ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിന്റെ ഭാഷയും സംസ്കാരവും മനുഷ്യാവകാശങ്ങളും പൂര്‍ണമായും ഇല്ലാതാക്കപ്പെടുകയാണെന്ന് പാകിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ മുത്തഹിദ ക്വാമി മൂവ്മെന്റ്(എംക്യുഎം) അംഗവുമായ ആരിഫ് ആജികിയ പറഞ്ഞു. ജമ്മു കശ്മീര്‍ സ്വര്‍ഗസമാനമായ പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ പാക് അധിനിവേശ കശ്മീര്‍ അവഗണനയുടെയും വിവേചനത്തിന്റെയും പിടിയിലാണ്.
ഞങ്ങളും കശ്മീരികളാണ്. ഭാരതത്തില്‍ കശ്മീര്‍ പുരോഗമിക്കുന്നു. എന്നാല്‍ ഞങ്ങള്‍ പാകിസ്ഥാനില്‍ നരകിക്കുന്നു. ഒരേ നാട്ടുകാരായിട്ടും എന്തുകൊണ്ടിങ്ങനെ എന്ന ചിന്ത ജനങ്ങളില്‍ ശക്തമാണ്. എന്തുകൊണ്ടാണ് ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ സമൃദ്ധമാകാത്തത് എന്ന് അവര്‍ ചോദിക്കുന്നു, ആരിഫ് ആജികിയ എന്‍ഐഎയ്ക്ക് നല്കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വൈദ്യുതി നല്കി. എന്നാല്‍ അത് ഉത്പാദിപ്പിക്കുന്ന പിഒകെ കാലങ്ങളായി ഇരുട്ടിലാണ്. പന്ത്രണ്ടും പതിനാറും വരെ മണിക്കൂറാണ് ലോഡ്ഷെഡിങ്. പാകിസ്ഥാനിലെമ്പാടും വെള്ളമെത്തിക്കുന്നത് പിഒകെയില്‍ നിന്നാണ്. എന്നാല്‍ ഇവിടെ സ്ത്രീകള്‍ വെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. ഭാരതത്തില്‍ കശ്മീരി സമൂഹം സ്വന്തം തനിമയില്‍ ജീവിക്കുമ്പോള്‍ പിഒകെയില്‍ പഞ്ചാബി അധിനിവേശമാണ്. ഭാഷയും വസ്ത്രവും വരെ മാറിയിരിക്കുന്നു. മുസാഫറാബാദില്‍ 90 ശതമാനം പേരും പഞ്ചാബിയാണ് സംസാരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലകളും കോളജുകളുമൊന്നുമില്ല. റോഡുകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. തൊഴിലവസരങ്ങളില്ല. ആര്‍ട്ടിക്കിള്‍ 370 ഭാരതത്തിന്റെ ആഭ്യന്തര കാര്യമാണ്. അതില്‍ ഞങ്ങള്‍ അഭിപ്രായം പറയേണ്ടതില്ല. എന്നാല്‍ പിഒകെയിലും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലും പരിഹരിക്കാത്ത പ്രശ്നങ്ങളുണ്ട്.. 1947ല്‍ കശ്മീരില്‍ ആക്രമണം നടത്തിയത് പാകിസ്ഥാന് ഭീകരരാണ്. അന്ന് അവര്‍ കശ്മീരി സ്ത്രീകളെ ക്രൂരമായി ആക്രമിച്ചു. അവരെ പാക് ഭീകരര്‍ റാവല്‍പിണ്ടിയിലെയും പെഷവാറിലെയും ചന്തകളില്‍ വിറ്റു. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ക്ക് കാരണം പാകിസ്ഥാനും ചൈനയും നടത്തിയ അധിനിവേശങ്ങളാണ്. ചൈന കടന്നുകയറിയ അക്സായി ചിന് ഭാരതത്തിന്റെ ഭാഗമാണെന്നതില്‍ എനിക്ക് സംശയമില്ല, ആജികിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: