സെന്റ് ജോര്‍ജ് ഓവല്‍: ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയ ലക്ഷ്യം 42.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ മറികടന്നത്. ടോണി ഡി സോര്‍സി നേടിയ സെഞ്ച്വറിയും ഹെന്‍ഡ്രിക്സിന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് തകര്‍പ്പന്‍ വിജയം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.
റീസ ഹെന്‍ഡ്രിക്സ് (52) ആണ് പുറത്തായ ആദ്യ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍. ഒന്നാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്ക 130 റണ്‍സാണ് കൂട്ടിചേര്‍ത്തത്. തുടര്‍ന്ന് ടോണി ഡി സോര്‍സിയും റാസി വാന്‍ ഡെര്‍ ഡൂസനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിനരികില്‍ എത്തിച്ചു.
വിജയം ആറ് റണ്‍സ് അകലെ നില്‍ക്കവെ 36 റണ്‍സ് നേടിയ റാസി പുറത്തായി.രണ്ടാം വിക്കറ്റില്‍ 76 റണ്‍സായിരുന്നു സോര്‍സി റാസി കൂട്ടുകെട്ട് നേടിയത്. സോര്‍സി പുറത്താകാതെ 119 റണ്‍സ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.2 ഓവറില്‍ 211 റണ്‍സിന് എല്ലാവരും പുറത്തായി. സായി സുദര്ശന് 62 റണ്‍സും കെഎല്‍ രാഹുല്‍ 56 റണ്‍സും നേടി. സഞ്ജു സാംസണ് 12 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: