തേഞ്ഞിപ്പലം: ”ഒന്നരമണിക്കൂറോളം പൊരിവെയിലില്‍ നിര്‍ത്തി. ഗവര്‍ണറുടെ നോമിനിയാണെന്നും സെനറ്റ് യോഗത്തില്‍ പങ്കെടുക്കണമെന്നും രണ്ടാഴ്ചമുമ്പ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ അറിയിപ്പ് കിട്ടിയതനുസരിച്ചാണ് എത്തിയത്. എന്നാല്‍ തന്നെ ബലം പ്രയോഗിച്ച് തടഞ്ഞ് വെച്ചപ്പോഴും യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വെയിലത്ത് നിന്നപ്പോഴും അതുവഴി കടന്നു പോയ വിസി തിരിഞ്ഞു നോക്കിയില്ല” പറയുന്നത് പദ്മശ്രീ പുരസ്‌ക്കാര ജേതാവും എഴുത്തുകാരനുമായ ബാലന്‍ പൂതേരി.
രണ്ട് കണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെട്ട ബാലന്‍ പൂതേരി പരസഹായത്തോടെയാണ് ഇന്നലെ സെനറ്റ് ഹൗസിന് മുന്നിലെത്തിയത്. ബാലന്‍പൂതേരിയല്ലേയെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികള്‍ തടഞ്ഞത്. ചുറ്റും നടക്കുന്നത് എന്താണെന്ന് മനസിലായില്ല.
എസ്എഫ്‌ഐക്കാരുടെ മുദ്രാവാക്യം കേട്ടപ്പോഴാണ് എന്നെ ഉപരോധിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്, അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐക്കാരുടെ ശാരീരിക പ്രതിരോധത്തെ അതിജീവിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ മാറിനില്‍ക്കുകയായിരുന്നു. പോലീസ് ഇടപെടുമെന്നും യോഗം തുടങ്ങുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നുമാണ് കരുതിയത്. എന്നാല്‍ അത് ഉണ്ടായില്ല. അന്യായമായി തടഞ്ഞുവെച്ചതിനും കൈയേറ്റം ചെയ്തതിനുമെതിരെ നിയമനടപടിക്ക് പോകും. അദ്ദേഹം പറഞ്ഞു.
സംഭവം മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും അന്വേഷിക്കണം. എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് അക്രമശൈലിയ്‌ക്കെതിരെ സാംസ്‌കാരിക കേരളം പ്രതിഷേധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇനിഒരിക്കലും ഭിന്നശേഷിക്കാര്‍ക്കെതിരെ ഇത്തരം ക്രൂരനടപടികള്‍ ഉണ്ടാകാതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: