തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ച് സംസ്ഥാനസര്‍ക്കാര്‍. ഗവര്‍ണര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.
കോഴിക്കോട് മിഠായി തെരുവില്‍ ഗവര്‍ണറുടെ അപ്രഖ്യാപിത സന്ദര്‍ശനവും ചൂണ്ടിക്കാട്ടിയാണ് കത്തിലെ പരാമര്‍ശങ്ങള്‍. കത്തയച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും ഈ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. വിഐപി എന്ന നിലയിലുള്ള പ്രോട്ടക്കോള്‍ ഗവര്‍ണര്‍ ലംഘിച്ച് യാത്ര ചെയ്തെന്നും അതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് കത്ത്. രാഷ്ട്രപതിയെ അഡ്രസ് ചെയ്തുകൊണ്ടുള്ള കത്തില്‍ ഗവര്‍ണര്‍ ഭരണഘടന ചുമതല വഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു.
ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ഗവർണർ കോഴിക്കോട് നഗരത്തിലിറങ്ങിയത്. ജനങ്ങളോട് കുശലാന്വേഷണം നടത്തിയും കുട്ടികളെ ലാളിച്ചും കടകളിൽ കയറി ഹൽവയുടെ രുചിയും നുണഞ്ഞായിരുന്നു അദ്ദേഹം ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയത്. ഇത് സർക്കാരിനെ വല്ലാതെ അസ്വസ്ഥതയുണ്ടാക്കിയിരുന്നു.
പിന്നാലെ മന്ത്രിമാരും മുഖ്യമന്ത്രിയും അടക്കം ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്ത് എത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: