അയോധ്യ: ശ്രീരാമക്ഷേത്രത്തിലേക്കുള്ള എല്ലാ പാതകളും യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് പ്രദേശം പരിശോധിക്കാനെത്തിയ അയോധ്യ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു. രാമഭക്തരെ വരവേല്‍ക്കാനുള്ള വലിയ ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. അയോധ്യയിലെത്തിച്ചേരുന്നവര്ക്ക് സുഗമമായ തീര്ത്ഥാടനമൊരുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീരാമജന്മഭൂമി തീര്ത്ഥക്ഷേത്രത്തിലേക്കുള്ള പ്രധാനകവാടം പണിതീര്‍ക്കുന്നത് സുഗ്രീവകിലയിലാണ്. കവാടത്തിന്റെ നിര്മാണ് പൗരാണികമായ രീതിയിലാണ്. എണ്‍പത് ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. പല ഷിഫ്റ്റുകളിലായാണ് ഇവിടെ പണി നടക്കുന്നത്. ഉത്തര്‍പ്രദേശ് രാജ്കിയ നിര്മാണ് നിഗം ആണ് കവാടനിര്മാണത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുള്ളത്.
ക്ഷേത്രത്തിലേക്കുള്ള പാതയുടെ ഇരുവശത്തുമുള്ള ചുവരുകളില്‍ രാമായണകാലത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന വിപുലമായ കൊത്തുവേലകള്‍ ഉണ്ടാകും. നൂറിലേറെ ശില്പികള് അതിന്റെ അവസാന മിനുക്കുപണിയിലാണെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
ശ്രീരാമ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും ദര്‍ശനത്തിന് ശേഷം മടക്കയാത്ര സുഗമമാക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റ് എല്‍ ആന്‍ഡ് ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ജോയിന്റ് മജിസ്ട്രേറ്റ് ധ്രുവ് ഖാദിയയും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: