തിരുവനന്തപുരം: സഹകരണമേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നതെന്നും അത് കേന്ദ്രബജറ്റില്‍ നിന്ന് മനസിലാക്കാനാകുമെന്നും ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. അനന്തപുരം സഹകരണ സംഘം സംഘടിപ്പിച്ച സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2047 ല്‍ ഭാരതം ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും അതിന് സഹകരണ സംഘങ്ങള്‍ പ്രധാന പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് എം.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സൂപ്പര്‍ മാര്‍ക്കറ്റ്, നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി ലാബ് തുടങ്ങി ബാങ്കിംഗ് ഇതര മേഖലയിലേക്ക് അനന്തപുരം സഹകരണ സംഘം കടക്കുകയാണെന്ന് എം.ജയകുമാര്‍ പറഞ്ഞു.
ലോഗോ പ്രകാശനം തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ നിര്‍വഹിച്ചു. സത്യസന്ധതയും സുതാര്യതയുമാണ് അനന്തപുരത്തിന്റെ വിജയ രഹസ്യമെന്ന് അദ്ദേഹം പറഞ്ഞു.
വെബ്സൈറ്റിന്റെ ഉദ്ഘാടനം മുന്‍ ഡിജിപി ഡോ.ടി.പി.സെന്‍കുമാര്‍ നിര്‍വഹിച്ചു. കേരളത്തിലെ സഹകരണ മേഖല ജനങ്ങളില്‍ അവിശ്വാസം നിറയ്ക്കുമ്പോള്‍ അനന്തപുരം അതില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ വിശ്വാസവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നു എന്ന് സെന്‍കുമാര്‍ പറഞ്ഞു.
നിക്ഷേപ സമാഹരണം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഇ. നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ കള്ളനാണയങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് അദ്ദേഹം സഹകാരികളോട് അഭ്യര്‍ത്ഥിച്ചു.
കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ചെയര്മാന് ബിജു രമേശ് 2024 ലെ അനന്തപുരം സഹകരണ സംഘത്തിന്റെ കലണ്ടര്‍ പ്രകാശനം ചെയ്തു. മറ്റു പല സഹകരണ സംഘങ്ങളും പൊളിയുമ്പോഴും അനന്തപുരം തകരാതെ നില്‍ക്കുന്നത് ആര് എസ് എസിന്റെ ആദര്‍ശവും ആശയവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണെന്ന് ബിജു രമേശ് പറഞ്ഞു.
ഭാരതത്തിന്റെ സംസ്കൃതി നിലനില്‍ക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളിലാണെന്ന് സഹകാര്‍ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് പാച്പോര്‍ പറഞ്ഞു. ഗ്രാമങ്ങളുടെ വികസനത്തിലും സ്ത്രീകളുടെ ഉന്നമനത്തിലും സഹകരണ സ്ഥാപനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് അനന്തപുരം സഹകരണ സംഘം കാഴ്ചവയ്ക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് ടി.വി.പ്രസാദ്ബാബു പറഞ്ഞു.
വായ്പയെടുക്കുന്നവര്‍ അത് കൃത്യമായി തിരിച്ചടയ്ക്കണമെന്നും അല്ലെങ്കില്‍ അത് സംഘത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജി കെ.ആര്.പറഞ്ഞു. വൈസ് പ്രസിഡന്റ് വി.എസ് അഭിലാഷ്, സെക്രട്ടറി ആര്.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: