പാലക്കാട് : മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച വ്യക്തിയുടെ പെന്‍ഷനില്‍ നിന്നും 500 വിതം പിടിക്കാന്‍ നടപടി. പാലക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് മുഹമ്മദാലിയുടെ പെന്‍ഷന്‍ തുകയില്‍ നിന്നാണ് 500 രൂപ പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്‍ജിഒ യൂണിയന്‍ അംഗം കൂടിയായിരുന്നു മുഹമ്മദാലി.
പാലക്കാട് ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസില്‍ സിനിയര്‍ സൂപ്രണ്ടായിരിക്കേ മുഹമ്മദാലി പങ്കുവെച്ച പോസ്റ്റുകളാണ് വിരമിച്ച ശേഷം അദ്ദേഹത്തിന് വിനയായത്. എം.എം. മണിക്കും അന്നത്തെ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെയായിരുന്നു. മണിയുടെ ചിരിയെ കുറിച്ചും ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയതിനും എതിരെയായിരുന്നു പോസ്റ്റ് പങ്കുവെച്ചത്. എന്‍ജിഒ യൂണിയന്‍ അംഗം കൂടിയായ മുഹമ്മദാലിയുടെ പോസ്റ്റിനെതിരെ പോലീസിലും വകുപ്പിലും പരാതിയെത്തി. തുടര്‍ന്ന് കോടതിയില്‍ കുറ്റസമ്മതം നടത്തി മുഹമ്മദാലി 3000 രൂപ പിഴയുമടച്ചു.
ഇതോടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്ന് കരുതി ഇരുന്നെങ്കിലും വെറുതെയായിരുന്നു. 2021ല്‍ മുഹമ്മദാലി സര്‍വീസില്‍ നിന്ന് വിരമിച്ചു. പിന്നെയും വകുപ്പ് തല അന്വേഷണം തുടര്‍ന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ ഹിയറിംഗില്‍ മുഹമ്മദാലി മാപ്പ് അപേക്ഷിച്ച് വിശദീകരണം നല്‍കി. ഗുരുതര സ്വഭാവത്തിലുള്ളതല്ല തെറ്റ് എന്നാണ് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ പിന്നീട് പെരുമാറ്റ ചട്ടത്തെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി പെന്‍ഷന്‍ തുകയില്‍ നിന്നും പ്രതിമാസം 500 രൂപ പിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു. 36 വര്‍ഷത്തെ സര്‍വീസുണ്ട് മുഹമ്മദാലിക്ക്. സംഭവത്തില്‍ പ്രതികരിക്കാനൊന്നുമില്ലെന്നതാണ് മുഹമ്മദാലിയുടെ നിലപാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: