കൊച്ചി: ക്രിമിനല്‍ കേസുകളില്‍ പ്രതിക്ക് ജാമ്യം നില്ക്കുന്നവര് കേസ് പരിഗണിക്കുന്ന കോടതിയുടെ പരിധിയില്‍ താമസിക്കുന്നവരാവണമെന്ന വ്യവസ്ഥ പാടില്ലെന്ന് ഹൈക്കോടതി. ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ ബംഗാള്‍ സ്വദേശിക്ക് ഇടുക്കി ജില്ലയില്‍ നിന്നുള്ള ജാമ്യക്കാര്‍ തന്നെ വേണമെന്ന തൊടുപുഴ എന്‍ഡിപിഎസ് കോടതിയുടെ ഉത്തരവു ഭേദഗതി വരുത്തി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാള്‍ സ്വദേശിയായ അബേദൂര് ഷേക്കിന് ലഹരിമരുന്നു കേസില്‍ 2020 ല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങി ഇയാള്‍ ഒളിവില്‍ പോയി. പിന്നീട് കഴിഞ്ഞ ജൂലൈയില്‍ വീണ്ടും അറസ്റ്റിലായി. തുടര്‍ന്ന് ജാമ്യം അനുവദിച്ചപ്പോള്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരു ജാമ്യക്കാരന് വേണമെന്ന് കോടതി നിഷ്കര്‍ഷിച്ചു. ഇതിനെതിരെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപി
ച്ചത്.
കേരളത്തില്‍ നിന്നുള്ള ഒരാള്‍ ബംഗാളില്‍ ഒരു കേസില്‍ പെട്ടാല്‍ അവിടെ നിന്ന് ജാമ്യക്കാരനെ കണ്ടുപിടിക്കാന്‍ പെടാപാടു പെടേണ്ടി വരില്ലേ. സമാനമായ അവസ്ഥയാണ് ഈ കേസില്‍ ഹര്ജിക്കാരനുണ്ടാവുകയെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. ഇന്ത്യയെന്റെ രാജ്യമാണെന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നും ഉള്ള ദേശീയ പ്രതിജ്ഞയിലെ വാക്യങ്ങള്‍ സിംഗിള്‍ബെഞ്ച് വിധിന്യായത്തില്‍ എടുത്തു പറഞ്ഞു.
പ്രതി ജാമ്യത്തില്‍ ഇറങ്ങി മുങ്ങുന്നത് തടയാനാവും കോടതി ഇത്തരമൊരു വ്യവസ്ഥ വച്ചത്. ജാമ്യക്കാരന്റെ കൃത്യമായ വിലാസവും ഫോണ്‍നമ്പരും പ്രാദേശിക പൊലീസ് സ്റ്റേഷനുമൊക്കെ രേഖപ്പെടുത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാനാവുമെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: