അഹമ്മദാബാദ്: ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഏഴ് സൂര്യസ്തംഭങ്ങളും 42 വാതിലുകളും പൂര്‍ത്തിയായി. ക്ഷേത്രത്തിലേക്കുള്ള പ്രധാന കൊടിമരവും പ്രദക്ഷിണ പഥത്തിലെ ആറ് സ്തംഭങ്ങളുമാണ് കര്‍ണാവതിയില്‍ നടന്ന ചടങ്ങില്‍ ഇന്നലെ ആചാര്യന്മാര്‍ ആരതി ഉഴിഞ്ഞ് അയോധ്യയിലേക്ക് അയയ്‌ക്കാന്‍ അനുമതി നല്കിയത്.
അഹമ്മദാബാദിലെ ഗോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഅംബിക എന്‍ജിനീയറിങ് വര്‍ക്‌സിലാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വെങ്കലത്തിലാണ് കതകുകളും കൊടിമരങ്ങളും പണിതത്. ഇതു കൂടാതെ ശ്രീരാമക്ഷേത്രത്തിലേക്കുള്ള പൂട്ടുകള്‍, കൊളുത്തുകള്‍ തുടങ്ങിയവയെല്ലാം ഇവിടെയാണ് നിര്‍മ്മിച്ചത്.
സ്ഥാപനത്തിന്റെ എണ്‍പത്തൊന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് കിട്ടിയ പുണ്യമാണ് ഭഗവാന്‍ ശ്രീരാമന് വേണ്ടി ഇത് ചെയ്യാന്‍ അവസരം ലഭിച്ചതെന്ന് ശ്രീഅംബിക എന്‍ജിനീയറിങ് വര്‍ക്‌സിന്റെ നടത്തിപ്പുകാരന്‍ ദേവ്ചന്ദ്ഭായ് രാംനാഥ് മേവാഡ പറയുന്നു. എല്‍ ആന്‍ഡ് ടി കമ്പനിക്കാരാണ് നിര്‍മ്മാണത്തിനുള്ള കരാര്‍ ഇവര്‍ക്ക് നല്കിയത്. നാല്പത്തഞ്ച് ശില്പികള്‍ ആറ് മാസം രാവും പകലും വിശ്രമമില്ലാതെയാണ് ഈ രാമദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് മേവാഡ ചൂണ്ടിക്കാട്ടി.
പ്രധാന കൊടിമരത്തിന് 5500 കിലോ ഭാരമുണ്ട്. 44 അടി ഉയരവും. മറ്റുള്ളവയ്‌ക്ക് 750 കിലോ തൂക്കവും 20 അടി ഉയരവും. നിര്‍മാണത്തിന് സ്‌പെഷല്‍ ക്വാളിറ്റി വെങ്കലമാണ് പൂര്‍ണമായും ഉപയോഗിച്ചത്.
കര്‍ണാവതി ശിവാനന്ദാശ്രമത്തിലെ സ്വാമി പരമാത്മാനന്ദ്, സന്ത് ചൈതന്യ ശംഭു, നരോദയിലെ പഞ്ചമുഖി ഹനുമാന്‍ ക്ഷേത്രത്തിലെ മഹാമണ്ഡലേശ്വര്‍ അഖിലേശ്വര്‍ ദാസ്, വിഎച്ച്പി ഗുജറാത്ത് ക്ഷേത്രീയ കാര്യദര്‍ശി അശോക് റാവല്‍, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ശൈലേഷ് പട്ടേല്‍, മഹാനഗര്‍ സംഘചാലക് മഹേഷ് പരീഖ് തുടങ്ങി നിരവധി പ്രമുഖര്‍ ഇന്നലെ പൂജാചടങ്ങുകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: