ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവികളിലിരിക്കുന്നവരെ അപമാനിക്കുന്നത് പതിവാക്കി പ്രതിപക്ഷം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നിരന്തരം അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറെയും പരസ്യമായി അപഹസിക്കുകയാണ്.
പ്രധാനമന്ത്രി മോദിയുടെ ജാതിയെ കളിയാക്കി വലിയ ജനരോഷം വരുത്തിയ പ്രതിപക്ഷം ധന്‍ഖറെ അപമാനിച്ചതിലൂടെ ജാട്ട് സമൂഹത്തിന്റെ വ്യാപക അപ്രീതിയാണ് പിടിച്ചുപറ്റിയത്. ധന്‍ഖറെ അപമാനിച്ചതിനുള്ള മറുപടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ തരാമെന്ന ജാട്ട് അസോസിയേഷന്റെ പ്രസ്താവനയും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി പദത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ഏറെ ചര്‍ച്ചയായത് അദ്ദേഹത്തിന്റെ ജാട്ട് പശ്ചാത്തലവും കര്‍ഷകന്റെ മകനെന്ന വിശേഷണവുമായിരുന്നു. അതിനാല്‍ തന്നെ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണക്കിടെ ടിഎംസി അംഗം കല്യാണ്‍ ബാനര്‍ജി രാജ്യസഭാധ്യക്ഷനെ വ്യക്തിപരമായി അധിക്ഷേപിച്ച് മിമിക്രി നടത്തിയപ്പോള്‍ ജാട്ട് സമൂഹത്തിന് നേര്‍ക്കുള്ള അപമാനമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ബാനര്‍ജിയുടെ പ്രവൃത്തിക്ക് പിന്നാലെ സഭ സമ്മേളിച്ചപ്പോള്‍ ജാട്ട് സമുദായാംഗമെന്ന നിലയിലും അപമാനിതനായെന്ന് ധന്‍ഖര്‍ പരസ്യമായി രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ നടപടി ഏറെ വിവാദമായി ഉയര്‍ന്നുവന്നത്.
ഹരിയാനയില്‍ 30 ശതമാനവും പഞ്ചാബില്‍ 23 ശതമാനവും പടിഞ്ഞാറന്‍ യുപിയില്‍ 18 ശതമാനവും രാജസ്ഥാനില്‍ 15 ശതമാനവുമുള്ള അതിശക്തമായ സമൂഹമാണ് ജാട്ട്. രാജ്യത്താകെ മൂന്നുകോടി ജാട്ട് സമൂഹമുണ്ടെന്നാണ് കണക്ക്. ജാട്ട് സമൂഹത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായുണ്ടായിട്ടും പ്രതിഷേധമുയരാത്തതും ജാട്ട് സമൂഹത്തില്‍ അസ്വസ്ഥതകളുണ്ടാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക് ദള്‍ നേതാവും ചരണ്‍സിങിന്റെ കൊച്ചുമകനുമായ ജയന്ത് ചൗധരി ഉപരാഷ്ട്രപതി അപമാനിക്കപ്പെട്ടതിന് പിന്നാലെ നടന്ന ഇന്‍ഡി സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുത്തെങ്കിലും വിഷയത്തില്‍ മൗനം പാലിച്ചതും വിവാദമായിട്ടുണ്ട്.
ബംഗാള്‍ ഗവര്‍ണറായ കാലത്ത് ധന്‍ഖറും ടിഎംസിയും തമ്മില്‍ ആരംഭിച്ച ശീതസമരം ഇപ്പോഴും തുടരുകയാണെന്നാണ് കല്യാണ്‍ ബാനര്‍ജിയുടെ നടപടികള്‍ തെളിയിക്കുന്നത്. കൈക്കൂലി വാങ്ങിയ ബംഗാള്‍ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറായിരിക്കെ ധന്‍കര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമായിരുന്നു ടിഎംസി ഉയര്‍ത്തിയത്.
ധന്‍ഖറിനെതിരെ ബംഗാളിലെ വിവിധ ഇടങ്ങളില്‍ കേസ് കൊടുക്കണമെന്ന് കല്യാണ്‍ ബാനര്‍ജി ആഹ്വാനം ചെയ്തിരുന്നു. അയാള്‍ എല്ലാക്കാലവും ഗവര്ണറായിരിക്കില്ലെന്നും പദവി പോയാല്‍ അറസ്റ്റ് ചെയ്തു ജയിലിലിടുമെന്നുമായിരുന്നു ബാനര്‍ജിയുടെ ഭീഷണി. എന്നാല്‍ ഏറെ അപ്രതീക്ഷിതമായി ധന്‍ഖര്‍ ഉപരാഷ്ട്രപതി പദത്തിലേക്ക് എത്തിയതോടെയാണ് ആ പദ്ധതി ടിഎംസി ഉപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: