കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ അക്രമസമരത്തിന് ഒത്താശനല്‍കിയ സര്‍വകലാശാല അധികൃതര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം സര്‍വകലാശാല കാമ്പസില്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസ് നീക്കം ചെയ്തെങ്കിലും പിന്നീട് എസ്എഫ്ഐക്കാര്‍ രാത്രി തന്നെ ചില ബാനറുകള്‍ പുനസ്ഥാപിച്ചു. ഇതിന് സര്‍വ്വകലാശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ കോണിയാണ് എസ്എഫ്ഐക്കാര്‍ ഉപയോഗിച്ചത്.
17 ന് രാത്രി 7.21 നാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജ്യോതിഷ് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്ന് കോണിയെടുത്തത്. രാത്രി 10.48 നാണ് അത് തിരികെയെത്തിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാല എന്‍ജിനീയറുടെ സെക്ഷനില്‍ നിന്ന് ഫോണ്‍ നിര്‍ദ്ദേശപ്രകാരം ഇലക്ട്രിക്കല്‍ വിഭാഗമാണ് കോണി നല്‍കിയത്. പരീക്ഷാഭവന്റെയും ഹോസ്റ്റലിന്റെയും ഇടയിലുള്ള സ്ഥലങ്ങളിലാണ് ഇതുഉപയോഗിച്ച് രാത്രി എസ്എഫ്ഐക്കാര്‍ ബാനറുകള്‍ പുനസ്ഥാപിച്ചത്.
മുഖ്യകവാടത്തില്‍ നിന്ന് ഗവര്‍ണര്‍ താമസിച്ച ഗസ്റ്റ്ഹൗസ് വരെയുള്ള മേഖലയില്‍ എസ്എഫ്ഐക്കാര്‍ക്ക് ബാനറുകള്‍ പുനസ്ഥാപിക്കാനായില്ല. സര്‍വകലാശാല കാമ്പസിലെ മറ്റിടങ്ങളില്‍ ബാനറുകള്‍ വീണ്ടും കെട്ടിയത് സര്‍വകലാശാലയുടെ സൗകര്യങ്ങളും സഹായങ്ങളും കൊണ്ടാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കാമ്പസിനുള്ളില്‍ രാഷ്ട്രീയ ബാനറുകള്‍ കെട്ടാന്‍ പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ മറികടന്നാണ് എസ്എഫ്ഐ ബാനറുകള്‍ കെട്ടിയത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അത് നീക്കണമെന്നാവശ്യപ്പെട്ടതിന് ശേഷവും വീണ്ടും അത് കെട്ടാന്‍ സഹായിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
ശനിയാഴ്ച ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാര്‍ ഇഎംഎസ്ചെയര്‍ ഓഫീസ് പരിസരത്ത് തമ്പടിച്ചതും വിവാദമായിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിലേക്ക് പോകാന്‍ പുറപ്പെടുന്നതിന് മുമ്പ് ഇഎംഎസ് ചെയര്‍ കെട്ടിടത്തില്‍ എത്തി പരിശോധന നടത്തി. എസ്എഫ്ഐക്കാര്‍ സമരത്തിനെത്തിയത് ഇവിടെനിന്നാണെന്നും അവരുണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്നുമായിരുന്നു ഗവര്‍ണര്‍ പ്രതികരിച്ചത്. സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരായ ചിലര്‍ എസ്എഫ്ഐക്കാരോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തതിനെകുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: