തിരുവനന്തപുരം: നവകേരള ബസിന് എതിരെ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ശക്തമായി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും സാമാന്യ നീതി നിഷേധവുമാണിതെന്ന് കെ യു ഡബ്ലിയു ജെ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ആലുവയില്‍ വച്ചാണ് കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ഇത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ട്വന്റിഫോര്‍ ന്യൂസ് ചാനലിലെ വിനീത വി.ജിക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസില്‍ അഞ്ചാം പ്രതിയാക്കിയത്. മുമ്പ് ഏഷ്യാനെറ്റ് ലേഖികയ്ക്ക് എതിരെ ഇതിന് സമാനമായി പൊലീസ് കേസെടുത്തെങ്കിലും കോടതി റദ്ദാക്കിയിരുന്നു. തെറ്റ് ആവര്‍ത്തിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് കെ യു ഡബ്ലിയു ജെ ചൂണ്ടിക്കാട്ടി.
കേസ് പിന്‍വലിച്ച് കേരള പൊലീസ് തെറ്റ് തിരുത്തണമെന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര് കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: