പാള്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. സഞ്ജു സാംസണിന്റെ (108) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് പുറത്തായി.
81 റണ്‍സ് നേടിയ ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
മികച്ച തുടക്കമാണ് റീസ ഹെന്‍ഡ്രിക്സും (19) ടോണിയും ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 59 റണ്‍സാണ് കൂട്ടിചേര്‍ത്തത്. റീസയെ പുറത്താക്കി അര്‍ഷ്ദീപ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. എയ്ഡന്‍ മാര്‍ക്രം (36) പ്രതീക്ഷ നല്‍കിയെങ്കിലും വീണു. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. ടോണിയെ അര്‍ഷ്ദീപ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. ഹെന്റിച്ച് ക്ലാസന് (21), വിയാന്‍ മള്‍ഡര്‍ (1), കേശവ് മഹാരാജ് (14), ബ്യൂറന്‍ ഹെന്‍ഡ്രിക്സ് (18), ലിസാഡ് വില്യംസ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ടോസ് നേടിയ ആതിഥേയര്‍ ഭാരതത്തെ ബാറ്റിങ്ങിന് വിടുകയായിരുന്നു. തുടക്കത്തിലേ തന്നെ തിരിച്ചടി നേരിട്ട ഭാരതത്തെ സഞ്ജു നയിച്ച മികച്ച ബാറ്റിങ്ങിലൂടെയാണ് വെല്ലുവിളിക്കാവുന്ന ടോട്ടലിലേക്കെത്തിയത്. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് ഭാരതം നേടിയത്. ഓപ്പണര്‍മാരായ രജത് പാട്ടിദാറിനെ(22) നഷ്ടപ്പെട്ട സാഹചര്യത്തില്‍ മൂന്നാം നമ്പര്‍ ബാറ്ററായാണ് സഞ്ജു ക്രീസിലെത്തിയത്. അധികം വൈകാതെ സായി സുദര്‍ശനെയും(10) നഷ്ടപ്പെട്ടു.
ഭാരതം രണ്ടിന് 49 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം ചേര്‍ന്ന കെ.എല്‍. രാഹുല്‍ പതുക്കെ ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. 52 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ 21 റണ്‍സെടുത്ത രാഹുല്‍ വിയാന്‍ മുള്ഡറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നെ തിലക് വര്‍മയെയും കൂട്ടുപിടിച്ച് ഭാരതത്തെ സഞ്ജു മികവിലേക്ക് ഉയര്‍ത്തുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വിലപ്പെട്ട 116 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. തിലക് വര്‍മ 52 റണ്‍സെടുത്തു. സ്ഥിരം ആക്രമണോത്സുക ശൈലി വിട്ട്. പക്വമായ ബാറ്റിങ്ങിലൂടെയാണ് സഞ്ജു ഇന്നിങ്സ് കെട്ടിപ്പടുത്തത്.
44-ാം ഓവര്‍ എറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിന്റെ പന്തില്‍ സിംഗിളെടുത്തുകൊണ്ടാണ് സഞ്ജു കരിയറിലെ ആദ്യ സെഞ്ചുറി നേടിയത്. 2015ല്‍ അന്താരാഷ്ട്ര ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച താരം ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സെഞ്ചുറി നേടിയത് താരത്തിന്റെ 16-ാം ഏകദിനമാണ് ഇന്നലെ നടന്നത്.
സെഞ്ചുറിക്ക് പിന്നാലെ വമ്പന്‍ ഷോട്ടുകള്‍ കളിച്ച് ഭാരത സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ലിസാദ് വില്ല്യംസിന്റെ പന്തില്‍ സഞ്ജു പുറത്താകുകയായിരുന്നു. ഈ സമയം ഭാരത സ്കോര്‍ 45.3 ഓവറില്‍ 246 റണ്‍സിലെത്തിയിരുന്നു. 114 പന്തുകള്‍ നേരിട്ട സഞ്ജു ആറ് ബൗണ്ടറിയുടെയും മൂന്ന് സിക്സറിന്റെയും ബലത്തില്‍ 108 റണ്‍സെടുത്തു.
വാഷിങ്ടണ്‍ സുന്ദര്‍ 14 റണ്‍സെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിങ്ങു(ഏഴ്)ം ആവേശ് ഖാനു(ഒന്ന്)ം പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഹെന്‍ഡ്രിക്സ് മൂന്ന് വിക്കറ്റ് നേടി. നാന്‍ഡ്രെ ബര്‍ഗര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: