തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ ഇഡിയുടെ അന്വേഷണം നേരിടുന്ന സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവിന്റെ പേരില്‍ തൃശ്ശൂര്‍ നഗരത്തില്‍ കോടികള്‍ വിലയുള്ള 12 സെന്റ് ഭൂമി. ഇത് വാങ്ങിയതിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വര്‍ഗീസ് മറുപടി നല്‍കിയില്ല.
തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി വര്‍ഗീസിന്റെ ഉറ്റ ബന്ധുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കരുവന്നൂര്‍ സഹ. ബാങ്കില്‍ വന്‍ തട്ടിപ്പുകള്‍ നടക്കുന്ന സമയത്താണ് ഈ ഭൂമി ഇടപാടും നടന്നിട്ടുള്ളത്. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വര്‍ഗീസ് കൃത്യമായ മറുപടി നല്‍കിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വന്‍ തുക വ്യാജ വായ്പകള്‍ അനുവദിക്കുന്നതിനായി സിപിഎം കമ്മീഷന് വാങ്ങിയെന്ന സാക്ഷികളുടേയും പ്രതികളുടേയും മൊഴികളെക്കുറിച്ച് വര്‍ഗീസിനോട് വിവരങ്ങള്‍ തേടി.
പാര്‍ട്ടിയുടെ ദൈനംദിന വരവ് ചെലവ് കണക്കുകള്‍ വെളിപ്പെടുത്താനാകില്ലെന്ന നിലപാടിലായിരുന്നു വര്‍ഗീസ്. സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം ഉണ്ടെന്നും കണക്കുകള്‍ നല്‍കാനാവില്ലെന്നും വര്‍ഗീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഇ ഡി വര്‍ഗീസിന് താക്കീത് നല്കി.
അതേസമയം ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ കോടതിയെ സമീപിക്കാനാണ് സിപിഎം നീക്കമെന്ന് സൂചനയുണ്ട്. ചോദ്യം ചെയ്യല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് പാര്‍ട്ടി ആലോചിക്കുന്നു. കരുവന്നൂരിന് പുറമേ ജില്ലയിലെ മറ്റ് സഹ. ബാങ്കുകളിലും വ്യാജവായ്പ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇവിടെയും സിപിഎം നേതാക്കള്‍ കമ്മീഷന് പറ്റിയിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചും വര്‍ഗീസിനോട് വിവരങ്ങള്‍ തേടി. ഇക്കാര്യത്തിലും കൃത്യമായ മറുപടി നല്കാന് ജില്ലാ സെക്രട്ടറി തയ്യാറായിട്ടില്ല.
കേസിലെ പ്രധാന പ്രതികളില്‍ ഒരാളും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷന്റെ ജാമ്യ ഹര്‍ജി ഇന്നലെയും കോടതി മാറ്റിവെച്ചു. അരവിന്ദാക്ഷന് കേസിലെ മുഖ്യപ്രതിയാണെന്നും കമ്മീഷന് ഇടപാടിന് സിപിഎം നേതൃത്വത്തിനും തട്ടിപ്പുകാര്ക്കുമിടയില് ഇടനിലക്കാരനായി നിന്നത് അരവിന്ദാക്ഷനാണെന്നും ഇ ഡി ഇന്നലെയും കോടതിയില്‍ ആവര്‍ത്തിച്ചു.
അതിനിടെ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ ടി.വി. സുഭാഷിന് ഹാജരാകണം എന്ന് കാണിച്ച് ഇ ഡി നല്കിയ സമന്‍സ് ഹൈക്കോടതി മരവിപ്പിച്ചു. ഇ ഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കരുവന്നൂര്‍ കേസിന്റെ പുറത്തുള്ളതാണെന്നും, ഈ വിവരങ്ങള്‍ നല്‍കാനാകില്ലെന്നും കാണിച്ച് ടി.വി. സുഭാഷ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് താല്‍ക്കാലികമായി സമന്‍സ് മരവിപ്പിച്ചത്. കേസ് തുടര്‍വാദം കേട്ട ശേഷം അന്തിമ തീരുമാനം എടുക്കും. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇടക്കാല ഉത്തരവ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: