അയോധ്യ: ശ്രീരാമജന്മഭൂമിയില്‍ പ്രാണപ്രതിഷ്ഠയ്‌ക്കായുള്ള മുന്നൊരുക്കങ്ങള്‍ക്കൊപ്പം 26 കിലോമീറ്റര്‍ അകലെയായി അതിമനോഹരമായ പള്ളിയും തയാറാകുന്നു. 1857ലെ ഐതിഹാസികമായി സായുധ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന മൗലവി അഹമ്മദുള്ള ഷായുടെ ഓര്‍മ്മയ്‌ക്കായി മുഹമ്മദ് ബിന്‍ അബ്ദുള്ള മസ്ജിദ് എന്നാണ് പള്ളി അറിയപ്പെടുക.
താജ് മഹലിനേക്കാള്‍ സുന്ദരമായിരിക്കും അയോധ്യയിലെ ധനിപ്പൂരില്‍ ഉയരുന്ന പള്ളിയെന്ന് മസ്ജിദ് മുഹമ്മദ് ബിന്‍ അബ്ദുള്ള വികസന സമിതി ചെയര്‍മാനും ബിജെപി നേതാവുമായ ഹാജി അറഫാത്ത് ഷെയ്ഖ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദാകും ഇത്. 2021ലെ റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ടാണ് മസ്ജിദിന് ശില പാകിയത്.
ശ്രീരാമജന്മഭൂമി സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിട്ടുനല്കിയ അഞ്ചേക്കര്‍ ഭൂമിയിലാണ് പള്ളി നിര്‍മിക്കുന്നത്. മസ്ജിദിലെ ആദ്യ പ്രാര്‍ത്ഥന മക്ക ഇമാം അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസ് നിര്‍വഹിക്കും. അദ്ദേഹത്തോടൊപ്പം അറബ് രാജ്യങ്ങളില്‍ നിന്നടക്കമുള്ള പ്രമുഖ മുസ്ലീം പണ്ഡിതരെയും ക്ഷണിക്കുമെന്ന് അറഫാത്ത് ഷെയ്ഖ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ ഇനി അയോധ്യ മസ്ജിദിലാകും ഉണ്ടാവുക. 21 അടി ഉയരവും 36 അടി വീതിയുമുള്ള ഈ ഖുറാനിന്റെ നിറം കാവിയായിരിക്കുമെന്നും ഹാജി അറഫാത്ത് പറഞ്ഞു. സൂഫി സംന്യാസി ചിഷ്തിയുടെ നിറമെന്ന നിലയില്‍ കാവിക്ക് ഇസ്ലാമില്‍ പവിത്രമായ സ്ഥാനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
താജ്മഹലിനെ അതിശയിപ്പിക്കുന്ന രീതിയിലാകും മസ്ജിദിന്റെ രൂപകല്പന. വിസ്മയം സൃഷ്ടിക്കുന്ന ജലധാരകള്‍ സന്ധ്യാപ്രാര്‍ത്ഥനയോടെ സജീവമാകും. മസ്ജിദ് സന്ദര്‍ശിക്കുന്നതിന് എല്ലാ മതവിശ്വാസങ്ങളില്‍പ്പെട്ടവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. ഇസ്ലാമിക രീതികളും സാങ്കേതികവിദ്യയും സമന്വയിക്കുന്നതാണ് നിര്‍മാണ രീതി. വാജുഖാനയോട് ചേര്‍ന്ന് വലിയ അക്വേറിയമുണ്ടാകും. ദേഹശുദ്ധി വരുത്തുന്നതിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യങ്ങളുണ്ടാകും.
5,000 പുരുഷന്മാരും 4,000 സ്ത്രീകളും അടക്കം 9,000 വിശ്വാസികള്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാനുള്ള സൗകര്യമാണ് മസ്ജിദിലുള്ളത്. നമാസ്, റോസി, സകാത്ത്, തൗഹീദ്, ഹജ്ജ് എന്നീ ഇസ്ലാമിന്റെ അഞ്ച് സവിശേഷതകളെ സൂചിപ്പിക്കുന്ന വിധം അഞ്ച് മിനാരങ്ങളോടെയാണ് പള്ളി പൂര്‍ണമാവുക. മസ്ജിദ് സമുച്ചയത്തില്‍ മെഡിക്കല്‍, വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സംവിധാനമൊരുക്കും.
500 കിടക്കകളുള്ള കാന്‍സര്‍ ആശുപത്രി, സ്‌കൂള്‍, ലോ കോളജ്, മ്യൂസിയം, ലൈബ്രറി, സമ്പൂര്‍ണ സസ്യാഹാര അടുക്കള, സന്ദര്‍ശകര്‍ക്ക് സൗജന്യ ഭക്ഷണം എന്നിവയും ഒരുക്കും. മസ്ജിദിന്റെ ആദ്യ ഇഷ്ടികയില്‍ ഖുറാന്‍ വാക്യങ്ങളും പള്ളിയുടെ പേരും എഴുതിയിട്ടുണ്ട്. അയോധ്യയിലെ നിര്‍ദിഷ്ട മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദില്‍ ഉപയോഗിച്ചിരിക്കുന്ന ഇഷ്ടികകള്‍ വളരെ പ്രത്യേകതയുള്ളതാണ്. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ സ്മരണയ്‌ക്കായാണ് വിശ്വാസികള്‍ സമര്‍പ്പിച്ച ഇഷ്ടികകളാണ് കൂടുതലായും പള്ളിനിര്‍മ്മാണത്തിന്
ഉപയോഗിക്കുന്നതെന്ന് അറഫാത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: