പാര്‍ലമെന്റ് പാസ്സാക്കിയ പ്രസ് ആന്‍ഡ് രജിസ്ട്രേഷന് ബില്‍ 2023, മാധ്യമസ്വാതന്ത്ര്യത്തിന്റെയും വ്യവസായ നടത്തിപ്പു സുഗമമാക്കലിന്റെയും പുതുയുഗത്തിന്റെ തുടക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. 1867ല്‍ ബ്രിട്ടീഷ് ഭരണകാലത്തു കൊണ്ടുവന്ന പ്രസ് ആന്‍ഡ് രജിസ്ട്രേഷന് ഓഫ് ബുക്ക്സ് ആക്റ്റ് റദ്ദാക്കിയാണ് പുതിയ ബില്‍ കേന്ദ്രം കൊണ്ടുവന്നത്. കോളനിവാഴ്ചക്കാലത്തെ അടയാളമായി നിലകൊണ്ട മറ്റൊരു നിയമം കൂടി ചരിത്രപരമായ തീരുമാനത്തിലൂടെ മാറ്റപ്പെടും. രാജ്യസഭയ്ക്കു പിന്നാലെ ലോക്സഭയും ബില്ലിന് അംഗികാരം നല്‍കിയിരിക്കുകയാണ്.
ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ശീര്‍ഷകവും രജിസ്ട്രേഷനും അനുവദിക്കുന്ന പ്രക്രിയ ലളിതമാക്കുകയും മറ്റുഇടപെടുകളില്ലാതെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കുകയും ചെയ്യുന്നതാണ് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കായുള്ള പുതിയ പ്രസ് ആന്‍ഡ് രജിസ്ട്രേഷന് ബില്‍-2023. ഇത് പ്രസ് രജിസ്ട്രാര്‍ ജനറലിന്റെ നടപടികള്‍ വേഗത്തിലാക്കും. അതിലൂടെ പ്രസാധകര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം പ്രസാധകര്‍ക്ക് പ്രസിദ്ധീകരണം ആരംഭിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാകും. ഏറ്റവും പ്രധാനമായി, പ്രസാധകര് ഇനി ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കോ പ്രാദേശിക അധികാരികള്‍ക്കോ പ്രതിജ്ഞാപത്രം സമര്‍പ്പിച്ച് അവയ്ക്ക് അംഗീകാരം വാങ്ങേണ്ടതില്ല. കൂടാതെ, പ്രിന്റിങ് പ്രസ്സുകളും അത്തരം പ്രഖ്യാപനങ്ങളൊന്നും നല്‍കേണ്ടതില്ല. പകരം ഒരു അറിയിപ്പ് മാത്രം മതിയാകും. മുഴുവന്‍ നടപടികള്‍ക്കും നിലവില്‍ എട്ട് ഘട്ടങ്ങളാണുണ്ടായിരുന്നത്. അതിനായി കൂടുതല്‍ സമയവും ചെലവഴിക്കേണ്ടി വന്നിരുന്നു.
അടിമത്തമനോഭാവം ഇല്ലാതാക്കുന്നതിനും നവഭാരതത്തിനായി പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിനുമുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു ചുവടുവയ്പാണ് ബില്ലിലൂടെ പ്രതിഫലിക്കുന്നതെന്ന് ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കവേ കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ വ്യക്തമാക്കിയിരുന്നു. പുതിയ നിയമങ്ങളിലൂടെ ക്രിമിനല്‍ സ്വഭാവം അവസാനിപ്പിക്കുക, വ്യവസായ നടത്തിപ്പു സുഗമമാക്കുക എന്നിവയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അതനുസരിച്ച് കോളനിവാഴ്ചക്കാലത്തെ ചട്ടങ്ങള്‍ ഗണ്യമായി ക്രിമിനല്‍ രഹിതമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചില നിയമലംഘനങ്ങള്‍ക്ക്, നേരത്തെയുള്ള ശിക്ഷാവിധിക്ക് പകരം സാമ്പത്തികമായി പിഴ ശിക്ഷകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ അപ്പീല്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിലപ്പോള്‍ രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെ എടുത്തിരുന്ന ശീര്‍ഷക രജിസ്ട്രേഷന് പ്രക്രിയ ഇപ്പോള്‍ 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അനുരാഗ് സിങ് താക്കൂര്‍ ചൂണ്ടിക്കാട്ടി.
1867ലെ നിയമം ബ്രിട്ടീഷ് വാഴ്ചയുടെ പാരമ്പര്യമായിരുന്നു. അത് പ്രസ്സിന്റെയും പത്രങ്ങളുടെയും പുസ്തകങ്ങളുടെയും അച്ചടിക്കാരുടെയും പ്രസാധകരുടെയുംമേല്‍ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. വിവിധ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയും തടവ് ഉള്‍പ്പെടെയുള്ള ശിക്ഷകളും നിര്‍ദ്ദേശിച്ചിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്റെ ഇന്നത്തെ യുഗത്തില്‍ പഴയ നിയമം നിലവിലെ മാധ്യമമേഖലയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നില്ല. മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ അതിനാല്‍ പുതിയ നിയമം കൊണ്ടുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: