ഭോപാല്‍: 1992ല്‍ കര്‍സേവയ്ക്ക് പോയതാണ് ബേതുള്‍ മിലന്പൂരുകാരനായ രവീന്ദര്‍ ഗുപ്ത. അന്ന് ഇരുപത്തൊന്നായിരുന്നു പ്രായം. രാമക്ഷേത്രനിര്‍മാണത്തിന് വേണ്ടി അയോധ്യയില്‍ പോയതിന്റെ പേരില്‍ രവീന്ദര്‍ ജയിലിലായി. ക്ഷേത്രം പൂര്‍ത്തിയാകും വരെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞ അന്ന് ജയിലില്‍ വച്ചെടുത്തതാണ്. വീട്ടുകാരും കൂട്ടുകാരും നിര്‍ബന്ധിച്ചിട്ടും രവീന്ദര്‍ നിലപാട് മാറ്റിയില്ല. ജീവിതം രാമന് വേണ്ടി ഉഴിഞ്ഞുവച്ചു.
മുപ്പത്തൊന്നു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ദിവസം പ്രാണപ്രതിഷ്ഠയ്ക്കെത്തണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള ശ്രീരാമജന്മഭൂമി തീര്ത്ഥക്ഷേത്രട്രസ്റ്റിന്റെ ഔദ്യോഗിക ക്ഷണപ്പത്രം ഏറ്റുവാങ്ങുമ്പോള്‍ രവീന്ദര്‍ ഗുപ്തയുടെ കണ്ണ് നിറഞ്ഞു. വയസിപ്പോള്‍ 52. ജീവിതം രവീന്ദറിനെ ബേതുളിലെ ബാബയാക്കി, ഭോജ്പാലി ബാബ… കര്‍സേവയ്ക്ക് പോയ ദിവസം മുതല്‍ ഇന്നുവരെ 31 വര്‍ഷമായി സനാതനധര്മ്മപ്രചാരണത്തിനും രാമക്ഷേത്രത്തിനായുള്ള ജനകീയ ബോധവത്കരണത്തിനുമായി ജീവിതം മാറ്റിവയ്ക്കുകയായിരുന്നു ഭോജ്പാലി ബാബ. കാത്തിരിപ്പ് പൂര്‍ണമാവുമ്പോള്‍ സംതൃപ്തിയോടെ ഇനി കുടുംബജീവിതത്തിലേക്ക് കടന്നുകൂടേ എന്ന ചോദ്യത്തിന് ഭോജ്പാലി ബാബയുടെ ഉത്തരം, ‘ഞാന്‍ ആജീവനാന്ത കര്‍സേവകനാണ്’എന്നതാണ്.
സീതാമാതാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടം മുതല്‍ രാമജന്മഭൂമിയുടെ മോചനത്തിനായുള്ള സമരം വരെയെല്ലാം കര്‍സേവകരുടെ പരിശ്രമങ്ങളുടെ ഫലമാണ്.
കര്‍സേവകര്‍ ഭഗവാന് രാമന്റെ സേവകരുമാണ്, സൈനികരുമാണ്. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഇതേ കണ്ണുകള്‍ കൊണ്ട് കാണാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഇത് രാമകാര്യത്തിനായി ജീവിച്ചതിന്റെ പുണ്യമാണ്. രാമപാദത്തില്‍ വീഴും വരെയും അതേ കാര്യത്തിനായി ജീവിതം തുടരും, ഭോജ്പാലി ബാബ പറയുന്നു.
ബേതുളിലെ വീടുകളില്‍ പ്രദേശത്തെ ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം അക്ഷത വിതരണത്തിലും സമ്പര്‍ക്കത്തിലും പങ്കെടുക്കുകയാണ് ഭോജ്പാലി ബാബയ്ക്ക് കര്‍സേവയിലെ അടുത്ത ഘട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: