വാഷിങ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് അയോഗ്യനാണെന്ന് കോളറാഡോ സുപ്രീംകോടതി വിധിച്ചു. 2021 ൽ യുഎസ് കാപ്പിറ്റോളിന് നേര്‍ക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിലെ പങ്കിനെ തുടര്‍ന്നാണ് നടപടി.
കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിനു മാത്രമാണ് അയോഗ്യത. കലാപത്തിലും അക്രമങ്ങളിലും മറ്റും ഉൾപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽനിന്നു വിലക്കുന്ന 14-ാം ഭേദഗതിയുടെ മൂന്നാം വകുപ്പു പ്രകാരമാണ് വിധി. യുഎസിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്‍റ് സ്ഥാനാർഥിയാണ് ട്രംപ്. 2020ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡൻ അധികാരത്തിലേറുന്നത് ചെറുക്കാൻ ക്യാപിറ്റോളിൽ വലിയ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നിൽ ട്രംപാണെന്ന് ആരോപിച്ച് കോളറാഡോയിലെ ചില വോട്ടർമാരാണ് ട്രംപിനെതിരെ കേസ് നൽകിയത്.
കോളറാഡോയിലെ ഒരുകൂട്ടം വോട്ടര്‍മാരും സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സും ചേര്‍ന്നാണ് ട്രംപിനെതിരേ കോടതിയെ സമീപിച്ചത്. ക്യാപിറ്റോളിൽ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ഡോണൾഡ് ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ 14-ാം അമൻഡ്‌മെന്റിലെ 3-ാം വകുപ്പ് പ്രകാരം ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചു.
പ്രക്ഷോഭത്തിലോ കലാപത്തിലോ പങ്കെടുക്കുന്നവര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള യുഎസ് ഭരണഘടനയിലെ വ്യവസ്ഥ വളരെ അപൂര്‍വമായി മാത്രമാണ് പ്രയോഗിക്കാറ്. മേല്‍ക്കോടതികളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ട്രംപിനെ അനുവദിക്കുന്നതിന്റെ ഭാഗമായി വിധി നടപ്പാക്കുന്നത് 2024 ജനുവരി നാലുവരെ കോടതി മരവിപ്പിച്ചിട്ടുമുണ്ട്.
2020ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ജനുവരി 6ന് ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറി അക്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: