലാപവും സുന്ദരമെങ്കിലും പാട്ടിനെ വേറിട്ടു നിര്‍ത്തുന്നത് ആ സംഗീതമാണ്. അതിലെ ഏറ്റവും വലിയ ആകര്‍ഷണം ഉടുക്ക് എന്ന സംഗീതോപകരണത്തിന്റെ ആദ്യന്ത സാന്നിധ്യവും. എസ്.കെ. നായര്‍ നിര്‍മിച്ചു പി.എന്‍. മേനോന് സംവിധാന ചെയ്ത ‘ചെമ്പരത്തി’ (1972) എന്ന സിനിമയില്‍, വയലാറിന്റെ രചനയില്‍ ദേവരാജന്‍ ചിട്ടപ്പെടുത്തി യേശുദാസ് പാടിയതാണ് ഈ പാട്ട്. സംഗീതത്തോടു നീതിപുലര്‍ത്താനായി, ഭക്തര്‍ ഉടുക്കു വായിച്ചു പാടുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ ഈ ഗാനരംഗത്ത് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ദേവരാജന്റെ മറ്റൊരു പാട്ടിലും ഒരു സംഗീതോപകരണത്തോട് ഇങ്ങനൊരു ദൗര്‍ബല്യം പ്രകടിപ്പിച്ചു കണ്ടിട്ടില്ല. എന്തുകൊണ്ടാണിതു സംഭവിച്ചതെന്നു ദേവരാജന്‍ പില്ക്കാലത്തു വിശദീകരിച്ചത് ഇങ്ങനെ: ‘വയലാറിന്റെ ഈ വരികള്‍ വായിച്ചപ്പോള്‍, കുട്ടിക്കാലത്ത് അയല്‍വീട്ടില്‍നിന്നു ഞാന്‍ കേട്ടിരുന്ന ശാസ്താംപാട്ട് എവിടെനിന്നോ മനസ്സിലേക്ക് ഓടിയെത്തി. എന്റെ വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഒരു കുടുംബമുണ്ടായിരുന്നു. എല്ലാ ശനിയാഴ്ചയും അവര്‍ ഉടുക്കുകൊട്ടി ശാസ്താംപാട്ടു പാടും. വേലുക്കുട്ടിയായിരുന്നു അവരില്‍ പ്രമുഖന്. പാട്ടു തുടങ്ങുമ്പോള്‍ ഞാന്‍ വേലിക്കല് ചെന്നുനിന്ന് വേലുക്കുട്ടിയുടെ വീട്ടിലെ ശാസ്താംപാട്ടും ആ ഉടുക്കുവായനയും കേട്ടുനില്ക്കും. ആ താളത്തില്‍ അലിഞ്ഞു ചേരും.’
ആ ശാസ്താംപാട്ടുകളുടെ മട്ടിലാണ് ‘ശരണമയ്യപ്പാ…’ എന്ന ഗാനം ദേവരാജന്‍ ചിട്ടപ്പെടുത്തിയത്. ഒറ്റയ്ക്കും സംഘമായും ആര്‍ക്കും പാടാവുന്ന ലളിതമായ ഈ പാട്ടിലെ ഏറ്റവും വലിയ സൗന്ദര്യമായ ആ ഉടുക്ക് വായിച്ചിരിക്കുന്നത് അതേ വേലുക്കുട്ടി തന്നെയാണ്. ‘ശരണമയ്യപ്പായുടെ’ റിക്കോര്‍ഡിങ്ങിന് വേലുക്കുട്ടിയെ ദേവരാജന്‍ പ്രത്യേകം ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു.
ദേവരാജന്റെ ജീവചരിത്രമായ ‘ദേവരാജന്‍ സംഗീതത്തിന്റെ രാജശില്പി’ എന്ന പുസ്തകം എഴുതിയ പെരുമ്പുഴ ഗോപാലകൃഷ്ണന്, പില്ക്കാലത്ത് ദേവരാജനുമായി വേലുക്കുട്ടിയെ കാണാന്‍ പോയകഥ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ഇരുവരെയും, ആനന്ദാശ്രുക്കള്‍ പൊഴിച്ചു സ്വീകരിച്ച വേലുക്കുട്ടി പറഞ്ഞു. ‘ആ ഉടുക്ക് ഇപ്പോഴും ഞാന്‍ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ ശാസ്താംപാട്ടൊന്നും ഇല്ല. പക്ഷേ, ആ ഉടുക്ക് ഇടയ്ക്കിടെ എടുത്തുനോക്കി ഓര്മ പുതുക്കും. അത്ര തന്നെ…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: