ഹൈദരാബാദ്: തബ്ലീഗി ജമാ അത്തിന്റെ മതസമ്മേളനത്തിന് രണ്ടര കോടി രൂപ അനുവദിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 2024 ജനുവരി 6 മുതല്‍ 8 വരെ വികാരാബാദ് ജില്ലയിലെ പര്‍ഗി നെമത്നഗര് ഗ്രാമത്തില്‍ നടക്കുന്ന ഇസ്ലാമിക സമ്മേളനത്തിനായി 2,45,93,847 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് ലക്ഷം പേരെ പങ്കെടുപ്പിച്ചാണ് സമ്മേളനമെന്നാണ് സംഘാടകരുടെ അവകാശവാദം.
ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി സയ്യിദ് ഉമര്‍ ജലീല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് വിവിധ വകുപ്പുകളില്‍ നിന്ന് ഫണ്ട് അനുവദിച്ചത്. തുക നല്കാന് വികാരാബാദ് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സമ്മേളന വേദിയിലെ നിര്‍ദിഷ്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വഖഫ് ബോര്‍ഡ് സിഇഒയെ നോഡല്‍ ഓഫീസറായും സര്‍ക്കാര്‍ നിയോഗിച്ചു.
സമ്മേളനവേദിയില്‍ ജലവിതരണത്തിനും മറ്റുമായി മിഷന് ഭഗീരഥയ്ക്ക് 85 ലക്ഷം രൂപ അനുവദിച്ചു. 68 ലക്ഷം രൂപയാണ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് നീക്കിവച്ചിരിക്കുന്നത്. 40 ലക്ഷം രൂപയാണ് റോഡ്, പാര്‍ക്കിങ് ഏരിയ നിര്‍മാണത്തിന്. 48,35,847 രൂപ ചെലവാക്കി വൈദ്യുതി വിതരണത്തിനും പ്രസരണത്തിനുമായി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കും. 4.58 ലക്ഷം രൂപ ചെലവഴിച്ചാണ് മറ്റ് അറ്റകുറ്റപ്പണികള്‍.
ദല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ അംഗങ്ങള്‍ മൂന്ന് ദിവസത്തെ ഇസ്ലാമിക സഭയില്‍ ഉണ്ടാകും. 2020 മാര്‍ച്ചില്‍, ദല്‍ഹിയില്‍ ചേര്‍ന്ന തബ്ലീഗി ജമാഅത്ത് സമ്മേളനം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ വിവാദമായിരുന്നു. പല ഇസ്ലാമിക രാജ്യങ്ങളും തബ്ലീഗി ജമാഅത്ത് സഭയെയും പ്രവര്‍ത്തനങ്ങളെയും നിരോധിച്ചിട്ടുണ്ട്. 2021 ഡിസംബറില്‍ സൗദി അറേബ്യ തീവ്രവാദത്തിന്റെ കവാടം എന്ന വിശേഷണത്തോടെയാണ് ഇതിന് നിരോധനം ഏര്‍പ്പെടുത്തിയത്. കസാക്കിസ്ഥാന്‍, ഇറാന്, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിവിടങ്ങളിലും ഇവര്‍ നിരോധനം നേരിടുന്നുണ്ട്.
തബ്ലീഗി ജമാഅത്തിന് നിരോധിത പാക് ഭീകര സംഘടനകളായ ഹര്‍കത്ത്-ഉല്-മുജാഹിദീനുമായി ദീര്‍ഘകാലമായി ബന്ധമുണ്ട്. ഇന്റലിജന്‍സ് കണക്കുകള്‍ പ്രകാരം 6,000 തബ്ലീഗികള്‍ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ പരിശീലനം നേടിയിരുന്നു. ഗ്വാണ്ടനാമോ ബേയില്‍ അമേരിക്ക തടവിലാക്കിയ അല്‍ ഖ്വയ്ദ ഭീകരരില്‍ ചിലര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂദല്‍ഹിയിലെ തബ്ലീഗി ജമാഅത്തില്‍ താമസിച്ചവരാണെന്ന് വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: