(കൃഷ്ണാര്‍ജുന സംവാദം തുടര്‍ച്ച)
ഭഗവാനേ, അപ്പോള്‍ ആരാണ് മരിക്കുന്നത്?
അര്‍ജുനാ! ശരീരം മരിക്കുന്നു. ഒരു മനുഷ്യന് പഴയ വസ്ത്രം ഉപേക്ഷിച്ച് പുതിയ വസ്ത്രം ധരിക്കുന്നതുപോലെ, ഈ ജീവാത്മാവ് പഴയ ശരീരം ഉപേക്ഷിച്ച് മറ്റൊരു പുതിയ ശരീരത്തിലേക്ക് നീങ്ങുന്നു.
പുതിയ ശരീരങ്ങള്‍ സ്വീകരിക്കുമ്പോള്‍, ഇതില്‍ എന്തെങ്കിലും വികാരം ഉണ്ടാകുമോ?
ഇല്ല, ഇതില്‍ ഒരിക്കലും ഒരു വികാരവുമുണ്ടാകില്ല, കാരണം ആയുധങ്ങള്‍ക്ക് ഈ ആത്മാവിനെ മുറിക്കാനാവില്ല, അഗ്നിക്ക് അതിനെ ദഹിപ്പിക്കാനാവില്ല, വെള്ളത്തിന് നനയ്ക്കാന്‍ കഴിയില്ല, വായുവിന് വരണ്ടതാക്കാന്‍ കഴിയില്ല.
എന്തുകൊണ്ടാണ് ഇത് ആയുധം കൊണ്ട് മുറിയാത്തതും കത്താത്തതും നനയാത്തതും ഉണങ്ങാത്തതും?
ഈ ആത്മാവിനെ മുറിക്കാനോ കത്തിക്കാനോ നനയ്ക്കാനോ ഉണക്കാനോ കഴിയില്ല; കാരണം, ഇത് ശാശ്വതവും എല്ലാത്തിലും പൂര്‍ണ്ണവും സുസ്ഥിരമായ സ്വഭാവമുള്ളതും അചലവും സനാതനവുമാണ്. ഈ ആത്മാവ് ഇന്ദ്രിയങ്ങളുടെ വിഷയമല്ല, അതായത്, അത് പ്രത്യക്ഷത്തില്‍ ദൃശ്യമല്ല. ഇത് അന്തഃകരണത്തിന്റേയും വിഷയമല്ല, ഇതില്‍ ഒരു വികാരവും ഉണ്ടാകുന്നില്ല. അതുകൊണ്ട് ഈ ദേഹിയെ ഇങ്ങനെ അറിഞ്ഞു നീ ദുഃഖിക്കേണ്ടതില്ല.
ദേഹിയെ വികാര രഹിതമാണെന്ന് കരുതിയാല്‍ ദുഃഖം ഉണ്ടാകില്ല, എന്നാല്‍ അത് വികാരമുള്ളതായി കണക്കാക്കിയാല്‍ ശോകമുണ്ടാവുമല്ലോ?
ഹേ മഹാബാഹോ! ഈ ദേഹിയെ അനുദിനം ജനിക്കുകയും മരിക്കുകയും ചെയ്യുന്നതായി അംഗീകരിച്ചാലും, നീ അതിനെയോര്‍ത്ത് വിലപിക്കരുത്; കാരണം ജനിക്കുന്നവന്‍ തീര്‍ച്ചയായും മരിക്കും, മരിച്ചവന് തീര്‍ച്ചയായും ജനിക്കും. ഈ നിയമം ആര്‍ക്കും നീക്കം ചെയ്യാന്‍ കഴിയില്ല. അതിനാല്‍, ദേഹിയെക്കുറിച്ച് നീ വിലപിക്കരുത്.
ശരീരിയെ ഓര്‍ത്ത് വിലപിക്കാന്‍ പാടില്ല, ഇത് ശരിയാണ്; എങ്കിലും ശരീരത്തെയോര്‍ത്ത് വിലപിക്കേണ്ടി വരില്ലേ ഭഗവാനേ?
ശരീരത്തെക്കുറിച്ചും ദുഃഖിക്കേണ്ടതില്ല; കാരണം, ഓ ഭാരതാ! എല്ലാ ജീവികളും ജനനത്തിനുമുമ്പ് അവ്യക്തമായിരുന്നു, മരണശേഷം വീണ്ടും അവ്യക്തമാകും, ഇടയില്‍ മാത്രം പ്രത്യക്ഷപ്പെടും. അപ്പോള്‍, വിലപിക്കാന്‍ എന്താണുള്ളത്?
പിന്നെ ദുഃഖം എന്തുകൊണ്ടുണ്ടാവുന്നു ?
അറിവില്ലായ്മ കൊണ്ട്.
എങ്ങനെ അറിയും?
അറിയുക, അതായത് അനുഭവിക്കുക എന്നത്, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവ കൊണ്ട് സാധ്യമല്ല, അതിനാല്‍ ഈ ശരീരിയെ കാണുന്നതും പറയുന്നതും കേള്‍ക്കുന്നതും എല്ലാം ആശ്ചര്യം പോലെയാണ്. അതിനാല്‍ ആര്‍ക്കും അത് കേട്ട് അറിയാന്‍ കഴിയില്ല, അതായത് ഇത് സ്വയം അനുഭവിച്ചറിയാനേ സാധിക്കൂ. ഹേ ഭാരതവംശിയായ അര്‍ജുനാ! എല്ലാവരുടെയും ശരീരത്തില്‍ വസിക്കുന്ന ഈ ദേഹി ഒരിക്കലും നശിപ്പിക്കപ്പെടാത്തതാണ്, ഇത് അറിഞ്ഞുകൊണ്ട് നീ ഒരു ജീവിയെയും കുറിച്ച് ദുഃഖിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: