കണ്ണൂര്‍: കടമ്പൂര് ഹയര്‍സെക്കണ്ടറി സ്കൂളിലെ 2016 മുതല്‍ നിയമിതരായ അധ്യാപകര്‍ക്ക് 2024 ജനുവരി നാലിന് മുമ്പ് ശമ്പള കുടിശ്ശിക മുഴുവന്‍ നല്‍കണമെന്നും ഉത്തരവ് നടപ്പാക്കുന്നതുവരെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ശമ്പളം വാങ്ങരുതെന്നും കോടതി ഉത്തരവിട്ടു.
കടമ്പൂര് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 2016 മുതല്‍ നിയമിതരായ 128 അധ്യാപകരുടെ നിയമനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ അംഗീകരിച്ച് മുഴുവന്‍ കുടിശ്ശിക ശമ്പളവും നല്കാന് കേരള ഹൈക്കോടതി ജസ്റ്റിസ്. പി.വി. കുഞ്ഞികൃഷ്ണന് 2023 ഫിബ്രവരി 23 ന് വിധി പ്രസ്താവിച്ചിരുന്നു.
പ്രസ്തുത വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളികൊണ്ട് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് രണ്ടു മാസത്തിനുള്ളില്‍ നിയമനം അംഗീകരിച്ച് വേതനം നല്കാന് 2023 ആഗസ്റ്റ് 9 ന് ഉത്തരവിട്ടിരുന്നു. ഈ വിധി സര്‍ക്കാര്‍ നടപ്പിലാക്കാത്തതിനെതിരെ സ്കൂള്‍ മാനേജര്‍ പി. മുരളീധരനും അധ്യാപകരും കോടതിയലക്ഷ്യ ഹരജി നല്കി.
ഇത് പരിഗണിച്ച് ഹൈക്കോടതി ഡിവിഷന് ബെഞ്ച് 2024 ജനുവരി 4 നു മുന്‍പ് 2016 മുതലുള്ള നിയമന തീയതി മുതല്‍ മുഴുവന്‍ വേതന കുടിശ്ശികയും വിതരണം ചെയ്യുവാനും വീഴ്ചവരുത്തുന്നപക്ഷം റാണി ജോര്‍ജ്ജ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഷാനവാസ്. എസ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍, കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ എന്നിവര്‍ കോടതിവിധി നടപ്പിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ശമ്പളം വാങ്ങിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടത്.
നിയമാനുസൃതമായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനുവദിച്ച തസ്തികകളില്‍ പൂര്ണ്ണയോഗ്യതയുള്ള അധ്യാപകരെ നിയമിച്ചതിന് അംഗീകാരം നല്‍കാതെ അകാരണമായി ഡിപ്പാര്‍ട്ട്മെന്റ് കാലതാമസം വരുത്തി നിരസിക്കുകയായിരുന്നു. അധ്യാപകര്‍ക്ക് ജോലി ചെയ്തിട്ട് ശമ്പളം ലഭിക്കാത്ത ദുരവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ്. പി.വി. കുഞ്ഞികൃഷ്ണന് വ്യക്ടമാക്കിയിരുന്നു.
ഹൈടെക് സംവിധാനത്തോടുകൂടി പ്രവര്‍ത്തിക്കുന്ന മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന വിദ്യാലയത്തിന് ഡിപ്പാര്‍ട്ടുമെന്റ് എല്ലാവിധ പിന്തുണയും നല്‍കേണ്ടതായിരുന്നുവെന്നാണ് കോടതിയുടെ അഭിപ്രായമെന്നും വിധിന്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹരജികാര്ക്കുവേണ്ടി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ജോര്‍ജ്ജ് പൂന്തോട്ടം ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: