തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി ദേശാഭിമാനിയില്‍ ഒന്നാം പേജില്‍ വാര്‍ത്ത. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എന്ന മട്ടിലാണ് വാര്‍ത്ത. ഗവര്‍ണറായി തുടരാന്‍ നീക്കവുമായി ആരിഫ് മുഹമ്മദ് ഖാന് എന്ന തലക്കെട്ടിലായിരുന്നു ഒന്നാം പേജ് വാര്‍ത്ത.
ഗവര്‍ണര്‍ പദവിയില്‍ സെപ്തംബറില്‍ കാലാവധി കഴിയുന്ന ആരിഫ് മുഹമ്മദ് ഖാന് പുനര്‍ നിയമനം കിട്ടാന്‍ കേരള ബി ജെ പി നേതാക്കളുടെ പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കുന്നു എന്നാണ് ദേശാഭിമാനി വാര്‍ത്ത. ഏപ്രില്‍ മേയില്‍ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സെപ്തംബറിലെ ഗവര്‍ണര്‍ നിയമനവും മോദി തീരുമാനിക്കുമെന്ന ഉറപ്പിലുള്ള വാര്‍ത്ത മണ്ടത്തരമെന്ന വിലയിരുത്തലിലാണ് സിപിഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാവിലെ തന്നെ ചീഫ് എഡിറ്റര്‍ ദിനേശന് പുത്തലത്തിനെ വിളിച്ചുണര്‍ത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് വാര്‍ത്ത ഒന്നാം പേജില്‍ കൊടുക്കാനുള്ള തീരുമാനമെടുത്ത ചീഫ് ന്യൂസ് എഡിറ്റര്‍ക്കും ലേഖകനും വിശദീകരണം ചോദിച്ച് മെമ്മോ നല്കി.
പിണറായി വിജയനെ മുണ്ടുടുത്ത മോദിയെന്ന് നിരന്തരം അധിക്ഷേപിക്കുന്ന ടെലിഗ്രാഫ് പത്രം എഡിറ്റര്‍ അറ്റ് ലാര്‍ജ് രാജഗോപാലിന്റെ അഭിമുഖം അടുത്തിടെ ദേശാഭിമാനി എഡിറ്റ് പേജില്‍ പ്രാധാന്യത്തോടെ കൊടുത്തതും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ചൊടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: