ന്യൂദല്‍ഹി: വന്ദേഭാരത് ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പാതയ്ക്ക് ഇരുവശത്തും സുരക്ഷാവേലി നിര്‍മ്മിക്കാന്‍ റെയില്‍വേ. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്.
വന്ദേഭാരത്, 130 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന മേഖലകളില്‍ സുരക്ഷാവേലി സ്ഥാപിക്കുന്ന കാര്യമാണ് റെയില്‍വേ പരിഗണിക്കുന്നത്. ബിജെപി എംപി ഘനശ്യാം സിങ് ലോധിയുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വന്ദേഭാരത് ഓടുന്ന പാളങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ തടസങ്ങള്‍ സൃഷ്ടിക്കുന്ന കാര്യമടക്കം ഘനശ്യാം ചൂണ്ടിക്കാട്ടിയിരുന്നു.
സുരക്ഷയ്ക്കാണ് റെയില്‍വേ ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നതെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേഭാരത് മണിക്കൂറില്‍ 110 മുതല്‍ 130 വരെ കിലോമീറ്റര്‍ വേഗത്തിലോടുന്ന മേഖലകളിലെ അപകടസാധ്യതയുള്ള ഭാഗങ്ങളിലും മണിക്കൂറില്‍ 130 കിലോമീറ്ററിലധികം വേഗത്തിലോടുന്ന ഭാഗങ്ങളിലും പാളത്തിന് ഇരുവശത്തും സുരക്ഷാവേലി സ്ഥാപിക്കുന്ന കാര്യമാണ് പരിഗണിക്കുക.
2023 നവംബര്‍ വരെ റെയില്‍വേ ട്രാക്കുകളില്‍ വിവിധ വസ്തുക്കള്‍വെച്ച് സാമൂഹ്യവിരുദ്ധര്‍ തടസം സൃഷ്ടിച്ച നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ അറസ്റ്റുചെയ്തതായും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. സുരക്ഷാവേലി സ്ഥാപിക്കുന്നതിനു പുറമെ മറ്റ് നിരവധി നടപടിക്രമങ്ങള്‍ റെയില്‍വേ സുരക്ഷാ സേനയും സാങ്കേതിക വിഭാഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: