തിരുവനന്തപുരം: നവകേരള സദസിന്റെ പേരില്‍ വീമ്പിളക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഘോഷയാത്ര തലസ്ഥാനത്തെത്തുമ്പോള്‍ ക്രിസ്മസ് ചന്തയെന്നു പറഞ്ഞ് സര്‍ക്കാര്‍ ജനത്തെ പറ്റിച്ചു. ക്രിസ്മസിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ക്രിസ്മസ്-പുതുവര്‍ഷ ചന്തകള്‍ കാലി. സബ്‌സിഡി നിരക്കില്‍ സാധനങ്ങളൊന്നുമില്ല. എല്ലാ ജില്ലകളിലും ഇതേ സ്ഥിതി.
പയര്‍, തുവരപ്പരിപ്പ്, മുളക്, വെളിച്ചെണ്ണ, ജയ അരി, മട്ട അരി എന്നിവ മാത്രമാണ് പുത്തരിക്കണ്ടത്ത് ഭക്ഷ്യമന്ത്രി ഉദ്ഘാടനം ചെയ്ത ക്രിസ്മസ് ചന്തയിലുള്ളത്. പഞ്ചസാരയില്ല. പതിമൂന്ന് സബ്‌സിഡിയിനങ്ങളില്‍ പലയിടത്തുമെത്തിയത് നാലോ അഞ്ചോ മാത്രം. എട്ടു ജില്ലകളില്‍ ക്രിസ്മസ്-പുതുവര്‍ഷ ചന്തകള്‍ തുടങ്ങിയിട്ടില്ല. ഭക്ഷ്യമന്ത്രി ഇന്നേ നവകേരള ബസില്‍ നിന്നിറങ്ങൂ. തിങ്കളാഴ്ച ക്രിസ്മസ്. സപ്ലൈകോയില്‍ നിന്നു കുറഞ്ഞ വിലയ്‌ക്ക് സാധനങ്ങള്‍ വാങ്ങി ക്രിസ്മസ് ആഘോഷിക്കാമെന്ന് സ്വപ്‌നം കണ്ടവര്‍ക്കു തെറ്റി.
പതിമൂന്നിനങ്ങള്‍ സബ്‌സിഡിയിലും മറ്റുള്ളവ വിലക്കുറവിലും ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിപണി വിലയെക്കാള്‍ അധികമാണ് പലതിനും, ഉപഭോക്താക്കള്‍ പറയുന്നു. സവാളയ്‌ക്ക് 20 രൂപ കൂടുതല്‍.
സബ്‌സിഡിയിനത്തില്‍ സപ്ലൈകോയ്‌ക്ക് സര്‍ക്കാര്‍ നല്കാനുള്ളത് കോടികളാണ്. റേഷന്‍ വിതരണച്ചെലവില്‍ നല്കാനുള്ള 185.64 കോടിയും ക്രിസ്മസ് വിപണി ഇടപെടലിന് 17.63 കോടിയും അനുവദിച്ചിരുന്നു. ഇത് ഒരു ദിവസത്തേക്കു പോലും തികയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. സപ്ലൈകോ വിതരണക്കാര്‍ക്ക് കുടിശികയായി 630 കോടി കിട്ടാനുണ്ട്. അതിനാല്‍ കരാറുകാര്‍ വിട്ടു നില്‍ക്കുകയായിരുന്നു. പുതിയ കരാറുകാരെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കടം കൊടുക്കാന്‍ തയാറായില്ല.
തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് വിപണിയില്‍ സബ്‌സിഡിയിനങ്ങളെത്താത്തതിനാല്‍ രാവിലെ മുതല്‍ ക്യൂ നിന്നവര്‍ ബഹളംവച്ചു. കാര്യങ്ങള്‍ പന്തിയല്ലെന്നു കണ്ടതോടെ ഉദ്ഘാടനത്തിനെത്തിയ മേയറും എംഎല്‍എയും മുങ്ങി. ഇന്നലെ രാവിലെ പത്തിനാണ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.
എട്ടു മണി മുതല്‍ ആളുകള്‍ വരി നില്‍ക്കുന്നുണ്ടായിരുന്നു. പത്തിന് മേയര്‍ എം.കെ. വര്‍ഗീസെത്തി. ആദ്യം വരി നില്‍ക്കുന്നവര്‍ക്കു സാധനങ്ങള്‍ കൊടുക്കണം, എന്നിട്ടാകാം ഉദ്ഘാടനമെന്നായി മേയര്‍. എന്നാല്‍, ജനങ്ങള്‍ ആവശ്യപ്പെട്ട സാധനങ്ങളൊന്നും സ്റ്റോക്കുണ്ടായിരുന്നില്ല. ഇതോടെ ബഹളമായി. ഇതിനിടെ എംഎല്‍എ പി. ബാലചന്ദ്രനുമെത്തി. ബഹളം രൂക്ഷമായതോടെ മേയറും എംഎല്‍എയും ഉദ്ഘാടനത്തിനു നില്‍ക്കാതെ സ്ഥലംവിട്ടു. അടുത്ത ദിവസങ്ങളില്‍ സാധനങ്ങളെത്തിക്കുമെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: