മുപ്പതുനാള് പിന്നിടുമ്പോള്‍ ശ്രീരാമ ജന്മഭൂമിയില് പ്രാണപ്രതിഷ്ഠ. ജനുവരി 22ന് ഉച്ചയ്ക്ക് 12നു ശേഷമുള്ള ശുഭ മുഹൂര്‍ത്തത്തില്‍… ഭഗവാന് പിറന്നുവീണ, പിച്ചവച്ച് ഓടിക്കളിച്ച അതേ മണ്ണില്‍ പ്രപഞ്ചത്തെയും കാലത്തെയും സാക്ഷിയാക്കി ബാലക രാമനെപ്രതിഷ്ഠിക്കും… മകരസംക്രമ നാള് മുതല്‍ പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി വരെ പ്രത്യേക പൂജകള്‍… പ്രാണപ്രതിഷ്ഠ മുതല്‍ 48 നാള് പേജാവര്‍ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീര്‍ത്ഥയുടെ നേതൃത്വത്തില്‍ മണ്ഡല പൂജ..
പോരാട്ടത്തിന്റെയും സഹനത്തിന്റെയും കനലൊഴിയാത്ത നൂറ്റാണ്ടുകള്‍ പിന്നിട്ട് ഭവ്യഭാരതം വിജയ മുഹൂര്‍ത്തത്തിലേക്ക്. രാവണ വിജയം കഴിഞ്ഞ് സീതാ ലക്ഷ്മണ സമേതനായി ഭഗവാനെത്തുന്നതു സങ്കല്‍പ്പിച്ച് എത്രയോ ദീപാവലികളില്‍ രാഷ്ട്രം മനസിലും മണ്ണിലും ദീപം തെളിച്ചു. രാമവിജയ മന്ത്രമുരുക്കഴിച്ച് എത്രയോ ദിനരാത്രങ്ങളില്‍ കാലമാകെ തപമിരുന്നു…. സഹനവും സമരവും ബലിദാനങ്ങളും സഫലമാകുന്നു. അധിനിവേശ ശക്തികള്‍ പല തവണ തച്ചുടച്ചിട്ടും അനശ്വരമായി രാമമന്ത്രവും രാമ മന്ദിരവും ലോകമാകെ നിറയുന്നു. രാഷ്ട്രത്തിന്റെ അഭിമാന മന്ദിരമെന്ന ഉദ്ഘോഷവുമായി ഓരോ ഗ്രാമവും അയോധ്യയാകുന്നു. ഓരോ മനസും ഭഗവാന് രാമന് വാണരുളുന്ന ശ്രീകോവിലാകുന്നു..
രാമക്ഷേത്രം കെട്ടിപ്പടുത്തത് ഭാരതത്തിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും ഭക്തകോടികള്‍ സമാഹരിച്ചെത്തിച്ച ശിലകളിലാണ്. ഓരോ കല്ലിലും അവര്‍ മനസുകൊണ്ട് രാമനാമം കൊത്തിവച്ചു. നൂറ്റാണ്ടുകള്‍ പിന്നിട്ട പോരാട്ടത്തില്‍ ഈ തലമുറയും അണി ചേര്‍ന്നു. കര്‍സേവ നടത്തി. രാമഭക്തരുടെ ചോരയാല്‍ സരയു ചുവന്നു… നിരവധിപേര്‍ ബലിദാനികളായി… മരണത്തെയും വെല്ലുവിളിച്ച് കര്‍സേവകര്‍ അഭിമാന മന്ദിരത്തിന് അടിക്കല്ലു പാകി… പിന്നാക്കക്കാരില്‍ പിന്നാക്കക്കാരനായ കാമേശ്വര് ചൗപാല്‍ അന്നു പാകിയത് യഥാര്‍ഥ രാമരാജ്യത്തിന്റെ ശിലയായിരുന്നു.
കാലങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനും കാത്തിരിപ്പിനുമൊടുവില്‍ രാമഭക്തര്ക്കുമുന്നില് നീതി കണ്ണുതുറന്നു. ധര്‍മമൂര്‍ത്തിയായ ഭഗവാന് രാമന് ഭവ്യമന്ദിരമൊരുങ്ങി… അവസാനിക്കുന്നത് ആ വനവാസ കാലമാണ്. കുടിലും കൊട്ടാരവും കാടും മലയും കടലോരവും ഒരേ മനസോടെ പ്രാര്‍ഥനാ നിരതമാകുന്ന ആ ദിവസമാണ് വരുന്നത്. ജാതിയുടെയും മതങ്ങളുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത്. ദേശാതിര്‍ത്തികള്‍ ഭേദിച്ച് ഒരേയൊരു വികാരം… ആദര്‍ശ പുരുഷന് ക്ഷേത്രം നിര്‍മിക്കാന്‍ ലോകത്തെ എല്ലായിടത്തും നിന്ന് സാമഗ്രികളെത്തി. നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്ന് സാളഗ്രാമങ്ങള്‍, കര്‍ണാടകയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും വെണ്ണക്കല്ലുകള്‍, ഭഗവാന് രാമന് ആരതി ഉഴിയാന്‍ ജോധ്പൂരിലെ ഗോശാലകളില്‍ നിന്ന് നാടന്‍ നെയ്യ്, ഝാര്‍ഖണ്ഡില്‍ നിന്ന് വനവിഭവങ്ങള്‍…. ലോകമെമ്പാടും നിന്ന് രാമായണങ്ങള്‍… കര്‍ണാവതിയില്‍ നിന്ന് കൊടിമരങ്ങള്‍, നാമക്കല്ലില്‍ നിന്ന് വെങ്കലമണികള്‍, ഭാഗ്യനഗറില്‍ നിന്ന് മെതിയടികള്‍, പൂനെയില്‍ നിന്ന് പട്ടുടയാടകള്‍, ചന്ദ്രപൂരില്‍ നിന്ന് തടിയുരുപ്പടികള്‍, അഹമ്മദാബാദില്‍ നിന്ന് വജ്രാഭരണങ്ങള്‍…. രാമലീലയില്‍ നിറഞ്ഞാടാന്‍ അറബ്നാടുകളില്‍ നിന്നടക്കം 21 രാജ്യങ്ങളിലെ കലാപ്രതിഭകള്‍… ഭഗവാന് രാമന്റെ പ്രാണപ്രതിഷ്ഠ ലോക മഹോത്സവമാകുന്നതിങ്ങനെയാണ്…
പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ലോകത്ത് രാമഭക്തരുള്ള എല്ലായിടത്തും രാവിലെ 11 മണി മുതല്‍ ജനങ്ങള്‍ ഒത്തുചേരും. വീടുകളില്‍ രാമ ദീപാവലി കൊണ്ടാടും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: