കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചെയ്തത് ശരിയാണെന്ന് ജനകീയ കോടതിയും നീതിന്യായ കോടതിയും അംഗീകരിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഗവര്‍ണറെ പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഗവര്‍ണര്‍ തുടരണമെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാഷ്ട്രപതി ഭരണത്തിനുള്ള വകുപ്പ് ഭരണഘടനയിലുണ്ടെങ്കിലും കേരളത്തില്‍ അത് കൊണ്ടുവരാന്‍ ഉദ്ദേശമില്ല. ജനാധിപത്യപരമായ രീതിയില്‍ സിപിഎമ്മിനെ തോല്‍പ്പിക്കും. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അറുതി വരുത്തിയതും ബംഗാളില്‍ ബിജെപി പ്രധാന പ്രതിപക്ഷമായതും 356-ാം വകുപ്പ് ഉപയോഗപ്പെടുത്തിയിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണം. അത് പരാജയപ്പെട്ട സമരമാണ്. ഗവര്‍ണര്‍ക്ക് സംരക്ഷണം നല്കാന് സര്‍ക്കാരിന് സാധിക്കില്ലെന്നതിന്റെ തെളിവാണ് വ്യക്തമാകുന്നത്. ഭരണഘടന പറയുന്ന സംരക്ഷണം ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കാന്‍ ജനങ്ങള്‍ തയാറാണ്. യഥാര്‍ത്ഥ ജനപിന്തുണയാണ് അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കോഴിക്കോട്ട് മിഠായിതെരുവില്‍ ലഭിച്ചത്, കൃഷ്ണദാസ് പറഞ്ഞു. സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നിയമിച്ചവര്‍ക്ക് യോഗ്യത ഇല്ലെങ്കില്‍ സര്‍ക്കാരിനും എസ്എഫ്ഐക്കും കോടതിയെ സമീപിക്കാമെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്, വൈസ് പ്രസിഡന്റ് അഡ്വ.കെ.വി. സുധീര്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യാ ഹരിദാസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: