ശബരിമല: ശരണപാതയില്‍ മരക്കൂട്ടത്ത് നിന്നും ശരംകുത്തി വഴി വരുന്ന പാതയിലെ ക്യൂ കോംപ്ലക്സുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന നിലയില്‍.
ഏതാനും വര്‍ഷങ്ങളായി ക്യൂ കോംപ്ലക്സുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന നിലയിലായിരുന്നു. തിരക്ക് നിയന്ത്രണത്തിന്റെ പേരില്‍ ഭക്തരെ കയറ്റി നിര്‍ത്തുന്ന ക്യൂ കോംപ്ലക്സുകളുടെ മേല്‍ക്കൂരകളാണ് തര്‍ന്ന് കിടക്കുന്നത്. മേല്‍ക്കൂരയുടെ പല ഭാഗങ്ങളും ദ്രവിച്ച നശിക്കാറായ നിലയിലാണെന്നും തീര്‍ത്ഥാടകര്‍ പറഞ്ഞു. സര്‍ക്കാരും- ദേവസ്വം ബോര്‍ഡും കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ തിരുപ്പതി മോഡല്‍ വിശ്രമ സംവിധാനത്തിന്റെ മേല്‍ക്കൂരകളുടെ അവസ്ഥായാണിത്. പേരിന് ഷെഡുകള്‍ ഉണ്ടെങ്കിലും മഴയും വെയ്ലുമേറ്റ് കിടക്കേണ്ട ഗതികേടിലാണ് ഭക്തര്‍. വര്‍ഷങ്ങളായി യാതൊരു അറ്റകുറ്റപ്പണികളുമില്ലാതെ കിടക്കുന്നതാണ് ഈ ക്യൂ കോംപ്ലക്സുകള്‍. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തും ഇതേപടി മേല്‍ക്കൂരകള്‍ തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഭക്തരെ പോലീസ് നിര്‍ബന്ധപൂര്‍വം കയറ്റി ഇരുത്തിയിരുന്നില്ല.
എന്നാല്‍ തീര്‍ത്ഥാടക തിരക്ക് വര്‍ദ്ധിച്ചതോടെ തിരുപ്പതിമോഡല്‍ എന്ന പേരിട്ട് ഭക്തരെ ക്യൂ കോംപ്ലക്സുകളില്‍ തടയാന്‍ തുടങ്ങിയത്. ക്യൂ കോംപ്ലക്സുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിന്റെ ഇരട്ടിയിലധികം ഭക്തരെ നിറച്ച ശേഷം ഇരുമ്പ് ഗേറ്റുകള്‍ പൂട്ടുകയാണ്. ഇതിനുള്ളില്‍ അകപ്പെടുന്ന തീര്‍ത്ഥാടകര്‍ വെയ്ലും മഴയുമേറ്റ് മണിക്കൂറുകളാണ് കിടക്കുന്നത്. ക്യൂ കോംപ്ലക്സുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ പോലും ദേവസ്വം ബോര്‍ഡ് നടത്തിയിട്ടില്ല. ഭൂരി ഭാഗത്തിലേയും ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ കൊള്ളില്ലെന്നും തീര്‍ത്ഥാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: