ന്യൂദല്‍ഹി: ശബരിമലയില്‍ എത്തിയ ഭക്തര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാ യിക്കഴിഞ്ഞു. അതിന് ഒടുവിലത്തെ ഉദാഹരണമാണ് തെലുങ്കാനയില്‍ നിന്നുള്ള കേന്ദ്രമന്ത്രി കിഷന് റെഡ്ഡി മുഖ്യമന്ത്രിയ്ക്ക് അയച്ച കത്ത്. ഒരു കടുത്ത അയ്യപ്പഭക്തന്കൂടിയാണ് കിഷന് റെഡ്ഡി.
അയ്യപ്പഭക്തരുടെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് അവസാനമുണ്ടാക്കാന്‍ ആവശ്യമായ പൊലീസുകാരെയും സ്റ്റാഫുകളെയും നിയമിക്കണമെന്ന് കിഷന് റെഡ്ഡി ആവശ്യപ്പെട്ടു. ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, സാനിറ്റേഷന്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ എത്തുന്ന ഭക്തരുടെ അസൗകര്യങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“ശബരിമലയിലെ തീര്‍ത്ഥാടനക്കാലത്ത് അയ്യപ്പ ഭക്തര്‍ അനുഭവിക്കുന്ന അസൗകര്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. ശബരിമലയിലേക്കുള്ള യാത്രയില്‍ മെഡിക്കല്‍ സഹായം നല്‍കാനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സുരക്ഷിതമായി പോയിവരാനുള്ള സൗകര്യങ്ങളും ആവശ്യമായ സഹായികളെ അവിടെ നിയമിക്കാനും കത്തില്‍ ആവശ്യപ്പെടിട്ടുണ്ട്”. – കിഷന് റെഡ്ഡി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറഞ്ഞു.
“ശബരിമല ക്ഷേത്രവും അതിനോടനുബന്ധിച്ച് അയ്യപ്പഭഗവാന്റെ ഭക്തര്‍ നടത്തുന്ന 40 ദിവസത്തെ ആത്മീയ യാത്രയും ഹിന്ദു വിശ്വാസത്തിന്റെ ഉള്ളിലുള്ള ഏറ്റവും പവിത്രമായ വിശ്വാസസംഹിതയില്‍ ഒന്നായി കണക്കാക്കുന്നു”. – കിഷന് റെഡ്ഡി കത്തില്‍ പറയുന്നു.
“ഓരോ വര്‍ഷവും ഒരു കോടിയോളം ഭക്തര്‍ ശബരിമലയില്‍ എത്തുന്നു എന്നതിനെക്കുറിച്ച് താങ്കള്‍ക്കറിയാമല്ലോ. നവമ്പര്‍ മുതല്‍ ജനവരി വരെ നീളുന്ന മണ്ഡലക്കാലത്താണ് കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്നത്. എന്റെ നാടായ തെലുങ്കാനയിലെ ഭക്തരും ആന്ധ്രയിലെ ഭക്തരും മാത്രം 15 ലക്ഷത്തോളം വരും.സന്നിധാനത്തില്‍ മണിക്കൂറുകളോളം കാത്തുനില്ക്കേണ്ടിവരുന്നതിനാല് അയ്യപ്പഭക്തര്‍ വലിയ അസൗകര്യങ്ങള്‍ നേരിടുന്നതായി വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍ വരുന്നതോടൊപ്പം ചിലര്‍ അനുഭവങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. ദര്‍ശനത്തിന് കാത്ത് നില്‍ക്കെ ഒരു കുഞ് മരിച്ച സംഭവം വലിയ വേദനയുണ്ടാക്കുന്നു. അയ്യപ്പന്റെ ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കണം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് പിന്തുണയും നല്കാന് തയ്യാറാണ്. “- അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: