ന്യൂഡല്‍ഹി: രാമക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കായി അയോധ്യയില്‍ പുതിയ വിമാനത്താവളവും റെയില്‍വെ സ്റ്റേഷനും ഒരുങ്ങുന്നു. മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.
വിമാനത്താവളം പൂര്‍ത്തിയാകുമ്പോള്‍ അയോധ്യ നഗരം ചരിത്ര നിമിഷത്തിന് ഒരുങ്ങുകയാണ്. അയോധ്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ സാക്ഷ്യമായി പരമ്പരാഗത നാഗരാ വാസ്തുവിദ്യയെ ആധുനിക അടിസ്ഥാന സൗകര്യങ്ങളുമായി സമന്വയിപ്പിക്കുന്നതാണ് പുതിയ വിമാനത്താവളം.
30ന് രാവിലെ 11ന് ന്യൂഡല്‍ഹിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അയോധ്യയിലേക്ക് ആദ്യ സര്‍വിസ് നടത്തും. പ്രതിദിന സര്‍വിസ് ജനുവരി 16 മുതലാണ്. 350 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിമാനത്താവളത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് ഡിസംബര്‍ 14ന് ലൈസന്‍സ് അനുവദിച്ചിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സും ആദ്യ സര്‍വിസ് 30ന് ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിദിന സര്‍വിസ് ജനുവരി ആറ് മുതലാണ്.
പ്രാരംഭ ഘട്ടത്തില്‍ അയോധ്യയില്‍ നിന്ന് ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എയര്‍ലൈനുകള്‍ സര്‍വീസ് നടത്തും. യാത്രക്കാരുടെ ആവശ്യമനുസരിച്ച് അധിക റൂട്ടുകള്‍ ഏര്‍പ്പെടുത്തും.
അയോധ്യ ധാം റെയില്‍വേ സ്‌റ്റേഷന്റെ നവീകരണ പ്രവൃത്തികള്‍ 30ന് പൂര്‍ത്തിയാകും. ഇതിന് പുറമെ രാംഘട്ട് ഹാള്‍ട്ട് റെയില്‍വേ സ്‌റ്റേഷനിലും തീര്‍ഥാടകര്‍ക്കായി സൗകര്യമൊരുക്കുന്നുണ്ട്. റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയവര്‍മ സിന്‍ഹ ബുധനാഴ്ച സ്‌റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. അയോധ്യ ക്ഷേത്രത്തില്‍ ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങില്‍ നൂറുകണക്കിന് തീര്‍ഥാടകരെത്തുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി സ്‌പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തും.
വിമാനത്താവളത്തിന്റെ വാസ്തുവിദ്യാ രൂപകല്‍പന നാഗരാ ക്ഷേത്ര വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്, ഈ ശൈലി നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തില്‍ പ്രധാനമായും കാണപ്പെടുന്നു. ചുവന്ന കല്ല് കൊണ്ട് നിര്‍മ്മിച്ച മുഴുവന്‍ ഘടനയും ഉത്തരേന്ത്യയിലെ പുരാതന ഹിന്ദു ക്ഷേത്രങ്ങളുടെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. പുരാതന ക്ഷേത്ര വാസ്തുവിദ്യയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികളുള്ള തൂണുകള്‍, സന്ദര്‍ശകരെ പ്രവേശന കവാടത്തില്‍ നിന്ന് ടെര്‍മിനലിന്റെ ഉള്ളിലേക്ക് നയിക്കുന്നു, പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് നിര്‍മ്മിതി.
വിമാനത്താവളം കേവലം ഒരു ഗതാഗത കേന്ദ്രമാത്രമാകുന്നില്ല, മറിച്ച് രാമായണത്തിന്റെ ഇതിഹാസ കഥയെ പ്രതിഫലിപ്പിക്കുന്ന ഒരു ക്യാന്‍വാസാണ്. രാമായണത്തെ പ്രമേയമാക്കിയുള്ള ചുമര്‍ചിത്രങ്ങളും കലാസൃഷ്ടികളും വിമാനത്താവളത്തിലുടനീളം സൂക്ഷ്മതയോടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ടെര്‍മിനല്‍ പ്രവേശന കവാടത്തിനടുത്തുള്ള ഒരു കേന്ദ്രബിന്ദുവായ ശ്രീരാമനെ അവതരിപ്പിക്കുന്ന ‘വില്ലും അമ്പും’ എന്ന ചുവര്‍ചിത്രം ശ്രദ്ധേയമാകും. വിമാനത്താവളത്തില്‍ കാലുകുത്തുമ്പോള്‍ തന്നെ അയോധ്യയുടെ സാംസ്‌കാരിക പൈതൃകത്തില്‍ മുഴുകുക എന്നതാണ് ഈ കലാപരമായ ഉദ്യമം ലക്ഷ്യം വയ്‌ക്കുന്നത്.
നാഗര വാസ്തുവിദ്യ, രാമായണം പ്രമേയമായ കലാസൃഷ്ടികൾ, ഏഴ് മെഗാ നിരകൾ പോലുള്ള നൂതന സവിശേഷതകൾ എന്നിവയുടെ സൂക്ഷ്മമായ സംയോജനം കാഴ്ചയിൽ അതിശയിപ്പിക്കുന്ന ഒരു വിമാനത്താവളം സൃഷ്ടിക്കുക മാത്രമല്ല, ആഗോള സന്ദർശകർക്ക് അയോധ്യയുടെ മഹത്വത്തിലും അതിന്റെ കാലാതീതമായ കഥകളിലും മുഴുകാനുള്ള ഒരു കവാടമായും വർത്തിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച്, അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം സാംസ്കാരിക നാഴികക്കല്ലായി മാറാനും ഇന്ത്യയുടെ വാസ്തുവിദ്യാ വൈഭവത്തിന്റെ സാക്ഷ്യപ്പെടുത്താനും ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: