ശബരിമല: മണ്ഡല പൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അപ്പം- അരവണ നിര്‍മാണത്തിലും പ്രസാദ വിതരണ കൗണ്ടറുകളിലും ആവശ്യത്തിന് ജീവനക്കാരില്ല. തീര്‍ത്ഥാടനം ആരംഭിക്കുമ്പോള്‍ ആവശ്യത്തിന് താത്ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാല്‍ മതിയ ശമ്പളം നല്കാന് അധികൃതര്‍ തയ്യാറായില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു. ഇതിന് പുറമേ കണക്കിന്റെ പേരിലുള്ള പീഢനവും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും പരാതിയുണ്ട്.
ഇതിന് പുറമെ വൃത്തിയായ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് മടങ്ങിയതോടെ അപ്പ പ്രസാദ നിര്‍മാണം രണ്ടു ദിവസത്തേന് നിര്ത്തിവെയ്ക്കാണ്ടേ സാഹചര്യം പോലും ഉണ്ടായി. അരവണ പ്ലാന്റിലും ജീവനക്കാരുടെ ക്ഷാമം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അരവണ പായ്ക്ക് ചെയ്യാന്‍ പോലും ജീവനക്കാരില്ലാത്ത അവസ്ഥയാണെന്നാണ് വിവരം.
പ്രസാദ വിതരണ കൗണ്ടറില്‍ നിന്നും പായ്ക്കറ്റ് അരവണ വിതരണം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 10 ടിന്നുകള്‍ ഒന്നിച്ച് ഒരു പായ്ക്കറ്റാക്കിയാണ് ഭക്തര്‍ക്ക് നല്‍കിയിരുന്നത്. പത്തെണ്ണം അടങ്ങുന്ന ഒരു പായ്ക്കറ്റിന് 1010 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ജീവനക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതോടെ നിലവിലുള്ള ജീവനക്കാരോട് ഓവര്‍ ടൈം ജോലി ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെടുകയാണെന്നും പരാതിയുണ്ട്. തുശ്ചമായ വരുമാനത്തില്‍ തങ്ങള്‍ക്ക് ഓവര്‍ ടൈം നില്ക്കാന് പറ്റില്ലന്നാണ് ജീവനക്കാര്‍ പറയുന്നത്.
ജീവനക്കാരുടെ ക്ഷാമത്തെ തുടര്‍ന്ന് കൂടുതല്‍ ആളുകളെ നിയമിക്കാനുള്ള നീക്കം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം; ഏതാനും ദിവസം മുമ്പ് പ്രസാദ വിതരണ കൗണ്ടറില്‍ മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്ന ദൃശ്യങ്ങള്‍ താത്ക്കാലിക ജീവനക്കാരില്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തി പുറത്ത് വിട്ടിരുന്നു. സംഭവം വാര്‍ത്തയാവുകയും പുറം ലോകം അറിയുകയും ചെയ്തതോടെ ഇയാളെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: