കോഴിക്കോട് : നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന മുഴുവന്‍ അക്രമങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കല്യാശ്ശേരിമുതല്‍ കൊല്ലം വരെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ക്രിമിനലുകള്‍ ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചു. സഹികെട്ടപ്പോഴാണ് അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞത്.
നവകേരള സദസുമായി ബന്ധപ്പെട്ട് ഏത് കേസെടുത്താലും മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ടയാളാണ്. വധശ്രമത്തിനു പോലീസ് കേസെടുത്ത അക്രമ സംഭവം മാതൃകാ പ്രവര്‍ത്തനം ആയിരുന്നെന്നും അത് ഇനിയും തുടരണമെന്നും പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കലാപത്തിന് ആഹ്വാനം ചെയ്തതിനു കേസില്‍ പ്രതിയാകേണ്ടയാളാണ് പിണറായി വിജയന്. ഇന്നലെവരെയും മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
എസ്എഫ്ഐക്കാരോടുള്ള സമീപനമല്ല പോലീസ് കെഎസ്യുവിനോട് കാണിക്കുന്നത്. കെഎസ്യുക്കാരേയും യൂത്ത് കോണ്‍ഗ്രസുകാരേയും അടിച്ചാല്‍ ആരും ചോദിക്കില്ലെന്നാണ് ധാരണയെങ്കില്‍ അതു തെറ്റാണ്. അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യും. പോലീസ് നിഷ്പക്ഷമായി കേസെടുത്തില്ലെങ്കില്‍ ഞങ്ങള്‍ക്കു വേറെ മാര്‍ഗമില്ല. കഴിഞ്ഞ ദിവസം ഒരു പുരുഷ എസ്ഐയാണു പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചു കീറിയത്. പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പേടിപ്പിക്കാനൊന്നും മുഖ്യമന്ത്രി നോക്കണ്ട. ജയിലില്‍ പോകാനും പേടിയില്ല. ഇല്ലാത്ത കേസില്‍ കുട്ടികളെ ജയിലിലാക്കിയാല്‍ അവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവും ഉണ്ടാകും.
2,000 പോലീസുകാരുടെയും 150 വാഹനങ്ങളുടെയും പാര്‍ട്ടി ഗുണ്ടകളുടെയും ക്രിമിനലുകളുടെയും അകമ്പടിയില്‍ നടക്കുന്ന മുഖ്യമന്ത്രി ഭീരുവാണെന്നാണു ഞാന്‍ പറഞ്ഞത്. സുധാകരനോടു ചോദിക്കൂ എന്നാണ് മുഖ്യമന്ത്രി അതിനു മറുപടി നല്‍കിയത്. പിണറായി വിജയന് ഭീരുവാണെന്നാണ് കെ.സുധാകരനോടു ചോദിച്ചപ്പോള്‍ അദ്ദേഹവും പറഞ്ഞത്.
പ്രതിപക്ഷ നേതാവിനു നിരാശ എന്നാണു മുഖ്യമന്ത്രി പറയുന്നത്. ദിനംപ്രതി ജനങ്ങളാല്‍ വെറുക്കപ്പെട്ട സര്‍ക്കാരിനെ കാണുമ്പോള്‍ എനിക്ക് നിരാശ എന്തിന്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളത്തിന്റെ മണ്ണില്‍ കുഴിച്ചുമൂടാന്‍ നടത്തിയ യാത്രയാണെന്നു ജനങ്ങള്‍ വഴിയരികില്‍നിന്ന് പറയുമ്പോള്‍ പ്രതിപക്ഷത്തിന് നിരാശ എന്തിനാണ് കേരളത്തില്‍ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് കൃത്യമായ മുന്‍തൂക്കമുണ്ട്. പിന്നെ ഞങ്ങള്‍ക്ക് എന്തിനാണ് നിരാശ. മുഖ്യമന്ത്രി സ്ഥാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. വിജയന് എന്നു വിളിക്കാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നാണ് വിളിക്കുന്നത്. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ പേരെടുത്ത് വിളിച്ചു എങ്കില്‍ അത് അദ്ദേഹത്തിന്റെ ഔചിത്യം. എന്റെ പേര് അല്ലേ വിളിച്ചത്. ദേഷ്യം വരുമ്പോള്‍ പാര്‍ട്ടിക്കാരെ ഒക്കെ വിളിക്കുന്നത് പോലെ എന്നെ വിളിച്ചില്ലല്ലോ. ഒരു പരാതിയും ഇല്ല.
പൊതുമരാമത്ത് മന്ത്രിയുടെ നാവ് റെഡിയായി എന്നറിഞ്ഞതില്‍ സന്തോഷം. മാസപ്പടി വിവാദം വന്നപ്പോള്‍ അദ്ദേഹം നാവ് ഉപ്പിലിട്ടു വച്ചിരിക്കുകയായിരുന്നു. കണ്ണാടി നോക്കിയാല്‍ പ്രതിപക്ഷ നേതാവ് ലജ്ജ കൊണ്ട് മുഖം കുനിക്കുമെന്നാണു പൊതുമരാമത്ത് മന്ത്രി പറഞ്ഞത്. അഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കാവുന്ന കാര്യങ്ങളെ ഞാന്‍ ചെയ്തിട്ടുള്ളൂ. അത് ഓരോരുത്തരുടെയും ആത്മവിശ്വാസമാണ്. വിലയിരുത്തേണ്ടത് ജനങ്ങളാണ്. പൊതുമരാമത്ത് മന്ത്രി കണ്ണാടി നോക്കിയാല്‍ എങ്ങനെ ഈ സ്ഥാനത്ത് എത്തിയത് എന്നതിന്റെ പൂര്‍വകാല കഥകള്‍ അറിയും. കോഴിക്കോട് മത്സരിക്കാനെത്തിയപ്പോള്‍ എം.പി. വിരേന്ദ്രകുമാര്‍ പറഞ്ഞത് മുതല്‍ മാനേജ്മെന്റ് ക്വോട്ടയില്‍ മന്ത്രിയായത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും കണ്ണാടി നോക്കിയാല്‍ തെളിയും. ആരാണ് നാണിച്ച് തലതാഴ്ത്തുകയെന്ന് അപ്പോള്‍ ബോധ്യമാകും.
മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ പൊതുമരാമത്ത് മന്ത്രിക്ക് മാത്രമേ നോവുന്നുള്ളു. വേറെ ആര്‍ക്കും നോവുന്നില്ല. മറുപടി പറയാന്‍ ഇദ്ദേഹം മാത്രമേയുള്ളൂവെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: