സപ്ലൈകോ ക്രിസ്മസ് ഫെയറുകളില്‍ എല്ലായിടത്തും ഒഴിഞ്ഞ റാക്കുകള്‍. പല ബോക്സുകളിലും ഒരേ ഉത്പന്നങ്ങളിട്ട് നിറച്ചിരിക്കുന്നു. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ തുടങ്ങിയ ക്രിസ്മസ് ചന്തയില്‍ സബ്സിഡി സാധനങ്ങള്‍ നാല് മാത്രം. അരി, ചെറുപയര്‍, വെളിച്ചെണ്ണ, മല്ലി എന്നിവയ്ക്കു മാത്രമേ സബ്സിഡിയുള്ളൂ. പതിമൂന്നിനം സബ്സിഡി സാധനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പഞ്ചസാര, പച്ചരി, ഉഴുന്ന്, മുളക് തുടങ്ങി ജനങ്ങള്‍ക്ക് ഏറെ ആവശ്യമായ സാധനങ്ങള്‍ക്ക് സബ്സിഡി ഇല്ല. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കു 30 ശതമാനം വരെ വിലക്കുറവ് ഫെയറുകളില്‍ ലഭിക്കും എന്നാണ് സപ്ലൈകോ പറഞ്ഞിരുന്നത്. എന്നാല്‍ പൊതുവിപണിയേക്കാള്‍ വില കൂടുതലാണെന്നു ജനങ്ങള്‍ പരാതിപ്പെട്ടു. സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ ആളൊഴിഞ്ഞ നിലയിലാണ് എറണാകുളത്തെ സപ്ലൈകോ ചന്ത. റാക്കുകളും കാലിയാണ്.
കോട്ടയത്ത് നെഹ്റു സ്റ്റേഡിയത്തിലെ ചന്തയില്‍ 13 സബ്സിഡി ഇനങ്ങളില്‍ ലഭ്യമായത് മൂന്നെണ്ണം മാത്രം. മല്ലി, വെളിച്ചെണ്ണ, മട്ട അരി എന്നിവ സ്റ്റോക്ക് ഉണ്ട്. ബാക്കിയുള്ള ഇനങ്ങള്‍ക്ക് പര്‍ച്ചേഴ്സ് ഓര്‍ഡര്‍ ആയിട്ടുണ്ടെന്നും ഇന്നും നാളെയുമായി ഇവ വില്പനയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കോട്ടയം സപ്ലൈകോ ഡിപ്പോ മാനേജര്‍ പ്രീത പി.എസ്. ജന്മഭൂമിയോട് പറഞ്ഞു. കോട്ടയം താലൂക്കിലെ 24 സപ്ലൈകോ ഔട്ട്ലെറ്റുകളിലും സബ്സിഡി ഇനങ്ങളില്‍ മിക്കതും ലഭ്യമല്ല.
പത്തനംതിട്ടയില്‍ ഇതുവരെ സബ്സിഡി സാധനങ്ങള്‍ പൂര്‍ണമായിട്ടില്ല. ജില്ലാ ആസ്ഥാനത്ത് മാത്രമാണ് ക്രിസ്മസ് ചന്ത പ്രവര്‍ത്തിക്കുന്നത്. ജില്ലാകോടതിക്ക് സമീപം ആരംഭിച്ച ചന്തയുടെ ഉദ്ഘാടനം വെള്ളിയാഴ്ചയായിരുന്നു. എന്നാല്‍ ആദ്യദിവസം പിന്നിട്ടിട്ടും സബ്സിഡി സാധനങ്ങള്‍ പൂര്‍ണമായി എത്തിയിട്ടില്ല. മട്ട, ജയ, പച്ചരി, കുറുവ അരികള്‍, പഞ്ചസാര, വെളിച്ചെണ്ണ എന്നിവ മാത്രമാണ് നിലവില്‍ ഉള്ളത്. ചെറുപയര്‍, വന്‍പയര്‍, കടല, ഉഴുന്ന്, തുവരപരിപ്പ്, മുളക്, മല്ലി എന്നിവ ഇതുവരെ ലഭ്യമായിട്ടില്ല.
വയനാട് ജില്ലയിലെ പ്രധാന സപ്ലൈകോ ഔട്ട്ലെറ്റായ കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍ കടല, ചെറുപയര്‍, മല്ലി, വെളിച്ചെണ്ണ എന്നിവക്ക് മാത്രമേ സബ്സിഡി ഉള്ളൂ. സര്‍ക്കാര്‍ കണക്ക് പ്രകാരമുള്ള മറ്റ് ഒന്‍പതു സാധനങ്ങളും ഇവിടെയില്ല. സബ്സിഡി ഇല്ലാതെ അരി വില്‍ക്കുന്നുണ്ട്. ചെറുപയര്‍ പാക്കറ്റില്‍ സബ്സിഡി ഇല്ല എന്ന് അച്ചടിച്ചിട്ടുണ്ടെങ്കിലും സബ്സിഡിയോടെയാണ് വില്‍ക്കുന്നത്. ഇത് നവകേരള യാത്രക്ക് ശേഷം സബ്സിഡി ഇല്ലാതെ വില്ക്കാന് വേണ്ടിയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ആലപ്പുഴയില്‍ ചന്തയില്ല
ആലപ്പുഴ സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാലും, സാമ്പത്തിക പ്രതിസന്ധിയും കാരണം ഇത്തവണ ആലപ്പുഴ ജില്ലയില്‍ സപ്ലൈകോ ക്രിസ്മസ് ചന്തയില്ല. മുന്‍ വര്‍ഷങ്ങളില്‍ പത്തുദിവസത്തെ ക്രിസ്മസ് ഫെയറുകളാണ് നടത്തിയിരുന്നത്. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും സബ്സിഡി സാധനങ്ങള്‍ ലഭ്യമല്ല. അതിനാല്‍ ഇവിടങ്ങളില്‍ വില്‍പ്പന കുത്തനെ കുറഞ്ഞു. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ക്കും ക്ഷാമമാണ്. ഇതോടെയാണ് ക്രിസ്മസ് ഫെയര്‍ വേണ്ടെന്ന് തീരുമാനിച്ചത്. കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് ഫെയര്‍ ഇന്നാരംഭിക്കുമെന്നാണ് അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: