റിയോ ഡി ജനീറോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക ഫുടബോള്‍ ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകും. നേരത്തെയേറ്റ പരിക്ക് ഭേദമാകാത്തതാണ് താരത്തിന് തിരിച്ചടിയാകുന്നത്. നെയ്മറുടെ അഭാവം ബ്രസീലിന് ടൂര്‍ണമെന്റില്‍ കനത്ത തിരിച്ചടിയാകും. 2024 ജൂണില്‍ അമേരിക്കയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.
ഉറുഗ്വെയ്ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കഴിഞ്ഞ ഒക്ടോബറിലാണ് നെയ്മര്‍ക്ക് കാലിന് പരിക്കേറ്റത്. പിന്നാലെ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതോടെ ബ്രസീലിന്റെ മറ്റ് മത്സരങ്ങളും ക്ലബ് ഫുട്ബോളില്‍ സൗദിയില്‍ അല്‍ ഹിലാലിന്റെ മത്സരങ്ങളും സൂപ്പര്‍ താരത്തിന് നഷ്ടമായി. അടുത്ത വര്‍ഷത്തെ ക്ലബ് സീസണിന് മുന്നോടിയായി മാത്രമേ നെയ്മര്‍ക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂയെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി.
കോപ്പ അമേരിക്ക കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ബ്രസീലിന് അനിവാര്യമായ താരമാണ് നെയ്മര്‍ ജൂനിയര്‍. മുപ്പത്തിയൊന്നുകാരനായ നെയ്മര്‍ കരിയറില്‍ പരിക്കിന്റെ നീണ്ട ചരിത്രമുള്ള താരമാണ്. 129 മത്സരങ്ങളില്‍ 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും ഗോള്‍വേട്ടക്കാരനാണ് നെയ്മര്‍. അര്‍ജന്റീനയാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: