കേരളത്തിലെ ജനത മുഖ്യമന്ത്രി പിണറായി വിജയനൊപ്പമല്ലെന്നും, സര്‍ക്കാരും സിപിഎമ്മും എതിര്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാനൊപ്പമാണെന്നും ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. ഇതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവായിരുന്നു കോഴിക്കോട് മഹാനഗരത്തിലെ മിഠായിത്തെരുവില്‍ കണ്ടത്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണറെ അവിടങ്ങളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പിന്തുണയോടെ, സിപിഎം പോറ്റിവളര്‍ത്തുന്ന എസ്എഫ്ഐക്കാര്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ഗവര്‍ണറുടെ വാഹനം തടഞ്ഞ് ആക്രമിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഇത്. എന്നാല്‍ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ ഈ ഫാസിസ്റ്റ് വിലക്കിനെ ഗവര്‍ണര്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, കാലുകുത്താന്‍ അനുവദിക്കില്ലെന്നു എസ്എഫ്ഐക്കാര്‍ ഭീഷണിപ്പെടുത്തിയ കോഴിക്കോട് സര്‍വകലാശാല ഗസ്റ്റ്ഹൗസില്‍ ഏതാനുംദിവസം താമസിക്കുകയും ചെയ്തു. ചാന്‍സലര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ട് അഴിച്ചുമാറ്റിക്കുകയും ചെയ്തു. പ്രതിഷേധത്തെ തരിമ്പും വകവയ്ക്കാതെ സര്‍വകലാശാലയിലെ സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തു. ഇതൊക്കെ കോഴിക്കോട് സര്‍വകലാശാല കാമ്പസിലാണ് നടന്നതെങ്കിലും ഇടതുഭീകരത കയ്യേറിയിരിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ അക്കാദമിക് സ്ഥാപനങ്ങളും മോചിപ്പിക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. നാളിതുവരെ സിപിഎമ്മിന്റെ എതിരാളികള്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്നതാണ് ധീരനായ ഒരു ഗവര്‍ണര്‍ സാധിച്ചിരിക്കുന്നത്.
ഏറ്റവും ഉജ്വലമായ ചില രംഗങ്ങള്‍ സംഭവിക്കാനിരിക്കുകയായിരുന്നു. പോലീസിന്റെ അകമ്പടി തനിക്ക് വേണ്ടെന്ന് പ്രഖ്യാപിച്ച് മലയാളത്തിന്റെ സാഹിത്യ പൈതൃകം സ്പന്ദിക്കുന്ന മിഠായിത്തെരുവിലെത്തിയ ഗവര്‍ണറെ അക്ഷരാര്‍ത്ഥത്തില്‍ ആബാലവൃദ്ധം ജനങ്ങളും അടങ്ങാത്ത ആവേശത്തോടെയും ഒടുങ്ങാത്ത സന്തോഷത്തോടെയുമാണ് വരവേറ്റത്. മധുരത്തെരുവില്‍ വലിയ ജനക്കൂട്ടത്തിനു നടുവില്‍ അവരിലൊരാളായി മാറുകയായിരുന്നു ഗവര്‍ണര്‍. വന്‍തിരക്കിനിടയിലും തങ്ങളുടെ കടയിലേക്ക് ഗവര്‍ണറെ കൂട്ടിക്കൊണ്ടുപോയി സ്വീകരിക്കാനും മധുരം നല്‍കാനും കച്ചവടക്കാര്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. കൊച്ചുകുട്ടികളെ വാരിയെടുത്തും മുതിര്‍ന്നവരോട് സംസാരിച്ചും മിന്നല്‍ സന്ദര്‍ശനം ആഘോഷമാക്കി മാറ്റുകയാണ് ഗവര്‍ണര്‍ ചെയ്തത്. പൊടുന്നനെ ഉണ്ടായ ഈ ജനപ്രളയം മാധ്യമങ്ങളെയും അമ്പരപ്പിച്ചു. എല്ലാവര്ക്കും എന്തെങ്കിലുമൊക്കെ പറയാനുണ്ടായിരുന്ന ഗവര്‍ണര്‍ അവരുടെയെല്ലാം ഹൃദയം കവര്‍ന്നു എന്നുപറയുന്നതാവും ശരി. ഉന്നതമായ ഭരണഘടനാ പദവിയിലിരിക്കുന്നയാളാണ് ഗവര്‍ണര്‍. ആര്‍ക്കെങ്കിലും ഒരു കൂടിക്കാഴ്ച നടത്താന്‍ പോലും പരിമിതികളുണ്ട്. അങ്ങനെയൊരാളാണ് പ്രോട്ടോകോളൊന്നുമില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. മറ്റൊരു ഗവര്‍ണറും ഇങ്ങനെ പെരുമാറിയതായി അറിവില്ല. ഭരണസംവിധാനത്തിന്റെ പിന്തുണയോടെ നടക്കുന്ന പ്രതിഷേധത്തിന്റെയും ഭീഷണിയുടെയും നടുവില്‍ ഇത്രയേറെ ധൈര്യം കാണിക്കാന്‍ തയ്യാറായ ഗവര്‍ണര്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷയും പ്രചോദനവുമാണ്.
ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിക്കുകയാണെന്ന് പറഞ്ഞുനടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ക്ലാവുപിടിച്ച കാപട്യമാണിത്. ഗവര്‍ണറുടെ സുരക്ഷയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തരംതാണ ഈ പ്രചാരവേലയുടെ പൊള്ളത്തരം ആര്‍ക്കും തിരിച്ചറിയാനാവും. തിരുവനന്തപുരത്ത് ഗവര്‍ണറുടെ ഔദ്യോഗിക വാഹനം ആക്രമിച്ചവരെ ന്യായീകരിച്ച ഭരണാധികാരിയാണ് ഇങ്ങനെ പറയുന്നതെന്ന് മറക്കരുത്. ഗവര്‍ണറെയും മുഖ്യമന്ത്രിയെയും തുലനപ്പെടുത്തി നിഷ്പക്ഷത ചമയുന്ന ചില മാധ്യമങ്ങള്‍ ഭരണപിന്തുണയോടെ നാടമാടുന്ന ഇടതുഭീകരതയ്ക്ക് കുടപിടിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മിഠായിത്തെരുവില്‍ ഗവര്‍ണര്‍ക്ക് ലഭിച്ച ജനപിന്തുണ കണ്ട് മുഖ്യമന്ത്രിയും കൂട്ടരും ഞെട്ടിയിരിക്കുകയാണ്. അധികാരവും പണവും പാര്‍ട്ടിയുടെ സംഘടനാശേഷിയും ഉപയോഗിച്ച് നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമാണ് നവകേരള സദസ്സിന് ആളെക്കൂട്ടുന്നത്. ഉദ്യോഗസ്ഥരും പാര്ട്ടിക്കാരുമല്ലാതെ ആരും തിരിഞ്ഞുനോക്കുന്നില്ല. ചിലയിടങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ലാക്കസേരകള്‍ മാത്രമാണുള്ളത്. നാടിനെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഒരു ദുര്‍ഭരണത്തിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രിക്കല്ല, സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുകയും തുറന്നുകാണിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ക്കൊപ്പമാണ് ജനങ്ങളെന്ന് മിഠായിത്തെരുവ് കാണിച്ചുതന്നിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥ നവകേരളം. മിഠായിത്തെരുവിലെ മാത്രമല്ല, മറ്റിടങ്ങളിലെയും ജനവികാരമാണിത്. എന്തൊക്കെ കുതന്ത്രങ്ങള്‍ പയറ്റിയാലും ഈ ജനവികാരം ഇനിയും തിരമാലകളായി ഉയര്‍ന്നുപൊങ്ങും. ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണം അതില്‍ ഒലിച്ചുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: