മൂന്നു മഹിളാരത്നങ്ങളും 17 പുരുഷകേസരികളും നടത്തിക്കൊണ്ടിരിക്കുന്ന ‘കേരളനടനം’ ഇന്ന് അവസാനിക്കുകയാണ്. ചരിത്രം കുറിച്ച യാത്ര എന്നാണ് ഭരണക്കാരുടെ അവകാശവാദം. അതിലൊട്ടും അതിശയോക്തിയില്ല. ഇത്രയും ദിവസം സെക്രട്ടേറിയറ്റില്‍ നിന്നും മന്ത്രിമാര്‍ വിട്ടുനിന്ന മറ്റൊരു സംഭവമില്ല. അതു തന്നെ ചരിത്രം സൃഷ്ടിക്കുന്നതാണല്ലോ. ‘ഒരു മാസം സെക്രട്ടേറിയറ്റ് പൂട്ടിയാലും ഇവിടെ ഒന്നും സംഭവിക്കില്ല’. മുഖ്യമന്ത്രിയായിരിക്കെ എ.കെ.ആന്റണി പറഞ്ഞതാണിത്. അത് ശരിയാണ്. അതിലേറെക്കാലമായി മന്ത്രിമാരുടെ തരിപോലും സെക്രട്ടെറിയറ്റിലുണ്ടായില്ല. മന്ത്രിമാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഒന്നും സംഭവക്കുന്നില്ലെങ്കില് പിന്നെ ഇല്ലാതിരിക്കുന്നതുതന്നെയല്ലെ നല്ലത്.
പതിനായിരക്കണക്കിന് പരാതികളാണ് എല്ലാ ജില്ലകളില്‍ നിന്നും സ്വീകരിച്ചത്. അതില്‍ രണ്ട് ശതമാനത്തില്‍പ്പോലും തീരുമാനമായില്ലത്രെ. തീര്‍പ്പുകല്‍പ്പിക്കാന്‍ വകുപ്പുകളിലേക്ക് അയച്ചു. അതും വകുപ്പും വകതിരുവുമില്ലാതെയാണത്രെ. സെക്രട്ടേറിയറ്റില്‍ നേരിട്ടു നല്കുന്ന പരാതിയുടെ അതേ അവസ്ഥ. പിന്നെന്തിനാണാവോ ബെന്‍സ് വണ്ടി ചമച്ചൊരുക്കി നൂറ്റമ്പത് കാറുകളും ജീപ്പുകളും ആയിരത്തിലധികം പോലീസുകാരെയും അണിനിരത്തി ഒരു യാത്ര. യാത്ര തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ചവിട്ടുനാടകങ്ങളും കയ്യാങ്കളിയും വീരവാദവും വിശദീകരണവുമെല്ലാമായി നടനകീര്ത്തനം ആലപിക്കുന്നതും കേട്ടു.
ഒരേ മുന്നണിയിലെ കൂട്ടാളികളാണ് ഭരണപക്ഷവും മുഖ്യ പ്രതിപക്ഷവും. ഇരു കൂട്ടരും വിളിച്ചുകൂവുന്ന മുദ്രാവാക്യവും മുഷ്ടി ചുരട്ടലും കണ്ടാല്‍ ആരും ചോദിച്ചുപോകും ഇതാരെ പറ്റിക്കാനെന്ന്. ദില്‍ഹിയില്‍ സീതാറാം യച്ചൂരിയും രാഹുലും ഒരുമിച്ചിരുന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇവിടെയോ. പ്രതിപക്ഷനേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും സംസ്ഥാനത്തു ക്രമസമാധാനനില തകര്‍ന്നെന്നു വരുത്താനാണു അദ്ദേഹം ശ്രമിക്കുന്നതെന്നുമാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസുമായി തെരുവുയുദ്ധത്തിനോ ദ്വന്ദ യുദ്ധത്തിനോ ഡിവൈഎഫ്ഐ പോയിട്ടുമില്ല, പോകുന്നുമില്ല. അക്രമത്തിനു പോവരുതെന്നു പ്രവര്‍ത്തകര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വസീഫ് പറയുന്നു. എന്നാല്‍ തെരുവില്‍ കണ്ടത് മറിച്ചും. അണികളുടെ മേല്‍ ഒരു നിയന്ത്രണവും നേതാവിനില്ല.
”മഷിക്കുപ്പി സമരം നടത്തി പാരമ്പര്യമുള്ളവര്‍ വീണ്ടും കേരളത്തില്‍ അക്രമം നടത്താന്‍ ഒരുങ്ങുകയാണ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ്. വ്യാജ തെരഞ്ഞെടുപ്പ് കാര്‍ഡ് ഒരു ഭാഗത്ത്. സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് പിടിക്കുന്നത് മറു ഭാഗത്ത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുടെ വീട്ടില്‍ സ്ത്രീയെ കൊന്നു കുഴിച്ചുമൂടുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു. ക്രിമിനലുകളുടെ കൂടാരമായി മുഖം നഷ്ടപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ചര്‍ച്ചകള്‍ വഴിമാറ്റിക്കൊണ്ടുപോകാന്‍ അക്രമത്തിന് നേതൃത്വം കൊടുക്കുന്ന കാഴ്ചയാണു കണ്ടുകൊണ്ടിരിക്കുന്നത്.”
യൂത്ത് കോണ്‍ഗ്രസിന്റെ ക്രിമിനല്‍ സ്വഭാവത്തെ തുറന്നുകാണിക്കുന്ന തരത്തിലേക്കു ക്രിമിനലുകളെ പുറത്തുകൊണ്ടുവരുന്നതിന് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കണമെന്നാണു ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. അതൊടൊപ്പം കിട്ടാവുന്ന സ്ഥലത്തൊക്കെ മഞ്ഞക്കുപ്പായക്കാരായ ഡിവൈഎഫ്ഐക്കാര്‍ കുപ്പികളും കുറുവടിയും മാത്രമല്ല ഹെല്‍മെറ്റും ഉപയോഗിച്ച് യൂത്തന്മാരെ നേരിടുന്നു.
നാണത്തിനു കയ്യുംകാലും ജീവനുമുണ്ടെങ്കില്‍ അത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നില്‍ നിര്‍ത്തി സ്വയം പിന്നിലേക്കു മാറിനില്‍ക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. ബിജെപിയുടെ ബി ടീമായി എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന സതീശന് പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കാന്‍ നാണമുണ്ടോയെന്നും റിയാസിന് സംശയം. പ്രതിപക്ഷ നേതാവ് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഒരു സമരം നയിക്കുന്നത് ആദ്യമായിട്ടാണെന്നും, നിയമം കയ്യിലെടുക്കുമെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പറയുന്നത് അതിന്റെ ആവേശത്തിലാണെന്നും മന്ത്രി.
”തലസ്ഥാനത്ത് ഒരു യുവജന സംഘടനയുടെ പേരില്‍ വലിയ നിലയിലുള്ള അക്രമം അഴിച്ചുവിടുന്നു. അവിടെ പ്രതിപക്ഷ നേതാവു തന്നെ അതിനു നേതൃത്വം കൊടുക്കുകയാണ്. നിയമം ഞങ്ങള്‍ കയ്യിലെടുക്കും, അടിച്ചാല്‍ തിരിച്ചടിക്കും, എന്നൊക്കെയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. 2021ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി ജനങ്ങളുടെ പിന്തുണയോടു കൂടി വീണ്ടും അധികാരത്തില്‍ വന്ന മുഖ്യമന്ത്രിക്ക് അഭിമാനത്തോടെ തന്നെ ഈ കസേരയിലിരിക്കാനാകും കൊവിഡ് ആകട്ടെ, നിപ്പ ആകട്ടെ, ഓഖി ആകട്ടെ, പ്രളയം ആകട്ടെ… പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ധീരതയുടെ പര്യായമായി ഈ സംസ്ഥാനത്തെ സര്‍ക്കാരിനെ നയിച്ച മുഖ്യമന്ത്രിക്ക് നാണത്തോടെയല്ല, അഭിമാനത്തോടെ ഭരിക്കാമെന്നും റിയാസ് പറയുമ്പോള്‍ മൂക്കാതെ പഴുത്തതിന്റെ കേടാണ് മന്ത്രിയില്‍ നിന്നുണ്ടാകുന്നതെന്ന ആശ്വാസത്തിലാണ് പ്രതിപക്ഷ നേതാവ്.
മന്ത്രി റിയാസിനെ തനിച്ചാക്കരുതല്ലൊ. സിപിഎം സെക്രട്ടറി ഗോവിന്ദന് മാഷും അതിന് കൂട്ടുണ്ട്. വി.ഡി.സതീശന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നാണ് എം.വി. ഗോവിന്ദന് പറയുന്നത്. പൊലീസിന് നേരെയുള്ള കടന്നാക്രമണം മാത്രമാണുണ്ടായത്. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പൊലീസ് ഇതുപോലെ ആത്മസംയമനം പാലിച്ച ഒരു സംഭവം തിരുവനന്തപുരം പട്ടണത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ഗോവിന്ദന് അഭിപ്രായമുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസ് തലസ്ഥാന ജില്ലയിലേക്കു കടക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം കടുപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍നിന്നും തുടങ്ങിയ സംഘര്‍ഷം രണ്ടര മണിക്കൂര്‍ പിന്നിട്ട് ഇടയ്ക്കൊന്നു ശാന്തമായെങ്കിലും ഡിസിസി ഓഫിസിനു മുന്നില്‍ വീണ്ടും ശക്തമായി. ബേക്കറി ജംഗ്ഷനിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ കയറി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മഞ്ഞപ്പടയും കാക്കിപ്പടയും കോണ്‍ഗ്രസുകാര്‍ക്കെതിരെ നന്നായി പെരുമാറി. ഇന്നലെ കാട്ടാക്കടയിലുണ്ടായി അതിന്റെ ബാക്കി ഭാഗം. പത്രക്കാര് മുഖ്യമന്ത്രിയോട് ഇക്കാര്യം ചോദിച്ചപ്പോള്‍ ‘എല്ലാം പോലീസ് നോക്കിക്കോളും’ എന്ന മറുപടിയിലൊതുക്കി.
കേരളത്തില്‍ സോദരര്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ അങ്ങ് ദല്‍ഹിയിലെ ദര്‍ബാറാണ് ബഹുകേമം. ‘പാര്‍ലമെന്റില്‍ പുകയാക്രമണം നടന്നപ്പോള്‍ എംപിമാര്‍ ഓടി രക്ഷപ്പെട്ടെന്നും, രാജ്യസ്നേഹികള്‍ എന്നു പറയുന്നവരുടെ കണ്ണില്‍ ഭയം’ എന്നുമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ വീമ്പു പറഞ്ഞത്. യഥാര്‍ത്ഥ രാജ്യസ്നേഹിയായ രാഹുലിന്റെ പൊടിപോലും അന്ന് പാര്‍ലമെന്റില്‍ കണ്ടില്ല. പുകയന്ത്രവും കൊടുത്തുവിട്ട് പ്രതികരിക്കാന്‍ നോക്കിയിരിക്കുകയായിരുന്നോ എന്ന സംശയമാണുണ്ടാക്കിയത്. പുറത്താക്കപ്പെട്ട എംപിമാരുടെ ധര്‍ണാ സമരത്തില്‍ പ്രസംഗിക്കവെ രാഹുല്‍ പറഞ്ഞു. ‘തൊഴിലില്ലായ്മ ഉയര്‍ത്തിപ്പിടിച്ചിട്ടാണ് യുവാക്കള്‍ പാര്‍ലമെന്റില്‍ കടന്നുകയറി പ്രതിഷേധിച്ചത്. സുരക്ഷ ഭേദിക്കപ്പെട്ടിരിക്കാം. എന്നാല്‍ യുവാക്കള്‍ ഉയര്‍ത്തിയത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. എന്നുവച്ചാല്‍ അക്രമികളുടെ നടപടിയോട് രാഹുലിന് നല്ല പിന്തുണ. ധര്‍ണയില്‍ രാഹുലിനൊപ്പം സീതാറാം യച്ചൂരിയും മല്ലികാര്‍ജുന ഖാര്‍ഗെയുമുണ്ട്. ഭരണഘടനാ പദവി വഹിക്കുന്ന ഉപരാഷ്ട്രപതി ജാതിയുടെ പേരില്‍ പറയരുതെന്നും അങ്ങനെയെങ്കില്‍ ഞാന്‍ ദളിതനായതുകൊണ്ട് എന്നെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയതെന്നും പറയേണ്ടി വരുമെന്ന ഖാര്‍ഗെയുടെ പ്രസ്താവന കേട്ടപ്പോള്‍ തോന്നുകയാണ്. പശുവും ചത്തു മോരിന്റെ പുളിയും തീര്‍ന്നു എന്ന പോലെ പാര്‍ലമെന്റും പിരിഞ്ഞു അംഗങ്ങളെല്ലാം ദല്‍ഹി വിടുകയും ചെയ്തു എന്നിട്ടും കഴുതക്കാമം പോലെ കരഞ്ഞു തീര്‍ക്കുക തന്നെ വേണമല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: